വിശ്വാസം, അതു തന്നെയാണ് മോദിക്കും, അന്നും ഇന്നും ആഭ്യന്തരം അമിത് ഷാക്ക് !

ന്യൂഡല്‍ഹി: മോദിക്ക് അമിത് ഷായോളം വിശ്വാസം ഉള്ള മറ്റൊരു നേതാവും ബി.ജെ.പിയില്‍ എന്നല്ല ലോകത്ത് തന്നെ ഉണ്ടാകില്ല. അമിത് ഷായുടെ രാഷ്ട്രീയ മുന്നേറ്റത്തിലും പദവികളിലും മോദിയുടെ മായാത്ത കയ്യൊപ്പുണ്ട്. ഗുജറാത്തില്‍ മുഖ്യമന്ത്രി ആയിരിക്കെ തന്നെ മോദി ആഭ്യന്തര വകുപ്പ് വിട്ടു നല്‍കിയത് അമിത് ഷാക്ക് ആയിരുന്നു. മോദിയുടെ വിശ്വാസം കാത്ത് സൂക്ഷിക്കുന്ന പ്രവര്‍ത്തനങ്ങളാണ് തുടര്‍ന്ന് അമിത് ഷാ നടത്തിയത്. ഇപ്പോള്‍ വീണ്ടും കേന്ദ്ര ആഭ്യന്തര മന്ത്രിയാക്കിയാണ് രാജ്യത്തെ ക്രമസമാധാന ചുമതല അമിത് ഷായെ മോദി ഏല്‍പ്പിച്ചിരിക്കുന്നത്.

അമിത് ഷായെ വിറപ്പിക്കാന്‍ ചെന്ന മമതയുടെ പൊലീസിനും ഇനി ഭയക്കേണ്ടി വരും. ബംഗാളിലെ മാത്രമല്ല പ്രതിപക്ഷം ഭരിക്കുന്ന എല്ലാ സംസ്ഥാനങ്ങളിലെയും ഐ.പി.എസ് ഉദ്യേഗസ്ഥരെ സംബന്ധിച്ച് അമിത് ഷാ ഇനി ഒരു ഭയമായിരിക്കും. ഫെഡറല്‍ സംവിധാനത്തില്‍ സംസ്ഥാനങ്ങളില്‍ ഇടപെടാന്‍ കേന്ദ്രത്തിന് പരിമിതി ഉണ്ടെങ്കിലും ഐ.പി.എസുകാരില്‍ സമ്മര്‍ദ്ദം ചെലുത്താന്‍ സാധിക്കും. പ്രത്യേകിച്ച് ഇക്കാര്യത്തില്‍ ഒരു നിയമ നിര്‍മ്മാണം കേന്ദ്ര സര്‍ക്കാര്‍ പരിഗണിക്കുന്ന സാഹചര്യത്തില്‍. ഐ.പി.എസ് – ഐ.എ.എസ് ഓഫീസര്‍മാരില്‍ പിടിമുറുക്കലാണ് നിയമനിര്‍മ്മാണം വഴി ലക്ഷ്യമിടുന്നത്.

കേന്ദ്ര സര്‍വ്വീസിലെ ഐ.പി.എസ് – ഐ.എ.എസ് ഉദ്യോഗസ്ഥരുടെ നിയമനങ്ങളില്‍ ഇടപെടലാണ് ലക്ഷ്യം. നിലവില്‍ സംസ്ഥാന പൊലീസ് ചീഫിനെ നിയമിക്കുന്നതിന് മുന്‍പ് യു.പി.എ.സിയുടെ ക്ലിയറന്‍സ് ആവശ്യമാണ്. ഇക്കാര്യത്തില്‍ ചില മാറ്റങ്ങളാണ് കേന്ദ്രം ഉദ്യേശിക്കുന്നത്.

ജില്ലാ പൊലീസ് മേധാവിമാര്‍ മുതല്‍ ക്രമസമാധാന ചുമതലയില്‍ നിയോഗിക്കപ്പെടുന്ന എല്ലാ ഐ.പി.എസുകാര്‍ക്കും ഈ നിയമം ബാധകമാക്കാനാണ് ആലോചന. ജില്ലാ കളക്ടര്‍മാരെയും ചീഫ് സെക്രട്ടറിമാരെയും നിയമിക്കുമ്പോഴും കേന്ദ്ര ക്ലിയറന്‍സ് നിര്‍ബന്ധമാക്കാനാണ് നീക്കം. ഇങ്ങനെ വന്നാല്‍ സംസ്ഥാന സര്‍ക്കാറിന് സ്വന്തം ഇഷ്ടപ്രകാരം മാത്രം ഉദ്യോഗസ്ഥരെ നിയമിക്കാന്‍ കഴിയില്ലന്നാണ് ബി.ജെ.പി കരുതുന്നത്. സീനിയോററ്റിയും കഴിവും മാനദണ്ഡമാക്കി സംസ്ഥാനങ്ങള്‍ തയ്യാറാക്കുന്ന ലിസ്റ്റില്‍ നിന്നും യു.പി.എ.സിയുടെ അനുമതി വാങ്ങിയാണ് നിലവില്‍ സംസ്ഥാന പൊലീസ് ചീഫിന്റെ നിയമനം നടത്തുന്നത്. ഇത് ക്രമസമാധാന ചുമതലയുള്ള മറ്റു ഐ.പി.എസുകാരുടെ കാര്യത്തില്‍ പ്രാവര്‍ത്തികമാക്കിയാല്‍ വലിയ പ്രത്യാഘാതമാണുണ്ടാകുക. കളക്ടര്‍ – ചീഫ് സെക്രട്ടറി നിയമനങ്ങളിലും ഈ പാത തുടരണമെന്ന താല്‍പ്പര്യവും അപകടകരമാണ്.

