‘കേവലം റിമോർട് കൺട്രോളിൽ പ്രവർത്തിക്കുന്ന പ്രധാനമന്ത്രി അല്ല മോദി’ ;നിര്‍മ്മലാ സീതാരാമന്‍

തിരുവനന്തപുരം : ലോകത്ത് രാജ്യത്തിന്റെയും ഇന്ത്യക്കാരുടെയും അന്തസും ആത്മാഭിമാനവും ഉയര്‍ത്തിയ ഭരണം കാഴ്ചവച്ച പ്രധാനമന്ത്രി നരേന്ദ്രമോദിയെ പ്രതിപക്ഷത്തിന് കളിയാക്കാനേ കഴിയൂ എന്നും അനുകരിക്കാനാവില്ലെന്നും പ്രതിരോധമന്ത്രി നിര്‍മ്മലാസീതാരാമന്‍.

കേരളത്തെ സംഘർഷങ്ങളുടെ നാടാക്കി സിപിഎം മാറ്റിയെടുക്കുകയായിരുന്നു. കേവലം റിമോർട് കൺട്രോളിൽ പ്രവർത്തിക്കുന്ന പ്രധാനമന്ത്രി അല്ല മോദി. മറിച്ച് നാടിനും നാട്ടാർക്കും എന്ത് വേണം എന്ന് കണ്ട് അറിഞ്ഞ് പ്രവർത്തിക്കുന്ന പ്രധാനമന്ത്രിയാണെന്നും നിർമ്മല സീതാരാമൻ പറഞ്ഞു.

പ്രധാനമന്ത്രിയെ അവഹേളിക്കാനും അപഹസിക്കാനും വ്യഗ്രത കാട്ടുന്ന പ്രതിപക്ഷത്തിന്റെ താത്പര്യത്തിന് പിന്നില്‍ പൊതുമുതല്‍ കൊള്ളയടിക്കാനുള്ള അത്യാഗ്രഹം മാത്രമാണ്.

എന്‍.ഡി.എ സര്‍ക്കാര്‍ 2014ല്‍ അധികാരമേറ്റെടുക്കുമ്പോഴുള്ള സ്ഥിതിയും ഇപ്പോഴത്തെ സ്ഥിതിയും നോക്കിയാല്‍ പ്രധാനമന്ത്രി മോദിയുടെ ഭരണനേട്ടം സുവ്യക്തമാണ്. അന്ന് രാജ്യത്തിന് സുരക്ഷയുണ്ടായിരുന്നില്ല. മുംബയില്‍ ഭീകരാക്രമണമുണ്ടായപ്പോള്‍ പ്രതികരിക്കാനായില്ല. അന്ന് സൈനികര്‍ക്ക് തോക്കുണ്ടായിരുന്നെങ്കിലും അതിലിടാന്‍ ഉണ്ടയുണ്ടായിരുന്നില്ല. അന്നത്തെ സാമ്പാര്‍ പരിപ്പിന്റെ വിലയും ഇന്നത്തെ വിലയും നോക്കിയാല്‍ മതി.വിലക്കയറ്റം നിയന്ത്രിക്കാനും സാധാരണക്കാരന്റെ ജീവിതം മെച്ചപ്പെടുത്താനും സര്‍ക്കാരിനായി. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ അഴിമതിയായിരുന്നു മുഖ്യവിഷയമെങ്കില്‍ ഇന്ന് അഴിമതിയെ കുറിച്ച് ആരും സംസാരിക്കുന്നില്ലന്നും അവര്‍ അറിയിച്ചു.

മോദി അടിക്കടി വിദേശത്ത് പോയപ്പോള്‍ പരിഹസിച്ചവരാണ് പ്രതിപക്ഷം. എന്നാല്‍ പുല്‍വാമയില്‍ ഭീകരാക്രമണമുണ്ടായപ്പോള്‍ ഭീകരരെ അയച്ച പാകിസ്ഥാനിലെ കേന്ദ്രമാണ് ഇന്ത്യ തകര്‍ത്തത്. അതിനെ ലോകരാജ്യങ്ങള്‍ മുഴുവന്‍ ഒറ്റക്കെട്ടായി പിന്തുണച്ചത് മോദിയുടെ വിദേശരാജ്യങ്ങളിലെ സന്ദര്‍ശനങ്ങളുടെ നേട്ടമാണ്. ഗള്‍ഫ് രാജ്യങ്ങളില്‍ പണിയെടുക്കുന്ന മലയാളികള്‍ക്ക് അന്തസോടെ ആ നാടുകളില്‍ പോകാനും പണിയെടുക്കാനും ഇന്ന് കഴിയുന്നതും മോദിയുടെ വിദേശസന്ദര്‍ശനങ്ങളുടെ നേട്ടമാണ്.

സംസ്ഥാനങ്ങളില്‍ ആര് ഭരിക്കുന്നുവെന്ന് നോക്കിയല്ല മോദിസര്‍ക്കാര്‍ സഹായങ്ങള്‍ ചെയ്തത്. കേന്ദ്രാവഗണന ഒരു സംസ്ഥാനത്തുമുണ്ടായില്ല. പുറ്റിങ്ങല്‍ വെടിക്കെട്ടപകടമുണ്ടായപ്പോള്‍ ഡോക്ടര്‍മാരുടെ സംഘവുമായി ഓടിയെത്താനും ഓഖി ചുഴലിക്കാറ്റുണ്ടായപ്പോള്‍ സഹായവാഗ്ദാനവുമായി കേന്ദ്രസര്‍ക്കാര്‍ എത്തിയതും രാഷ്ട്രീയം നോക്കിയല്ല. അഞ്ച് വര്‍ഷത്തെ ഭരണ കാലയളവില്‍ മോദിസര്‍ക്കാര്‍ തുടങ്ങിവച്ച വികസനപദ്ധതികള്‍ പൂര്‍ത്തിയാക്കാനും അതിന്റെ ഗുണഫലങ്ങള്‍ ജനങ്ങള്‍ക്ക് ലഭ്യമാക്കാനും മോദിയെ ഒരിക്കല്‍ കൂടി അധികാരത്തിലെത്തിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.

കുമ്മനം രാജശേഖരന് വേണ്ടി മാത്രമല്ല മറിച്ച് മോദി സർക്കാരിന് കൂടി വേണ്ടി കുമ്മനത്തിന് വോട്ട് ചെയ്യണമെന്നും മന്ത്രി പറഞ്ഞു.തിരുവനന്തപുരത്തെ എന്‍.ഡി.എ സ്ഥാനാര്‍ത്ഥി കുമ്മനം രാജശേഖരന്റെ തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

Top