വൻ നേട്ടം കൊയ്ത് മോദി സർക്കാർ, ഈ ത്രിമൂർത്തികൾ വിറപ്പിച്ചു

ന്യൂഡൽഹി: രണ്ടാം മോദിസർക്കാർ അധികാരത്തിൽ കയറിയിട്ട് നൂറ് ദിവസങ്ങൾ തികയുന്നതിന് മുന്നേ ശക്തമായ നടപടികളിലൂടെ ശ്രദ്ധേയമാകുന്നു.

കശ്മീരിന് പ്രത്യേക പദവി നൽകുന്ന ഭരണഘടനയിലെ വകുപ്പുകൾ റദ്ദാക്കിയ തീരുമാനത്തിലൂടെയാണ് രണ്ടാം മോദിസർക്കാർ രാജ്യത്തെ തന്നെ ഞെട്ടിച്ചത്. കേന്ദ്രം ഇത്തരത്തിലൊരു തീരുമാനത്തിൽ എത്തിയത് കൃത്യമായ ആസൂത്രണത്തിനൊടുവിലാണ്. നീക്കത്തിന് ചുക്കാൻ പിടിച്ചത് സർക്കാരിലെ ത്രിമൂർത്തികളായ പ്രധാനമന്ത്രി നരേന്ദ്രമോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ദോവൽ എന്നിവരാണ്.

പാർലമെന്റിൽ ബിൽ എത്തുന്നതിന് ദിവസങ്ങൾക്ക് മുന്നേ ഇതു സംബന്ധിച്ച മുന്നൊരുക്കങ്ങൾ നടന്നിരുന്നു. അമർനാഥ് തീർത്ഥാടനം തത്കാലത്തേയ്ക്ക് നിർത്തി വെച്ചതായും സുരക്ഷാ ഭീഷണി കണക്കിലെടുത്ത് തീർത്ഥാടകരും വിനോദ സഞ്ചാരികളും എത്രയും പെട്ടെന്ന് താഴ്‌വര വിട്ട് പോകണമെന്ന് മുന്നറിയിപ്പു നൽകിയതും കഴിഞ്ഞ ദിവസങ്ങളിലാണ്.

കശ്മീരിലേയ്ക്ക് 8000 അർധസൈനികരെ കൂടി വിന്യസിപ്പിക്കാനും കേന്ദ്രസർക്കാർ ഒരുങ്ങുകയാണ്. ഉത്തർപ്രദേശ്, ഒഡീഷ, അസം എന്നിവിടങ്ങളിൽ നിന്ന് എണ്ണായിരത്തോളം അർധസൈനികരെയാണ് അടിയന്തരമായി കശ്മീർ താഴ്‌വരയിൽ വിന്യസിപ്പിക്കാൻ കൊണ്ടുപോയത്. ശ്രീനഗറിൽ നിന്നു സൈന്യത്തെ വിവിധ കേന്ദ്രങ്ങളിലേക്ക് അയച്ചുകൊണ്ടിരിക്കുകയാണ്.

അനുച്ഛേദം 370 റദ്ദാക്കിയതിനെ തുടർന്ന് കശ്മീരിൽ സംഘർഷ സാധ്യത കണക്കിലെടുത്താണ് കേന്ദ്രത്തിന്റെ പുതിയ നീക്കം. ഇന്നലെ രാത്രിയിൽ കശ്മീരിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു. സംഘർഷ സാധ്യത കണക്കിലെടുത്ത് കഴിഞ്ഞയാഴ്ച 25,000 സൈനികരെ കശ്മീർ താഴ്‌വരയിൽ വിന്യസിപ്പിച്ചിരുന്നു.

അതിന് ഒരാഴ്ച മുമ്പും 100 കമ്പനി സൈനികരെ കേന്ദ്രം വിന്യസിപ്പിച്ചിരുന്നു. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ദോവൽ ജമ്മു-കശ്മീരിൽ സന്ദർശനം നടത്തി മടങ്ങിയതിനു പിന്നാലെയാണ് കേന്ദ്രം സൈനിക വിന്യാസം ആരംഭിച്ചത്. യാത്രയുടെ സുരക്ഷയ്ക്കായി എത്തിച്ച നാൽപതിനായിരത്തോളം അർധസൈനികരെ മറ്റു ക്രമസമാധാന ചുമതല ഏൽപ്പിക്കുന്നതായും റിപ്പോർട്ടുണ്ട്. ഏതു സാഹചര്യവും നേരിടാൻ തയാറായിരിക്കാനാണ് സേനയ്ക്കു ലഭിച്ചിരിക്കുന്ന നിർദേശം.

Top