ആഘോഷങ്ങള്‍ കരുതലോടെ വേണം; മന്‍ കി ബാത്തില്‍ പ്രധാനമന്ത്രി

ന്യൂഡല്‍ഹി: കോവിഡ് കാലത്ത് ആഘോഷങ്ങള്‍ കരുതലോടെ വേണമെന്ന് ഓര്‍മ്മപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. മന്‍ കി ബാത്തിലൂടെയാണ് പ്രധാനമന്ത്രിയുടെ ഓര്‍മ്മപ്പെടുത്തില്‍. ഈ ദിനങ്ങള്‍ സാധാരണ ആഘോഷങ്ങളുടേതാണെങ്കിലും കൊറോണ വൈറസ് അതിനെല്ലാം മാറ്റം വരുത്തിയിരിക്കുകയാണെന്നും ജനം ശ്രദ്ധയോടെയും കരുതലോടെയുമാണ് മുന്നോട്ട് പോകുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു.

ഓണം അന്താരാഷ്ട്ര ഉത്സവമായി മാറിക്കൊണ്ടിരിക്കുകയാണ്. എന്നാല്‍ കോവിഡില്‍ കാര്‍ഷിക ഉത്പാദനം കുറഞ്ഞുവെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു. പ്രതികൂല സാഹചര്യത്തിലും പിടിച്ചു നിന്ന കര്‍ഷകരെ അഭിനന്ദിക്കുന്നുവെന്ന് പറഞ്ഞ മോദി തദ്ദേശീയ കളിപ്പാട്ട നിര്‍മ്മാണ മേഖലയെ പ്രോത്സാഹിപ്പിക്കുമെന്നും അറിയിച്ചു. കളിപ്പാട്ട നിര്‍മ്മാണമേഖലയില്‍ ഇന്ത്യയെ വന്‍ശക്തിയാക്കുമെന്നും അന്താരാഷ്ട്ര തലത്തില്‍ ഇന്ത്യ ശ്രദ്ധിക്കപ്പെടണമെന്നും പ്രധാനമന്ത്രി പറഞ്ഞു.

നിലവില്‍ അന്താരാഷ്ട്ര വിപണിയില്‍ ഇന്ത്യയുടെ പങ്ക് താരതമ്യേന കുറവാണെന്നും ഇത് മെച്ചപ്പെടുത്താന്‍ നമ്മള്‍ പരിശ്രമിക്കണമെന്നും മോദി ആവശ്യപ്പെട്ടു. കമ്പ്യൂട്ടര്‍ ഗെയിമുകളുടെ കാര്യത്തിലും ആത്മനിര്‍ഭര്‍ ആകണമെന്നാണ് പ്രധാനമന്ത്രിയുടെ ആഹ്വാനം.

Top