എല്ലാറ്റിനെയും നേരിട്ടു, പക്ഷേ മോദിയെ ഞെട്ടിച്ചത് ഈ മൂന്ന് സ്ത്രീകൾ മാത്രം !

ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചരണത്തില്‍ കൊണ്ടും കൊടുത്തും പ്രധാനമന്ത്രി നരേന്ദ്രമോദിയെ പ്രതിരോധത്തിലാക്കിയത് പെണ്‍പട. ബി.എസ്.പി അധ്യക്ഷ മായാവതി, തൃണമൂല്‍ കോണ്‍ഗ്രസ് നേതാവും ബംഗാള്‍ മുഖ്യമന്ത്രിയുമായ മമത ബാനര്‍ജി, കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി എന്നിവരാണ് മോദിയെ പ്രത്യാക്രമണം കൊണ്ട് വിറപ്പിച്ചത്.

80 സീറ്റുള്ള ഉത്തര്‍പ്രദേശില്‍ മോദിയുടെ പ്രധാനമന്ത്രി പദത്തിലെ രണ്ടാമൂഴത്തിന് വിലങ്ങുതടിയായി നില്‍ക്കുന്നത് ബി.എസ്.പി അധ്യക്ഷ മായാവതിയാണ്. ആജന്‍മ ശത്രുക്കളായ സമാജ്‌വാദി പാര്‍ട്ടിയുമായും അജിത് സിങിന്റെ രാഷ്ട്രീയ ലോക്ദളുമായി സഖ്യം ചേര്‍ന്ന് മത്സരിക്കാനുള്ള മായാവതിയുടെ തന്ത്രപരമായ നീക്കമാണ് മോദിക്ക് തിരിച്ചടിയായത്.

യു.പിയില്‍ കഴിഞ്ഞ തവണ 80തില്‍ 73 സീറ്റും നേടിയ എന്‍.ഡി.എക്ക് ഇത്തവണ അതിന്റെ പാതിപോലും ലഭിക്കില്ലെന്നാണ് അഭിപ്രായസര്‍വ്വേ . കഴിഞ്ഞ തവണ എസ്.പിയും കോണ്‍ഗ്രസും സഖ്യമായും ബി.എസ്.പി തനിച്ചുമായിരുന്നു ഇവിടെ മത്സരിച്ചിരുന്നത്.

ത്രികോണ മത്സരത്തില്‍ ബി.ജെ.പി തൂത്തുവാരിയപ്പോള്‍ എസ്.പി അഞ്ചു സീറ്റിലും കോണ്‍ഗ്രസ് സോണിയയുടെ റായ്ബറേലിയിലും രാഹുല്‍ഗാന്ധിയുടെ അമേഠിയിലും മാത്രമായും ഒതുങ്ങിപ്പോയി. ബിഎസ്പിക്ക് ഒരു സീറ്റുപോലും ലഭിക്കാതെ സമ്പൂര്‍ണ്ണ പരാജയമായിരുന്നു ഫലം.

ഈ പരാജയത്തിന് ബി.ജെ.പിക്ക് കനത്ത തിരിച്ചടി നല്‍കാനൊരുങ്ങിയിരിക്കുകയാണ് മായാവതി. ദലിത്, ഒ.ബി.സി വോട്ടുബാങ്കിലെ മായാവതിയുടെ ശക്തിയാണ് ബി.ജെ.പിയെ ആശങ്കപ്പെടുത്തുന്നത്.

ദലിത്, ഒ.ബി.സി വോട്ടുകള്‍ മായാവതിയിലൂടെയും യാദവ, മുസ്‌ലീം വോട്ടുകള്‍ സമാജ്‌വാദി പാര്‍ട്ടിയിലൂടെയും ജാട്ട് വോട്ടുകള്‍ അജിത് സിങിലൂടെയും സമാഹരിക്കുമ്പോള്‍ ബി.ജെ.പിയുടെ സവര്‍ണ വോട്ടുകളില്‍ കോണ്‍ഗ്രസും കടന്നുകയറുകയറാനാണ് ശ്രമിച്ചത്.