സംസ്ഥാന സര്‍ക്കാര്‍ ക്ലിയറന്‍സിന് അയക്കുന്ന ലിസ്റ്റില്‍ വെട്ടിനിരത്തല്‍ നടത്താന്‍ കേന്ദ്രത്തിന് ഇതുവഴി കഴിയും. കേരളം ഉള്‍പ്പെടെയുള്ള ‘പ്രതിപക്ഷ’ സംസ്ഥാനങ്ങളിലെ ബി.ജെ.പി നേതൃത്വത്തിന് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്താനാണ് ഇത് വഴിയൊരുക്കുക. മുന്‍പ് നടപ്പാക്കാന്‍ ഉദ്യേശിച്ച ഈ കാര്യം അമിത് ഷാ നടപ്പാക്കുമെന്ന് തന്നെയാണ് സൂചന.

ഐ.പി.എസ് – ഐ.എ.എസ് ഉദ്യോഗസ്ഥരുടെ ഡെപ്യൂട്ടേഷനിലും നിലപാട് കര്‍ക്കശമാക്കാന്‍ ഒരുങ്ങുകയാണ് അമിത് ഷാ. ഇതും വഴങ്ങാത്ത ഉദ്യോഗസ്ഥരെ ലക്ഷ്യമിട്ട്തന്നെയാണ്. കേന്ദ്ര സര്‍വ്വീസുകാരായ ഉദ്യോഗസ്ഥരെ സംബന്ധിച്ച് ഡെപ്യൂട്ടേഷന്‍ അവരുടെ സ്വപ്നവും കരിയറില്‍ അനിവാര്യവുമാണ്.

ഫെഡറല്‍ സംവിധാനം നില നില്‍ക്കുന്ന രാജ്യത്ത് പിന്നിലൂടെ അത് അട്ടിമറിക്കാനുള്ള ശ്രമമാണ് ഇത്തരം നീക്കങ്ങള്‍ വഴി ലക്ഷ്യമിടുന്നതെന്നാണ് രാഷ്ട്രീയ നിരീക്ഷകരും ചൂണ്ടിക്കാട്ടുന്നത്. മമതയുടെ പൊലീസ് സി.ബി.ഐ ഉദ്യോഗസ്ഥരെ കസ്റ്റഡിയിലെടുത്ത സംഭവമാണ് ഈ ആലോചനയിലേക്ക് കേന്ദ്രത്തെ നയിച്ചതെന്നാണ് അവരുടെ വിലയിരുത്തല്‍. മുന്‍ കൊല്‍ക്കത്ത കമ്മീഷണര്‍ രാജീവ് കുമാറിനെ കസ്റ്റഡിയിലെടുക്കാന്‍ ചെന്ന സി.ബി.ഐ സംഘത്തെയാണ് കൊല്‍ക്കത്ത പൊലീസ് പിടികൂടിയിരുന്നത്. പിന്നീട് ഇവരെ വിട്ടയക്കുകയുണ്ടായി.

കേരളത്തിലും സംഘപരിവാര്‍ ഹിറ്റ് ലിസ്റ്റില്‍പ്പെട്ട നിരവധി ഐ.പി.എസ് ഉദ്യോഗസ്ഥരുണ്ട്. ഇവരെ പാഠം പഠിപ്പിക്കുമെന്ന് മുന്‍പ് തന്നെ ബി.ജെ.പി മുന്നറിയിപ്പ് നല്‍കിയിരുന്നു.എന്നാല്‍ തുമ്മിയാല്‍ തെറിക്കുന്ന മൂക്കാണെങ്കില്‍ അതങ്ങ് പോകട്ടെ എന്ന നിലപാടാണ് അരോപണത്തിനിരയായ ഐ.പി.എസുകാര്‍ സ്വീകരിച്ചിരുന്നത്. കേരളത്തിനായി ഒരു മാസ്റ്റര്‍ പ്ലാന്‍ തന്നെ സംഘപരിവാര്‍ ഒരുക്കിയിട്ടുണ്ട്. കേന്ദ്രത്തിനെ കൊണ്ട് അത് നടപ്പാക്കിക്കുവാനാണ് നീക്കം.

സംഘപരിവാറുകാരനെ ഗവര്‍ണ്ണറാക്കി കൊണ്ടുവരണമെന്നതാണ് ഇതില്‍ പ്രധാനം. ഗവര്‍ണ്ണറെ മുന്‍നിര്‍ത്തി ഇടതു പക്ഷ സര്‍ക്കാറിനെ വരിഞ്ഞ് മുറുക്കാമെന്നാണ് പ്രതീക്ഷ. കേരള ഗവര്‍ണ്ണറെ മാറ്റണമെന്ന ആവശ്യം ഏറ്റവും ശക്തമായി ഉന്നയിക്കുന്നത് ആര്‍.എസ്.എസ് ആണ്.

മുന്‍ ചീഫ് ജസ്റ്റിസായ ഗവര്‍ണര്‍ പി.സദാശിവം നിയമം വിട്ട് ഒന്നും ചെയ്യില്ലന്നതും, അദ്ദേഹത്തെ സ്വാധീനിക്കാന്‍ പറ്റില്ലന്നതുമാണ് ഇത്തരമൊരു നീക്കത്തിന് പിന്നില്‍.

Top