മോദി തമിഴ് സംസ്‌ക്കാരത്തോട് ബഹുമാനമില്ലാത്ത ആള്‍; രാഹുല്‍ ഗാന്ധി

ചെന്നൈ: പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് തമിഴ് സംസ്‌കാരത്തോട് ബഹുമാനമില്ലെന്ന് കോണ്‍ഗ്രസ് എം.പി. രാഹുല്‍ ഗാന്ധി. തമിഴ്നാട്ടില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിച്ച് സംസാരിക്കുകയായിരുന്നു രാഹുല്‍.

‘നിരവധി സംസ്‌കാരങ്ങളും ഭാഷകളുമുണ്ടെന്നാണ് നാം വിശ്വസിക്കുന്നത്. തമിഴ്, ഹിന്ദി, ബംഗാളി ഭാഷകളുള്‍പ്പടെ എല്ലാ ഭാഷകള്‍ക്കും ഇടമുണ്ടെന്നും നാം വിശ്വസിക്കുന്നു. എന്നാല്‍ നരേന്ദ്രമോദിക്ക് തമിഴ്നാട്ടിലെ ജനതയോടും സംസ്‌കാരത്തോടും ഭാഷയോടും ബഹുമാനമില്ല. തമിഴ് ജനതയും ഭാഷയും സംസ്‌കാരവും മോദിയുടെ ആശയങ്ങള്‍ക്കും സംസ്‌കാരത്തിനും പാദസേവ ചെയ്യണമെന്നാണ് അദ്ദേഹം കരുതുന്നത്’, രാഹുല്‍ ഗാന്ധി പറഞ്ഞു.

കേന്ദ്രസര്‍ക്കാര്‍ പാസ്സാക്കിയ കര്‍ഷക നിയമങ്ങളെയും രാഹുല്‍ ഗാന്ധി വിമര്‍ശിച്ചു. കുത്തക മുതലാളിമാരുടെ താല്പര്യ സംരക്ഷണത്തിനായി കര്‍ഷകരുടെ കഷ്ടതയെ പ്രധാനമന്ത്രി അവഗണിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. തമിഴ്നാട്ടിലെ ജനതയുമായി തനിക്ക് കുടുംബബന്ധമാണ്, അല്ലാതെ രാഷ്ട്രബന്ധമല്ല ഉളളതെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. എന്തെങ്കിലും സ്വാര്‍ഥ താല്പര്യത്തോടുകൂടിയല്ല താന്‍ തമിഴ് നാട്ടിലെത്തിയിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

Top