ദലിതര്‍ക്കുവേണ്ടി മായാവതി മുതലക്കണ്ണീരൊഴുക്കുകയാണെന്ന മോദിയുടെ പ്രസംഗത്തിന് മോദിയെ വഞ്ചകനെന്നു വിളിച്ചാണ് മായാവതി തിരിച്ചടിച്ചത്. സ്വന്തം ഭാര്യയെ വഞ്ചിച്ച് ഉപേക്ഷിച്ചവനാണ് മോദിയെന്നും മായാവതി തുറന്നടിച്ചു. ദലിത് പീഢനങ്ങള്‍ക്ക് മോദി മാപ്പുപറയണമെന്നാവശ്യപ്പെട്ട് ദലിത് വികാരം ആളിക്കത്തിക്കാനും അവര്‍ ശ്രമിച്ചു.

രാഹുല്‍ഗാന്ധിയെക്കാളും മോദിയെ വാക്കുകള്‍കൊണ്ടാക്രമിച്ച് മുറിവേല്‍പ്പിച്ചത് മായാവതിയാണ്. 35 വര്‍ഷം സി.പി.എം കോട്ടയാക്കി സംരക്ഷിച്ച ബംഗാളില്‍ ഭരണം പിടിച്ച മമത ബാനര്‍ജിക്കു മുന്നിലും പതറുകയായിരുന്നു മോദി. ബി.ജെ.പി അധ്യക്ഷന്‍ അമിത്ഷായുടെ വിമാനത്തിന് ബംഗാളില്‍ ഇറങ്ങാന്‍ പലതവണ അനുമതി നിഷേധിച്ച് മമത ബി.ജെ.പിയെ പരസ്യമായാണ് വെല്ലുവിളിച്ചത്.

മോദിക്കെതിരെ കടന്നാക്രമിക്കുന്ന മമതയെ നിശബ്ദമാക്കാന്‍ വിശേഷാവസരങ്ങളില്‍ കുര്‍ത്തയും മധുരപലിഹാരങ്ങളും അയക്കുന്ന മമതയുടെ സൗഹൃദം അഭിമുഖത്തില്‍ മോദി ഉയര്‍ത്തികാട്ടി. ‘ഇനി മോദിക്ക് രസഗുളയില്‍ പല്ലുപൊട്ടുന്ന കല്ലാണ് അയക്കുകയെന്നാണ്’ മമത ഇതിന് മറുപടി നല്‍കിയത്.

ഫോനി ചുഴലിക്കാറ്റ് വന്നപ്പോള്‍ മോദിയുടെ ഫോണെടുക്കാതെയും മമത അതൃപ്തിയറിയിച്ചു. 44 ലോക്‌സഭാംഗങ്ങളുള്ള ബംഗാളില്‍ നിലവില്‍ 34 സീറ്റും മമതയുടെ തൃണമൂലിനാണ് . നാല് സീറ്റ് കോണ്‍ഗ്രസിനും രണ്ടു സീറ്റുകള്‍ വീതം സി.പി.എമ്മിനും ബി.ജെ.പിക്കുമാണ് ലഭിച്ചത്.

ഇത്തവണയും ബംഗാളില്‍ വിജയം ആവര്‍ത്തിക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് മമത ബാനര്‍ജി. ഇവിടെ മമതയും ബി.ജെ.പിയും തമ്മിലാണ് പ്രധാന മത്സരം. കോണ്‍ഗ്രസും സി.പി.എമ്മും പിടിച്ചു നില്‍ക്കാനുള്ള മത്സരമാണ് നടത്തുന്നത്. വാജ്‌പേയി മന്ത്രിസഭയില്‍ റെയില്‍ മന്ത്രിയായി എന്‍.ഡി.എ സഖ്യകക്ഷിയായിരുന്നെങ്കിലും മമതക്ക് മോദിയോട് ഇപ്പോള്‍ അത്ര വലിയ മമതയൊന്നുമില്ല.

