6 മന്ത്രിമാരെ നീക്കി ; നരേന്ദ്ര മോദി മന്ത്രിസഭയുടെ പുനസംഘടന നാളെ നടക്കും

narendra modi and amith sha

ന്യൂഡല്‍ഹി: ഉമാ ഭാരതിയും രാജീവ് പ്രതാപ് റൂഡിയുമടക്കം 6 മന്ത്രിമാരെ നീക്കി മോദി മന്ത്രിസഭയുടെ പുനസംഘടന നാളെ നടക്കും.

മന്ത്രിമാരുടെ പ്രവര്‍ത്തനമികവും അടുത്ത ലോക്സഭ തിരഞ്ഞെടുപ്പും മുന്നില്‍ കണ്ടാണ് മന്ത്രിസഭയുടെ മൂന്നാമത് അഴിച്ചുപണി. പ്രമുഖമന്ത്രിമാരുടെ വകുപ്പുകളെല്ലാം പുനസംഘടനയോടെ മാറും.

പ്രവര്‍ത്തനം മോശമായവരടക്കം 6 മന്ത്രിമാരാണ് ഇതിനോടകം പുറത്ത് പോയത്. ക്യാബിനറ്റ് പദവിയുള്ള ഉമാഭാരതി, രാജീവ് പ്രതാപ് റൂഡി, ഫഗന്‍ സിങ് കുലാസ്ത, സഞ്ജീവ് ബല്ല്യാണ്‍, മഹേന്ദ്ര നാഥ് പാണ്ഡെ,കല്‍രാജ് മിശ്ര എന്നിവരാണ് ഇവര്‍.

ജലവിഭവവകുപ്പ് കൈകാര്യം ചെയ്യുന്ന ഉമാ ഭാരതിയെ ആരോഗ്യപ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ഒഴിവാക്കുന്നതെങ്കില്‍ പ്രവര്‍ത്തനം മോശമായതാണ് രാജീവ് പ്രതാപ് റൂഡിക്ക് വിനയായത്.

നിലവിലെ മന്ത്രിസഭയിലെ പലര്‍ക്കും വകുപ്പ് മാറ്റമുണ്ടാകും. റെയില്‍വേ മന്ത്രി സുരേഷ് പ്രഭുവിനെ പരിസ്ഥിതി വകുപ്പിലേക്ക് മാറ്റും, നിതിന്‍ ഗഡ്കരിക്കാവും പകരം റെയില്‍വേ, അനന്ത് കുമാറിന് നഗരവികസനം നല്‍കിയേക്കാനാണ് സാധ്യത. ഊര്‍ജ വകുപ്പ് മന്ത്രി പിയുഷ് ഗോയല്‍, പെട്രോളിയം മന്ത്രി ധര്‍മേന്ദ്രപ്രധാന്‍, വാണിജ്യമന്ത്രി നിര്‍മലാ സീതാരാമന്‍ എന്നിവര്‍ക്ക് വകുപ്പ്മാറ്റത്തിനൊപ്പം ക്യാബിനറ്റ് പദവിയും നല്‍കിയേക്കും. അതേസമയം ആര്‍ക്കായിരിക്കും പ്രതിരോധവകുപ്പ് നല്‍കുക എന്നത് സംബന്ധിച്ച സൂചനകള്‍ പുറത്തുവന്നിട്ടില്ല.

2019 ലെ തിരഞ്ഞെടുപ്പ് ലക്ഷ്യംവെച്ചുള്ള വന്‍ അഴിച്ചുപണിക്കാണ് മോദി സര്‍ക്കാര്‍ തയ്യാറെടുക്കുന്നത്.

Top