ഇന്ത്യയിലെ ജനകീയരില്‍ നമ്പര്‍ വണ്‍ നരേന്ദ്ര മോദിയെന്ന് സര്‍വേ !

ന്യൂഡല്‍ഹി: ഏറ്റവും കൂടുതല്‍ ആരാധകരുള്ള ഇന്ത്യക്കാരന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെന്ന് സര്‍വേഫലം. ലണ്ടന്‍ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഇന്റര്‍നെറ്റ് മാര്‍ക്കറ്റ് റിസര്‍ച്ച് ആന്‍ഡ് ഡേറ്റ അനലറ്റിക്‌സ് വിഭാഗമാണ് സര്‍വേ നടത്തിയത്.

സച്ചിന്‍ തെന്‍ഡുല്‍ക്കര്‍, മഹേന്ദ്ര സിങ് ധോണി, രത്തന്‍ ടാറ്റ, അമിതാഭ് ബച്ചന്‍, ഷാരൂഖ് ഖാന്‍, വിരാട് കോലി എന്നിവരെ പിന്നിലാക്കിയാണ് പ്രധാനമന്ത്രി ഈ നേട്ടം കൈവരിച്ചത്. ഓണ്‍ലൈന്‍ വോട്ടെടുപ്പു വഴിയായിരുന്നു സര്‍വേ.

ഇന്ത്യന്‍ രാഷ്ട്രീയ നേതാക്കളില്‍ മോദിക്ക് മാത്രമാണ് പട്ടികയില്‍ ഇടം നേടാനായത്. ലോകനേതാക്കളുടെ പട്ടികയില്‍ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ രണ്ട് സ്ഥാനം മെച്ചപ്പെടുത്തി മോദി ആറാമതെത്തുകയും ചെയ്തു. ലോകനേതാക്കളുടെ ആദരവ് സൂചികയില്‍ 4.8 ആണ് മോദിക്ക് ലഭിച്ച പോയിന്റ്.

ബോക്സിംഗ് താരം മേരി കോം ആണ് ഏറ്റവും ആരാധ്യയായ ഇന്ത്യന്‍ വനിത.ബോളിവുഡ് താരങ്ങളായ അമിതാഭ് ബച്ചന്‍, ഷാരൂഖ് ഖാന്‍, സല്‍മാന്‍ ഖാന്‍ എന്നിവര്‍ പട്ടികയില്‍ ആദ്യ 20 സ്ഥാനങ്ങളിലുണ്ട്. ദീപിക പദുകോണ്‍, പ്രിയങ്ക ചോപ്ര, ഐശ്വര്യ റായി, സുസ്മിത സെന്‍ എന്നിവരാണ് ആദ്യ ഇരുപതിലെ വനിതാ സാന്നിദ്ധ്യങ്ങള്‍.

ബില്‍ ഗേറ്റ്‌സ് ആണ് പട്ടികയില്‍ ഒന്നാമത്. ലോകത്ത് ഏറ്റവുമധികം ആരാധകരുള്ളവരില്‍ രണ്ടാമന്‍ ബറാക് ഒബാമ ആണ്. ചൈനീസ് നടന്‍ ജാക്കി ചാന്‍, ചൈനീസ് പ്രസിഡന്റ് ഷി ചിന്‍പിങ് എന്നിവരാണ് യാഥാക്രമം മൂന്നും നാലും സ്ഥാനങ്ങളില്‍.യുഎസിലെ ടോക് ഷോ അവതാരകനായ ഒപ്ര വിന്‍ഫ്രി, ആഞ്ജലീന ജോളി, മിഷേല്‍ ഒബാമ എന്നിവരാണ് പട്ടികയിലെ മറ്റ് പ്രമുഖര്‍. ആഞ്ജലീന ജോളിയെ മറികടന്ന് മിഷേല്‍ ഒബാമ ലോകത്തില്‍ ഏറ്റവും ആരാധിക്കപ്പെടുന്ന പട്ടികയില്‍ ഇടംപിടിച്ചു.

Top