2000 നോട്ട് കോപ്പിടയിക്കല്‍ ഈസിയോ? പിടിച്ചെടുക്കുന്ന വ്യാജനില്‍ 56% രണ്ടായിരത്തിന്റെ നോട്ടുകള്‍

2000 notes

2016 നവംബര്‍ 8നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്ത് നോട്ട് നിരോധനം പ്രഖ്യാപിച്ചത്. വിനിമയത്തിലുണ്ടായിരുന്ന 1000 രൂപ, 500 രൂപ നോട്ടുകള്‍ പിന്‍വലിച്ചതിന് പിന്നാലെ 2000 രൂപയുടെയും, 500 രൂപയുടെയും പുതിയ നോട്ടുകള്‍ ഇറക്കുകയും ചെയ്തു. പുതിയ നോട്ടുകള്‍ക്ക് പ്രത്യേക സുരക്ഷാ ഫീച്ചറുകള്‍ ഉള്ളതിനാല്‍ വ്യാജനോട്ട് നിര്‍മ്മിക്കാന്‍ ബുദ്ധിമുട്ടാകുമെന്നും, ഇതുവഴി വ്യാജനോട്ടുകളുടെ തലവേദന കുറയ്ക്കാമെന്നുമാണ് പ്രതീക്ഷിച്ചിരുന്നത്.

എന്നാല്‍ മൂന്ന് വര്‍ഷത്തിന് ഇപ്പുറം ഈ പ്രതീക്ഷ അസ്ഥാനത്താക്കുന്ന റിപ്പോര്‍ട്ടാണ് സര്‍ക്കാര്‍ പങ്കുവെയ്ക്കുന്നത്. വ്യാജനോട്ട് രംഗത്ത് പ്രവര്‍ത്തിക്കുന്ന മാഫിയാ സംഘങ്ങള്‍ ഈ സുരക്ഷാ ഫീച്ചറുകള്‍ അനായാസം പകര്‍ത്തിയതാണ്‌ ആശങ്ക ഉയര്‍ത്തുന്നത്. പുതിയ ദേശീയ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോ റിപ്പോര്‍ട്ട് പ്രകാരം നോട്ട് നിരോധനത്തിന് ശേഷം ഇന്ത്യയില്‍ പിടിച്ചെടുത്ത കള്ളനോട്ടുകളില്‍ 56 ശതമാനവും 2000 രൂപയുടെ നോട്ടുകളാണെന്നാണ് കണ്ടെത്തല്‍.

രാജ്യത്തെ ശുദ്ധീകരിക്കാന്‍ ഈ പ്രക്രിയയില്‍ പങ്കാളിയാകാനാണ് പ്രധാനമന്ത്രി അന്ന് ആഹ്വാനം ചെയ്തത്. എന്നാല്‍ ഇതിന് ശേഷം മൂന്ന് വര്‍ഷം പിന്നിടുമ്പോഴും വ്യാജന്‍മാരെ പിടിച്ചുകെട്ടാന്‍ സാധിച്ചിട്ടില്ലെന്നാണ് വ്യക്തമാകുന്നത്. 2017, 2018 വര്‍ഷങ്ങളില്‍ 46.06 കോടി രൂപയുടെ വ്യാജ ഇന്ത്യന്‍ കറന്‍സികളാണ് വിവിധ ഏജന്‍സികള്‍ പിടിച്ചെടുത്തത്.

ഇതില്‍ 56.31 ശതമാനം നോട്ടുകളും 2000 രൂപയുടേതായിരുന്നുവെന്ന് എന്‍സിആര്‍ബി വാര്‍ഷിക റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. കള്ളനോട്ടുകളില്‍ 2000 രൂപയുടെ നോട്ടുകള്‍ പെരുകുന്നുവെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാണിച്ചു. ഗുജറാത്ത്, പശ്ചിമ ബംഗാള്‍, തമിഴ്‌നാട്, ഉത്തര്‍പ്രദേശ് എന്നീ സംസ്ഥാനങ്ങളാണ് വ്യാജ നോട്ടുകളുടെ പ്രഭവകേന്ദ്രമായി മാറുന്നത്.

ജാര്‍ഖണ്ഡ്, മേഘാലയ, സിക്കിം എന്നീ സംസ്ഥാനങ്ങളില്‍ മാത്രമാണ് 2000 രൂപയുടെ ഒരു കള്ളനോട്ട് പോലും പിടിക്കപ്പെടാത്ത സംസ്ഥാനങ്ങള്‍. ഏറെ പ്രതീക്ഷയോടെ പ്രധാനമന്ത്രി പ്രഖ്യാപിച്ച നോട്ട് നിരോധനത്തിന് തൊട്ടുപിന്നാലെ തന്നെ 2000 രൂപയുടെ കള്ളനോട്ടുകള്‍ വ്യാപകമായി പ്രചരിച്ചുവെന്ന് എന്‍സിആര്‍ബി റെക്കോര്‍ഡുകള്‍ വ്യക്തമാക്കുന്നു.

Top