ഡിജിറ്റല്‍ ഇന്ത്യ സര്‍ക്കാര്‍ പദ്ധതി മാത്രമല്ല, ഒരു ജീവിതരീതിയാണെന്ന് പ്രധാനമന്ത്രി

ന്യൂഡല്‍ഹി: ഡിജിറ്റല്‍ ഇന്ത്യ ഒരു സര്‍ക്കാര്‍ പദ്ധതി മാത്രമല്ലെന്നും ഒരു ജീവിതരീതിയാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. സാങ്കേതികവിദ്യയുടെ ഗുണവശങ്ങളള്‍ ജനങ്ങളുടെ ജീവിതത്തില്‍ പ്രകടമാണെന്നും അദ്ദേഹം പറഞ്ഞു. ബംഗളൂരു ടെക് സമ്മിറ്റ് 2020 ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ഡിജിറ്റല്‍ ഇന്ത്യയ്ക്ക് നന്ദി, നമ്മുടെ രാജ്യം കൂടുതല്‍ മനുഷ്യകേന്ദ്രീകതമായ വികസന സമീപനത്തിനാണ് സാക്ഷ്യം വഹിക്കുന്നത്. സാങ്കേതിക വിദ്യയുടെ വന്‍തോതിലുള്ള ഉപയോഗം നമ്മുടെ പൗരന്‍മാരുടെ ജീവിതത്തില്‍ നിരവധി മാറ്റങ്ങളാണ് ഉണ്ടാക്കിയിട്ടുള്ളത്. അതിന്റെ പ്രയോജനങ്ങള്‍ എല്ലാവര്‍ക്കും കാണാനാവും’ പ്രധാനമന്ത്രി പറഞ്ഞു.

ഡിജിറ്റല്‍, ടെക്‌നോളജി ഉല്‍പന്നങ്ങള്‍ക്കായി വിജയകരമായ വിപണി സൃഷ്ടിക്കാന്‍ സര്‍ക്കാരിന് സാധിച്ചു. എല്ലാ പദ്ധതികളുടെയും സുപ്രധാന ഘടകമാക്കി സാങ്കേതികവിദ്യയെ മാറ്റാന്‍ ഇതിലൂടെ സാധിച്ചു. നമ്മുടെ ഭരണനിര്‍വഹണ മാതൃക തന്നെ ടെക്‌നോളജി ഫസ്റ്റ് എന്നതാണ്. നമ്മുടെ പ്രാദേശിക സാങ്കേതിക സംരംഭങ്ങള്‍ക്ക് ലോകോത്തര തലത്തിലേക്ക് എത്തിച്ചേരാനുള്ള ശേഷിയുണ്ടെന്നും മോദി ചൂണ്ടിക്കാട്ടി.

കോവിഡ് മഹാമാരിയെ ചെറുക്കുന്നതിന് നമ്മുടെ സാങ്കേതികവിദ്യ വലിയ പങ്കാണ് വഹിച്ചിട്ടുള്ളതെന്നും മോദി അഭിപ്രായപ്പെട്ടു. ലോക്ഡൗണിന്റെ മൂര്‍ധന്യ ഘട്ടത്തില്‍ ഇന്ത്യയിലെ പാവപ്പെട്ടവര്‍ക്ക് അടിയന്തിര സഹായം എത്തിക്കുന്നതിന് ടെക്‌നോളജിയാണ് സഹായകരമായതെന്നും മോദി ചൂണ്ടിക്കാട്ടി. വ്യാവസായിക യുഗത്തില്‍ മാറ്റം എന്നത് രേഖീയമായിരുന്നു. എന്നാല്‍ വിവരയുഗത്തില്‍ മാറ്റം എന്നത് വിഭിന്നതലത്തിലുള്ളതാണെന്നും മോദി പറഞ്ഞു.

Top