എൻഡിഎക്ക് ഭൂരിപക്ഷം ഇല്ലെന്ന് റിപ്പോർട്ടേർസ് സർവേ; കേരളത്തില്‍ യുഡിഎഫ് 14, ബിജെപിക്ക് 2

ന്യൂഡല്‍ഹി: റിപ്പോര്‍ട്ടേര്‍സ് തെരഞ്ഞെടുപ്പ് സര്‍വേ ഫലം പുറത്ത്. രാജ്യത്തെ 101 മാധ്യമപ്രവര്‍ത്തകരാണ് സര്‍വേയില്‍ പങ്കെടുത്തത്. എന്‍ഡിഎക്ക് ഭൂരിപക്ഷം ലഭിക്കില്ലെന്നാണ് സര്‍വേ പറയുന്നത്. എന്നാല്‍ എന്‍ഡിഎ തന്നെ അധികാരത്തില്‍ വരാനുള്ള സാധ്യത തന്നെയാണ് നിലനില്‍ക്കുന്നതെന്നും സര്‍വേ അവകാശപ്പെടുന്നു.

രാജ്യത്ത് 542 സീറ്റിലേക്ക് നടന്ന വോട്ടെടുപ്പില്‍ 253 സീറ്റുകള്‍ ബിജെപിയും സഖ്യകക്ഷികളും കൂടെ നേടും. കോണ്‍ഗ്രസിനും സഖ്യകക്ഷികള്‍ക്കും കൂടി 152 സീറ്റ് മാത്രമേ ലഭിക്കൂ. മറ്റ് പാര്‍ട്ടികള്‍ക്ക് 134 സീറ്റ് ലഭിക്കുമെന്നും സര്‍വേ പറയുന്നു.

കേരളത്തില്‍ യുഡിഎഫിനാണ് കൂടുതല്‍ വിജയ സാധ്യത. 14 സീറ്റ് നേടിയേക്കും. ഇടതുപക്ഷത്തിന് നാല് സീറ്റും ബിജെപിക്ക് രണ്ട് സീറ്റും ലഭിക്കുമെന്നും 101 റിപ്പോര്‍ട്ടേര്‍സ് സര്‍വേ പറയുന്നു.

ഉത്തര്‍പ്രദേശില്‍ ബിജെപിക്ക് 46 സീറ്റ്, കോണ്‍ഗ്രസിന് ആറ്, മറ്റ് പാര്‍ട്ടികള്‍ക്ക് 28 എന്നിങ്ങനെയാണ് കണക്ക്. രാജസ്ഥാനില്‍ കോണ്‍ഗ്രസിന് ആറും ബിജെപിക്ക് 18ഉം സീറ്റ് കിട്ടും. മധ്യപ്രദേശില്‍ ബിജെപിയും കോണ്‍ഗ്രസും ഇഞ്ചോടിഞ്ച് പോരാട്ടമാണ്. ബിജെപിക്ക് 15 ഉം കോണ്‍ഗ്രസിന് 14ഉം സീറ്റ് കിട്ടും.

കര്‍ണ്ണാടകത്തില്‍ ബിജെപിക്ക് 18 സീറ്റ് കിട്ടുമ്പോള്‍ കോണ്‍ഗ്രസിന് ഒന്‍പത് സീറ്റ് മാത്രമേ ലഭിക്കൂ. പശ്ചിമ ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസിന് 26 സീറ്റും ബിജെപിക്ക് 11 സീറ്റും കോണ്‍ഗ്രസിനും സിപിഎമ്മിനും നാല് സീറ്റുകള്‍ വരെയും ലഭിച്ചേക്കാമെന്നാണ് സര്‍വേ പറയുന്നത്.

ഹരിയാനയില്‍ ബിജെപി ഏഴ് സീറ്റിലും കോണ്‍ഗ്രസ് മൂന്ന് സീറ്റിലും വിജയിക്കാന്‍ സാധ്യതയുണ്ട്. പഞ്ചാബില്‍ ബിജെപിക്ക് ഒരു സീറ്റില്‍ മാത്രമാണ് ജയസാധ്യത പറയുന്നത്. കോണ്‍ഗ്രസ് ഇവിടെ എട്ട് സീറ്റുകളില്‍ വിജയപ്രതീക്ഷ വച്ച് പുലര്‍ത്തുന്നുണ്ട്.

Top