കേദര്‍നാഥ് യാത്ര വ്യക്തിപരമായിരുന്നു, അതില്‍ രാഷ്ട്രീയമില്ല ; മന്‍ കി ബാത്തില്‍ മോദി

ന്യൂഡല്‍ഹി: രണ്ടാം വട്ടം പ്രധാനമന്ത്രിയായതിനു ശേഷമുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രതിമാസ റേഡിയോ പരിപാടിയായ മന്‍ കി ബാത്തിന്റെ ആദ്യ എപ്പിസോഡ് ഇന്ന് തുടങ്ങി. ആദ്യ റേഡിയോ പ്രസംഗത്തില്‍ നരേന്ദ്ര മോദി തിരഞ്ഞെടുപ്പ് വേളയില്‍ കേദാര്‍നാഥിലേക്കുള്ള തന്റെ യാത്രയെക്കുറിച്ച് അനുസ്മരിച്ചു.

കേദര്‍നാഥ് യാത്ര വ്യക്തിപരമായി തനിക്ക് കിട്ടിയ അവസരമായിരുന്നുവെന്നും അതില്‍ രാഷ്ട്രീയമില്ലെന്നും അദ്ദേഹം പറഞ്ഞു. മന്‍ കി ബാത്തിന്റെ ഇടവേള നല്‍കിയ ശൂന്യത നികത്താന്‍ ആ ഗുഹയിലെ ഏകാന്ത വാസം എനിക്ക് അവസരം തന്നുവെന്നും മോദി വ്യക്തമാക്കി. കഴിഞ്ഞ മാസമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി കേദാര്‍നാഥ് സന്ദര്‍ശിക്കാനെത്തിയത്. കേദാര്‍നാഥിലെത്തിയ മോദി അവിടുത്തെ മലനിരകളിലുളള ഗുഹയില്‍ ധ്യാനം ചെയ്തു. ഇതോടെ ഗുഹയ്ക്ക് പ്രശസ്തിയാര്‍ജിച്ചു. മോദി ധ്യാനനിമഗ്‌നനായ ഗുഹയിലേക്ക് ഇപ്പോള്‍ തീര്‍ഥാടകരുടെ ഒഴുക്കാണ്.

ജലസംരക്ഷണത്തിന്റെ പ്രധാന്യം ഓര്‍മിപ്പിക്കുന്നതിനാണ് മന്‍ കി ബാത്തില്‍ മോദി ഏറെ ശ്രദ്ധ നല്‍കിയത്. ജലസംരക്ഷത്തിനായി സ്വഛ് ഭാരതിന് സമാനമായ ദേശീയ മുന്നേറ്റങ്ങള്‍ ആരംഭിക്കേണ്ടി വരുമെന്നും ഞാന്‍ എല്ലാ ഇന്ത്യക്കാരോടും അഭ്യര്‍ത്ഥിക്കുന്നുവെന്നും മോദി പറഞ്ഞു. പ്രമുഖരായിട്ടുള്ള ആളുകള്‍ ഉള്‍പ്പെടെ ജീവിതത്തിന്റെ നാനാ തുറകളിലുള്ള എല്ലാവരും ജല സംരക്ഷണത്തെ കുറിച്ച് ബോധവത്കരണം നടത്തണം. ജല സംരക്ഷണത്തിന് വേണ്ടി പരമ്പരാഗതമായി ചെയ്ത കാര്യങ്ങളെ കുറിച്ചുള്ള അറിവുകള്‍ ദയവ് ചെയ്ത് പങ്കുവെക്കണം. ജലത്തിനായി പ്രവര്‍ത്തിക്കുന്ന ഏതെങ്കിലും വ്യക്തികളെ കുറിച്ചോ സന്നദ്ധ സംഘടനകളെ കുറിച്ചോ നിങ്ങള്‍ക്കറിയുമെങ്കില്‍ അവരെ കുറിച്ച് പങ്കുവെക്കണമെന്നും മന്‍ കി ബാത്തില്‍ പ്രധാനമന്ത്രി അഭ്യര്‍ത്ഥിച്ചു.

2019 ലെ ലോക്‌സഭാ തരഞ്ഞെടുപ്പില്‍ ബിജെപിയുടെ വിജയത്തെക്കുറിച്ചും പ്രധാനമന്ത്രി സംസാരിച്ചു. ജനങ്ങളില്‍ വിശ്വാസമുള്ളതിനാല്‍ തന്റെ വിജയത്തില്‍ ആത്മവിശ്വാസമുണ്ടായിരുന്നു എന്ന് പ്രധാനമന്ത്രി പറഞ്ഞു ‘2019 ലെ പൊതുതെരഞ്ഞെടുപ്പില്‍ ഇന്ത്യ അവരുടെ 61 കോടി വോട്ടര്‍മാര്‍ അവരുടെ പരമാധികാരം വിനിയോഗിക്കുന്നതിന് രാജ്യം സാക്ഷ്യം വഹിച്ചു. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ തിരഞ്ഞെടുപ്പായിരുന്നു ഇപ്പോള്‍ നടന്നത്,’ അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ അഞ്ചു വര്‍ഷത്തില്‍ മന്‍ കി ബാത്തില്‍ എനിക്ക് നിരവധി ഫോണ്‍ കോളുകളും കത്തുകളുമാണ് ലഭിച്ചത്. വ്യക്തിപരമായ ആവശ്യങ്ങള്‍ ഉന്നയിച്ചുള്ളതായിരുന്നില്ല അതൊന്നും. നിങ്ങള്‍ക്കത് ഊഹിക്കാനാകുമോ. അതാണ് ജനങ്ങളുടെ മഹത്വമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Top