‘അദ്ദേഹത്തിന് ഒന്നും സംഭവിച്ചില്ലെന്ന് ഇപ്പോ മനസിലായി’ ; മോദിയെ ട്രോളി എംഎം മണി

തിരുവനന്തപുരം: പ്രധാനമന്ത്രിയായ ശേഷം ആദ്യമായി വാര്‍ത്താസമ്മേളനം നടത്തിയ നരേന്ദ്രമോദിയെ ട്രോളി മന്ത്രി എംഎം മണി രംഗത്ത്. മോദി പത്രസമ്മേളനം നടത്തുന്നുവെന്ന് കേട്ടപ്പോള്‍ അദ്ദേഹത്തിനിതെന്തുപറ്റി എന്ന് തോന്നി. ചോദ്യങ്ങള്‍ക്കൊന്നും ഉത്തരം ലഭിക്കാതിരുന്നപ്പോഴാണ് അദ്ദേഹത്തിന് ഒന്നും സംഭവിച്ചില്ലെന്ന് മനസിലായതെന്ന് എം എം മണി ഫേസ്ബുക്കില്‍ കുറിച്ചു.

കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും മോദിയെ ട്രോളി രംഗത്തെത്തിയിരുന്നു. അഭിനന്ദനങ്ങള്‍ മോദിജി, അടുത്ത തവണ മിസ്റ്റര്‍ ഷാ ചോദ്യങ്ങള്‍ക്ക് ഉത്തരം പറയാന്‍ നിങ്ങളെ അനുവദിക്കും എന്നായിരുന്നു രാഹുല്‍ ട്വിറ്ററില്‍ കുറിച്ചത്

മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് ഒന്നിന് പോലും വാര്‍ത്താസമ്മേളനത്തില്‍ മോദി മറുപടി പറഞ്ഞില്ല. ‘പാര്‍ട്ടി അധ്യക്ഷന്‍ സംസാരിക്കുമ്പോാള്‍ അച്ചടക്കമുള്ള പാര്‍ട്ടി പ്രവര്‍ത്തകനായി ഞാനിവിടെ കേട്ടിരിക്കുമെന്നും അധ്യക്ഷനാണ് ഞങ്ങള്‍ക്ക് എല്ലാമെന്നുമാണ് ചോദ്യങ്ങള്‍ ചോദിച്ച മാധ്യമ പ്രവര്‍ത്തകരോട് മോദി പറഞ്ഞത്.

മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് പ്രധാനമന്ത്രി മറുപടി പറയാത്തതിനെതിരെ വലിയ വിമര്‍ശനമാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്നത്.

Top