മുസ്ലീം സമുദായം ദാവൂദി ബോറയെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി

modi

ഇന്‍ഡോര്‍: മധ്യപ്രദേശിലെ ദാവൂദി ബോറ വിഭാഗത്തെ പ്രശംസിച്ച്‌ നരേന്ദ്രമോദി. ഈ വിഭാഗത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുന്ന ആദ്യത്തെ പ്രധാനമന്ത്രിയാണ് നരേന്ദ്രമോദി. രാജ്യത്തിന്റെ നിര്‍മ്മാണത്തിന് ഇവര്‍ നല്‍കിയ സംഭവനകളെ മോദി അഭിനന്ദിച്ചു. സയ്ഫീ നഗറിലെ പള്ളിയില്‍ ചേര്‍ന്ന യോഗത്തിലായിരുന്നു പ്രധാനമന്ത്രിയുടെ പ്രസംഗം.

ബോറ വിഭാഗവുമായി തനിക്ക് വര്‍ഷങ്ങളുടെ ബന്ധമുണ്ടെന്നും എപ്പോഴും ഈ വിഭാഗക്കാരെ താന്‍ സ്വാഗതം ചെയ്യുന്നതായും വസുധൈവ കുടുംബകം എന്ന ഭാരതീയ ദര്‍ശനത്തിന്റെ ഉദാഹരണമാണ് ബോറയെന്നും മോദി ചടങ്ങില്‍ പറഞ്ഞു. ദാവൂദി ബോറയുടെ മുതിര്‍ന്ന നേതാവ് സെയ്ദ്‌ന മുഫാദല്‍ സെയ്ഫുദ്ദീന്‍ ചടങ്ങില്‍ സംബന്ധിച്ചിരുന്നു. മുഹറ ആഘോഷങ്ങള്‍ക്ക് മുന്നോടിയായിട്ടാണ് യോഗം നടന്നത്‌.

‘ബോറ എപ്പോഴും സമാധാനത്തിനു വേണ്ടി പ്രവര്‍ത്തിച്ചവരാണ്. മഹാത്മാഗാന്ധിയ്‌ക്കൊപ്പവും ഇവര്‍ മാതൃകാപരമായ പ്രവര്‍ത്തനങ്ങള്‍ കാഴ്ചവച്ചു. ചെറുപ്പം മുതലുള്ള ബന്ധം എനിക്ക് ഈ വിഭാഗവുമായുണ്ട്. സെയ്ദ്‌ന സാഹിബിനെ വിമാനത്താവളത്തില്‍ വച്ച് കണ്ടപ്പോള്‍ ഗുജറാത്തിലെ കുടിവെള്ള പ്രശ്‌നത്തെക്കുറിച്ച് സംസാരിച്ചിരുന്നു. ചെക്ക് ഡാമുകള്‍ പണിതാല്‍ അതിനൊരു പരിഹാരമാകുമെന്ന് അന്ന് ഞങ്ങള്‍ ചര്‍ച്ച ചെയ്തു. അദ്ദേഹത്തിന്റെ നേതൃത്വത്തിലാണ് ഗുജറാത്തില്‍ നിരവധി ഡാമുകള്‍ പണിയാന്‍ സാധിച്ചത്’ പ്രാധാനമന്ത്രി പറഞ്ഞു.

ആയുഷ്മാന്‍ യോജന പദ്ധതിയെക്കുറിച്ചും മോദി ചടങ്ങില്‍ സംസാരിച്ചു. 5 ലക്ഷം രൂപയുടെ ആരോഗ്യ ഇന്‍ഷുറന്‍സ് ഉറപ്പാക്കുന്ന പദ്ധതി 50 കോടി പാവപ്പെട്ട ജനങ്ങള്‍ക്ക് ഉപകരിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍, ലോക്‌സഭാ സ്പീക്കര്‍ സുമിത്രാ മഹാജന്‍, ഗവര്‍ണര്‍ ആനന്ദിബന്‍ പട്ടേല്‍ തുടങ്ങിയ ബിജെപിയുടെ നീണ്ട നിരയാണ് ചടങ്ങില്‍ പങ്കെടുത്തത്.Related posts

Back to top