യു.പിയില്‍ മോദിയുടെ മണ്ഡലമായ വാരണാസിയില്‍ മത്സരിക്കുമെന്ന് വെല്ലുവിളി നടത്തിയാണ് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി ബി.ജെ.പിയെ ഞെട്ടിച്ചത്. എസ്.പിയും ബി.എസ്.പയുമടക്കമുള്ള പ്രതിപക്ഷ കക്ഷികള്‍ പിന്തുണ നല്‍കിയിരുന്നെങ്കില്‍ വാരണാസിയില്‍ രാജ്യത്തെ ഏറ്റവും വലിയ താരമത്സരത്തിന് തന്നെ വേദിയാകുമായിരുന്നു.

ദുര്‍ബലമായ സംഘടനാസംവിധാനമുള്ള കോണ്‍ഗ്രസിനെ യു.പിയില്‍ പുനരുജ്ജീവിപ്പിച്ചത് പ്രിയങ്കഗാന്ധിയുടെ പ്രചരണമായിരുന്നു. യു.പിയിലെ കോണ്‍ഗ്രസ് അംഗത്വത്തില്‍ തന്നെ പതിന്‍മടങ്ങ് വര്‍ധനയുണ്ടായി. പ്രിയങ്കയുടെ ഗംഗാ യാത്രയും വന്‍ വിജയമായിരുന്നു.

ബി.ജെ.പിയുടെ വോട്ടുബാങ്കായ സവര്‍ണ ഹിന്ദുക്കളുടെ വോട്ടുകളിലാണ് കോണ്‍ഗ്രസ് വിള്ളലേല്‍പ്പിച്ചത്. യു.പിയില്‍ രണ്ടില്‍ കൂടുതല്‍ ലഭിക്കുന്ന സീറ്റുകളെല്ലാം കോണ്‍ഗ്രസിന് ബോണസാണ്. രാഹുലിനേക്കാള്‍ കടുത്ത ഭാഷയില്‍ മോദിയെ ആക്രമിച്ചത് പ്രിയങ്കയായിരുന്നു.

മുത്തശി ഇന്ദിരാ പ്രിയദര്‍ശിനിയുടെ രൂപവും വേഷവുമായാണ് പ്രിയങ്ക യു.പിയിലെ വോട്ടര്‍മാരെ കൈയ്യിലെടുത്തിരുന്നത്. പ്രിയങ്കയുടെ താരപൊലിമ വോട്ടാക്കി മാറ്റാനുള്ള സംഘടനാശേഷി കോണ്‍ഗ്രസിനില്ലാത്താണ് യുപിയിലെ വലിയ പരാജയം. കരുത്തനായ പ്രധാനമന്ത്രിയെന്ന് ബി.ജെ.പി ഉയര്‍ത്തികാട്ടിയ നരേന്ദ്രമോദി പതറിപ്പോയത് മായാവതി, മമത, പ്രിയങ്ക ത്രിമൂര്‍ത്തികളുടെ കടന്നാക്രമണത്തിലാണ്.

തെരഞ്ഞെടുപ്പിനു ശേഷം മോദിയെ പ്രധാനമന്ത്രിസ്ഥാനത്തുനിന്നും താഴെയിറക്കാനുള്ള പ്രതിപക്ഷ ഐക്യനീക്കത്തിനു പിന്നിലും ഈ പെണ്‍സാന്നിധ്യം കൂടുതല്‍ കരുത്തോടെ ഉണ്ടാകുമെന്നതാണ് ബി.ജെ.പിയെ ഇപ്പോള്‍ ആശങ്കപ്പെടുത്തുന്നത്.

Express Kerala view

Top