കേരളത്തില്‍ ഹര്‍ത്താല്‍ പ്രഖ്യാപിക്കാന്‍ ബിജെപി നിര്‍ബന്ധിതരായി : നരേന്ദ്ര മോദി

modi

ന്യൂഡല്‍ഹി : കേരളത്തിലെ കോണ്‍ഗ്രസ്, കമ്മ്യൂണിസ്റ്റ് ഭരണകൂടങ്ങള്‍ അഴിമതിയുടെ ഉത്തമ മാതൃകയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. നമോ ആപ്പ് വഴി തിരുവനന്തപുരം, കൊല്ലം, ആറ്റിങ്ങല്‍, മാവേലിക്കര, പത്തനംതിട്ട എന്നിവിടങ്ങളിലെ ബി.ജെ.പി പ്രവര്‍ത്തകരുമായി സംവദിക്കുന്നതിനിടെയാണ് മോദിയുടെ വിമര്‍ശനം.

ഇന്നത്തെ ഹര്‍ത്താല്‍ പ്രഖ്യാപിക്കാന്‍ പാര്‍ട്ടി നിര്‍ബന്ധിതമായതാണ്. തിരുവനന്തപുരത്തെ സമരപ്പന്തലിന് മുന്നിലുണ്ടായ ആത്മഹത്യ വേദനാജനകമാണ്. പ്രശ്‌നങ്ങളുണ്ടാകുമ്പോള്‍ ഇത്തരം കടുത്ത നിലപാടുകളിലേക്ക് പോകരുതെന്നും പ്രധാനമന്ത്രി പറഞ്ഞു. കൊല്ലം ജില്ലയിലെ ചാത്തന്നൂരില്‍ നിന്ന് ബി.ജെ.പി പ്രവര്‍ത്തകനെന്ന് സ്വയം പരിചയപ്പെടുത്തിയ ഗോപകുമാര്‍ എന്നയാളാണ് കേരളത്തില്‍ എങ്ങനെ പാര്‍ട്ടിയെ ശക്തിപ്പെടുത്താമെന്നും അടിത്തറ വിപുലീകരിക്കാമെന്നുമുള്ള ചോദ്യം ഉന്നയിച്ചത്.

കേരളത്തിലെ ഭരണത്തിന്റെ കാര്യക്ഷമത കൂട്ടാന്‍ കോണ്‍ഗ്രസ്, കമ്യൂണിസ്റ്റ് ഭരണകൂടങ്ങള്‍ക്ക് കഴിഞ്ഞിട്ടില്ലെന്ന് പ്രധാനമന്ത്രി പറഞ്ഞു. കേരളത്തില്‍ ത്രിപുര ആവര്‍ത്തിക്കുന്ന ദിനം വിദൂരമല്ലെന്നും മോദി പ്രതീക്ഷ പ്രകടിപ്പിച്ചു. കേരളത്തിലെ ബിജെപി പ്രവര്‍ത്തകര്‍ അതിവേഗം ജനങ്ങളുടെ ശബ്ദമാവുകയാണെന്നും അദ്ദേഹം വിലയിരുത്തി.

കേരളത്തില്‍ എങ്ങനെ ‘വേരുറപ്പിക്കും’ ?

ബി.ജെ.പി പ്രവര്‍ത്തകന്റെ ചോദ്യത്തിന് മോദി നല്‍കിയ മറുപടി ഇങ്ങനെ…

മോദി ഇങ്ങനെ പറഞ്ഞു, ”ഒരൊറ്റവാക്കില്‍ ഇതിനുള്ള മറുപടി പറയാം. ജനങ്ങളുടെ ശബ്ദം കേള്‍ക്കുക, ജനങ്ങള്‍ നിങ്ങളുടെ ശബ്ദവും കേള്‍ക്കും. വിശദമായി പറയുമ്പോള്‍, ജനങ്ങളുടെ പ്രതീക്ഷകള്‍ക്കൊത്ത് നമ്മള്‍ ഉയരണം. നമ്മള്‍ ജനങ്ങളെ കേള്‍ക്കാനും അവരെ മനസിലാക്കാനും പ്രയത്‌നിക്കണം. അടല്‍ജി പറയാറുണ്ടായിരുന്ന ഒന്നുണ്ട്, ഓരോ ബി.ജെ.പി പ്രവര്‍ത്തകന്റെയും ഒരു കാല്‍ ട്രെയിനിലും മറ്റൊന്ന് ജയിലിലുമായിരിക്കണമെന്ന്. പറഞ്ഞതിന്റെ അര്‍ത്ഥം, ജനങ്ങളെ കേള്‍ക്കുകയും അവരുടെ ആവശ്യങ്ങള്‍ക്ക് വേണ്ടി സര്‍ക്കാരുകളുമായി പൊരുതണമെന്നുമാണ്. ഇങ്ങനെയുള്ള പോരാട്ടങ്ങള്‍ നിങ്ങളെ ചിലപ്പോള്‍ ജയില്‍ എത്തിച്ചേക്കാം. പക്ഷേ തളരരുത്. ട്രെയിനിലുള്ള കാല്‍ എന്നുദ്ദേശിച്ചത്, ജനങ്ങള്‍ക്ക് വേണ്ടിയുള്ള നിരന്തരം നടത്തുന്ന യാത്രകളെയാണ്. ജനങ്ങളുടെ അവകാശങ്ങള്‍ക്കും ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടിയും ഓരോ പ്രവര്‍ത്തകനും പോരാടണം. നിങ്ങള്‍ ജനങ്ങള്‍ക്ക് വേണ്ടി പോരടിക്കുമ്പോള്‍ അവരെ കൂടി അതിന്റെ ഭാഗമാക്കാന്‍ ശ്രദ്ധിക്കണം. പ്രശ്‌നം എന്തുമാകട്ടേ, ബി.ജെ.പി പ്രവര്‍ത്തകര്‍ ജനങ്ങളുടെ ശബ്ദമായി ഉയരണം. രാഷ്ട്രീയ പകപോക്കലുകളുടെ ക്രൂരതക്ക് ഇരയായാല്‍ പോലും ജനങ്ങള്‍ക്കൊപ്പം ഉറച്ചുനില്‍ക്കണം. എങ്കില്‍ മാത്രമെ കേരളത്തില്‍ പാര്‍ട്ടിയുടെ സ്ഥാനം മെച്ചപ്പെടുത്താന്‍ കഴിയൂ. – മോദി പറഞ്ഞു.

സൌജന്യ ആരോഗ്യ പരിശോധനകളും റോഡ് വികസനവും മുദ്രാ വായ്പയുടെ ഗുണങ്ങളുമൊക്കെ മോദി പ്രവര്‍ത്തകരുമായി പങ്കുവെച്ചു. ജനങ്ങളിലേക്ക് ഇറങ്ങിച്ചെന്ന് കേന്ദ്രത്തിലെ ബി.ജെ.പി സര്‍ക്കാര്‍ കേരളത്തിലെ ജനങ്ങള്‍ക്ക് വേണ്ടി എന്തൊക്കെ ചെയ്തു എന്ന് ബി.ജെ.പി പ്രവര്‍ത്തകര്‍ വിശദീകരിക്കണമെന്നും മോദി പറഞ്ഞു.

Top