നേപ്പാള്‍ ഇല്ലാതെ ഇന്ത്യയുടെ വിശ്വാസവും ചരിത്രവും പൂര്‍ണമല്ലെന്ന് നരേന്ദ്ര മോദി

Narendra modi

ജാനക്പുര്‍: നേപ്പാള്‍ ഇല്ലാതെ ഒരിക്കലും ഇന്ത്യയുടെ വിശ്വാസങ്ങളും ചരിത്രവും പൂര്‍ണമാകില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രണ്ട് ദിവസത്തെ നേപ്പാള്‍ സന്ദര്‍ശനത്തിന്റെ ഭാഗമായി അയോധ്യയെയും ജാനക് പുരിനെയും തമ്മില്‍ ബന്ധിപ്പിക്കുന്ന ബസ് സര്‍വീസിന്റെ ഫ്‌ളാഗ് ഓഫ് നിര്‍വഹിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഹിന്ദുമത വിശ്വാസ പ്രകാരം രാമന്റെ ജന്മസ്ഥലമാണ് അയോധ്യയെന്നും, നേപ്പാളില്ലാതെ രാമന്‍ പൂര്‍ണനാകില്ലെന്നും, നേപ്പാളിലെ ജാനക്പുര്‍ സീതയുടെ ജന്മസ്ഥലമാണെന്നും അദ്ദേഹം പറഞ്ഞു.

രാമായണ സര്‍ക്യൂട്ട് എന്നപേരില്‍ ആവിഷ്‌കരിച്ചിട്ടുള്ള ആധ്യാത്മിക വിനോദ സഞ്ചാര പദ്ധതിയുടെ ഭാഗമാണ് ജാനക് പുര്‍ അയോധ്യ ബസ് സര്‍വീസ്. നൂറ്റാണ്ടുകളുടെ ബന്ധം അയോധ്യയും ജാനക്പുരും തമ്മിലുണ്ടെന്നും, അത് തകര്‍ക്കാനാകാത്തതാണെന്നുമാണ് മോദി വ്യക്തമാക്കിയത്. 225 കിലോമീറ്റര്‍ വരുന്ന ബസ് സര്‍വീസ് മോദിയും നേപ്പാള്‍ പ്രധാനമന്ത്രി കെ.പി. ശര്‍മ ഒലിയും ചേര്‍ന്ന് ഫ്‌ളാഗ് ഓഫ് ചെയ്തു.

മോദിയുടെ സന്ദര്‍ശനത്തിന്റെ ഭാഗമായി രണ്ടുരാജ്യങ്ങളില്‍ നിന്നുമുള്ള 11,000 സുരക്ഷാ ഉദ്യോഗസ്ഥരെയാണ് നേപ്പാളില്‍ വിന്യസിച്ചിരിക്കുന്നത്. ഇന്ത്യയുടെ സഹായത്തോടെ നിര്‍മ്മിക്കുന്ന ജലവൈദ്യുത പദ്ധതിയുടെ നിര്‍മ്മാണ ഉദ്ഘാടനവും ഇരുപ്രധാനമന്ത്രിമാരും ചേര്‍ന്ന് നിര്‍വഹിക്കും

ഇന്ന് തലസ്ഥാനമായ കാഠ്മണ്ഡുവിലെ പ്രശസ്തമായ പശുപതിനാഥ് ക്ഷേത്രത്തില്‍ മോദി പ്രാര്‍ഥന നടത്തും. കൂടാതെ മോദി കെ.പി. ശര്‍മ ഒലിയുമായി ഔദ്യോഗിക ചര്‍ച്ചകളും നടത്തുന്നതാണ്‌.

Top