നരേന്ദ്രമോദി ഗള്‍ഫ് പര്യടനത്തിന് ; യു.എ.ഇ, ബഹ്റൈൻ രാജ്യങ്ങൾ സന്ദർശിക്കാനൊരുങ്ങുന്നു

ദുബായ് : പ്രധാനമന്ത്രി നരേന്ദ്രമോദി ഈ മാസം 23 മുതല്‍ 25 വരെ ഗള്‍ഫ് രാജ്യങ്ങളായ യു.എ.ഇയിലും ബഹ്‌റൈനിലും സന്ദര്‍ശനം നടത്തും. വെള്ളിയാഴ്ച യു.എ.ഇയിലെത്തുന്ന പ്രധാനമന്ത്രിക്കു രാജ്യത്തിന്റെ പരമോന്നത സിവിലിയന്‍ പുരസ്‌കാരമായ ഷെയ്ഖ് സായിദ് മെഡല്‍ സമ്മാനിക്കും.

രണ്ടാം എന്‍.ഡി.എ സര്‍ക്കാര്‍ അധികാരത്തിലേറിയ ശേഷമുള്ള പ്രധാനമന്ത്രിയുടെ ആദ്യ ഗള്‍ഫ് സന്ദര്‍ശനമാണിത്. ഇത് മൂന്നാം തവണയാണ് മോദി യു.എ.ഇ സന്ദര്‍ശിക്കുന്നത്. അബൂദബി കിരീടാവകാശിയും യു.എ.ഇ സായുധസേനാ ഉപസര്‍വ്വ സൈന്യാധിപനുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് ആല്‍ നഹ്യാനുമായി കൂടിക്കാഴ്ച നടത്തുമെന്ന് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം വാര്‍ത്താകുറിപ്പില്‍ അറിയിച്ചു. ഇന്ത്യയുടെ ഉന്നത വ്യക്തി അടുത്ത ദിവസങ്ങളില്‍ യു.എ.ഇ സന്ദര്‍ശിക്കുമെന്ന് അംബാസഡര്‍ നവ്ദീപ് സിങ് സുരി സ്വാതന്ത്ര്യദിനത്തില്‍ വ്യക്തമാക്കിയിരുന്നു.

യു.എ.ഇയില്‍ നിന്ന് 24ന് മോദി ബഹ്‌റൈനിലേക്ക് പോകും. ബഹ്‌റൈന്‍ സന്ദര്‍ശിക്കുന്ന ആദ്യ ഇന്ത്യന്‍ പ്രധാനമന്ത്രിയാണിദ്ദേഹം.ബഹ്‌റൈന്‍ രാജാവ് ശൈഖ് ഹമദ് ബിന്‍ ഈസ അല്‍ ഖലീഫ മോദിക്കായി പ്രത്യേക വിരുന്നു സല്‍ക്കാരം ഒരുക്കുന്നുണ്ട്. ബഹ്‌റൈന്‍ പ്രധാനമന്ത്രി ശൈഖ് ഖലീഫ ബിന്‍ സല്‍മാന്‍ അല്‍ ഖലീഫയുമായി കൂടിക്കാഴ്ചക്കു ശേഷം മനാമയിലെ ശ്രീനാത്ജി ശ്രീകൃഷ്ണ ക്ഷേത്ര നവീകരണ പരിപാടിയിലും പെങ്കടുക്കും.

Top