മോദി ധീര രക്തസാക്ഷിത്വത്തെ അപമാനിച്ചു; ഫ്രോഡുകള്‍ക്ക് രാജ്യം മാപ്പുനല്‍കാറില്ലെന്നും പ്രിയങ്ക

ന്യൂഡല്‍ഹി: മോദിയുടെ രാജീവ് ഗാന്ധി പരാമര്‍ശത്തില്‍ മറുപടിയുമായി പ്രിയങ്ക ഗാന്ധി. ഫ്രോഡുകള്‍ക്ക് രാജ്യം മാപ്പു നല്‍കാറില്ലെന്നും, വീരമൃത്യു വരിച്ച ധീര സൈനികരുടെ പേരില്‍ വോട്ട് ചോദിച്ച് ആ രക്തസാക്ഷിത്വങ്ങളെ അപമാനിച്ച പ്രധാനമന്ത്രി ഒരു ധീരന്റെ രക്തസാക്ഷിത്വത്തെ കൂടി അപമാനിച്ചിരിക്കുന്നുവെന്നും എഐസിസി ജനറല്‍ സെക്രട്ടറിയും രാജീവ് ഗാന്ധിയുടെ മകളുമായ പ്രിയങ്ക ഗാന്ധി ട്വീറ്റ് ചെയ്തു.

രാജീവ് ഗാന്ധി ജീവന്‍ നല്‍കിയ അമേഠിയിലെ ജനങ്ങള്‍ മോദിക്കു മറുപടി നല്‍കുമെന്നും പ്രിയങ്ക കൂട്ടിച്ചേര്‍ത്തു.നേരത്തെ, രാജീവ് ഗാന്ധി ഒന്നാം നമ്പര്‍ അഴിമതിക്കാരനായിരുന്നെന്ന മോദിയുടെ പരാമര്‍ശത്തിനു മറുപടിയുമായി മകനും കോണ്‍ഗ്രസ് അധ്യക്ഷനുമായി രാഹുല്‍ ഗാന്ധിയും രംഗത്തെത്തിയിരുന്നു. മോദിക്ക് മോദിയെക്കുറിച്ച് തോന്നുന്ന കാര്യം മറ്റുള്ളവരുടെ മേല്‍ ചാരേണ്ടെന്നും അത് നിങ്ങളെ സംരക്ഷിക്കില്ലെന്നും നിങ്ങളുടെ കര്‍മഫലം നിങ്ങള്‍ അനുഭവിക്കുമെന്നും രാഹുല്‍ മോദിക്ക് മറുപടി നല്‍കി. ട്വീറ്ററിലൂടെയായിരുന്നു രാഹുലിന്റെ പ്രതികരണം.

ഉത്തര്‍പ്രദേശില്‍ തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കവെയായിരുന്നു മോദി മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിക്കെതിരേ വിവാദ പരാമര്‍ശം നടത്തിയത്. നിങ്ങളുടെ പിതാവിനെ മിസ്റ്റര്‍ ക്ലീന്‍ എന്നായിരിക്കും നിങ്ങളുടെ സേവകര്‍ വിശേഷിപ്പിക്കുന്നത്. എന്നാല്‍ ഒന്നാം നമ്പര്‍ അഴിമതിക്കാരനായാണ് അദ്ദേഹത്തിന്റെ ജീവിതം അവസാനിച്ചത് എന്നാണ് മോദി പറഞ്ഞത്.

Top