യുവാക്കളോട് കാട്ടിലേക്ക് പോകാന്‍ മോദിയുടെ ആഹ്വാനം; കാഴ്ചപ്പാടുകളില്‍ മാറ്റമുണ്ടാകുമത്രേ!!

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഹിമാലയന്‍ കഥകള്‍ ട്രോളുകളില്‍ സൂപ്പര്‍ഹിറ്റായി ഇപ്പോഴും ഓടിക്കൊണ്ടിരിക്കുകയാണ്. അതിനിടെ ദാ തന്റെ വനവാസ കഥയുമായി എത്തിയിരിക്കുകയാണ് അദ്ദേഹം. ഇതൊരു വെറും കഥപറച്ചില്‍ അല്ല യുവാക്കളോടുള്ള ഉപദേശം കൂടിയാണത്രേ. . .

എല്ലാ വര്‍ഷവും ദീപാവലിയോടനുബന്ധിച്ചുള്ള അഞ്ച് ദിവസം കാട്ടില്‍ പോയി താമസിക്കാറുണ്ടായിരുന്നു എന്നാണ് മോദി ഒരു അഭിമുഖത്തില്‍ വെളിപ്പെടുത്തിയിരിക്കുന്നത്. ഫെയ്സ്ബുക് പേജായ ദി ഹ്യൂമന്‍സ് ഓഫ് ബോംബെയാണ് അഭിമുഖം നടത്തിയത്.

വര്‍ഷം തോറും അഞ്ച് ദിവസം കാട്ടിനുള്ളില്‍ എവിടെയെങ്കിലുമാണ് അദ്ദേഹം താമസിച്ചിരുന്നത്. അത് ശുദ്ധജലമുള്ള സ്ഥലമാകണമെന്നും ആള്‍പാര്‍പ്പുണ്ടാവരുതെന്നും മോദിക്ക് നിര്‍ബന്ധമുണ്ടായിരുന്നു. അതേപോലെ തന്നെ യുവാക്കളും കുറച്ച് ദിവസം പോയി കാട്ടിലൊക്കെ താമസിച്ച് ഉന്മേഷത്തോടെ തിരിച്ചുവരണമെന്നാണ് മോദിയുടെ ഉപദേശം.

എല്ലാവരോടുമായി പറയുന്നതാണെങ്കിലും പ്രത്യേകിച്ച് യുവാക്കളോടാണ് എന്ന് അഭിമുഖത്തില്‍ മോദി എടുത്ത് പറഞ്ഞിട്ടുണ്ട് . ഈ തിരക്ക് പിടിച്ച ജീവിതവും ഓട്ടവും നെട്ടോട്ടവുമൊക്കെ അവസാനിപ്പിച്ച് കുറച്ച് ദിവസം കാടിനുള്ളില്‍ വിശ്രമിക്കൂ എന്നാണ് ഉപദേശം. ചിന്തിക്കാനും ബുദ്ധിക്ക് തെളിച്ചം വരാനുമെല്ലാം ഇത് ഉപകരിക്കുമത്രേ. കാടിനുള്ളിലെ താമസം കാഴ്ച്ചപ്പാടുകളെത്തന്നെ മാറ്റുമെന്നും സ്വന്തം ആത്മാവിനെ നമ്മള്‍ തൊട്ടറിയുമെന്നും മോദി പറഞ്ഞിട്ടുണ്ട്.

ശരിയാണ്, തൊഴില്‍രഹിതരായ യുവസമൂഹം പ്രധാനമന്ത്രി വാഗ്ദാനം ചെയ്ത തൊഴിലുകള്‍ ഇപ്പോള്‍ ലഭിക്കുമെന്ന് ആശിച്ച് കാത്തിരിപ്പ് തുടങ്ങിയിട്ട് വര്‍ഷം അഞ്ചാകുന്നല്ലോ. വെറുതെയിരുന്ന് മടുത്തവരൊക്കെ കാട്ടിനുള്ളില്‍ പോയി കുറച്ചുദിവസം താമസിച്ച് വരൂ എന്നൊരു ധ്വനി മോദിയുടെ വാക്കുകളിലുണ്ടോ? തൊഴിലില്ലായ്മ മൂലം ജീവിതം തന്നെ മടുത്ത അനേകായിരങ്ങളോടാണ് ഈ മോദി ഉവാച എന്ന് ഓര്‍ക്കണം.

കാടിനുള്ളിലെ ആ ജീവിതത്തില്‍ നിന്നാണ് തനിക്ക് തന്നെ അറിയാന്‍ കഴിഞ്ഞതെന്നാണ് മോദി പറഞ്ഞത്. അന്നത്തെ ഏകാന്തധ്യാനങ്ങളില്‍ നിന്ന് ലഭിച്ച കരുത്താണേ്രത അദ്ദേഹത്തെ ഇന്നും ജീവിതത്തെ നേരിടാന്‍ പ്രാപ്തനാക്കുന്നത്.

അതുപോലെ ആത്മപരിശോധന നടത്താനും സ്വയം കരുത്താര്‍ജിക്കാനുമാണ് യുവാക്കളോടുള്ള മോദിയുടെ ആഹ്വാനം. വെളിച്ചം തേടി നിങ്ങള്‍ അലയേണ്ടതില്ലെന്നും അത് നിങ്ങളുടെ ഉള്ളില്‍തന്നെയുണ്ടെന്നും മോദി യുവാക്കളോട് പറയുമ്പോള്‍ നാനാദിക്കില്‍ നിന്നും പ്രതികരണങ്ങള്‍ ഉണ്ടാകുമെന്നുറപ്പ്.

modi main

എന്തായാലും പൊതുജനത്തിന് ചിന്തിക്കാന്‍ ഒരുപാട് ബാക്കിവച്ചാണ് ഈ അഭിമുഖം ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. താനൊരു പ്രകൃതിസ്നേഹിയാണെന്നൊക്കെ വരുത്തിത്തീര്‍ത്ത് ഇമേജ് സൃഷ്ടിക്കലാണ് ഇതിലൂടെ ലക്ഷ്യം വയ്ക്കുന്നതെങ്കിലും നിലവിലെ സാഹചര്യത്തില്‍ ചക്കിന് വച്ചത് കൊക്കിന് കൊള്ളാനാണ് സാധ്യത. തിരഞ്ഞെടുപ്പ് ഇങ്ങെത്തിക്കഴിഞ്ഞു. രണ്ടാമൂഴത്തിന് കച്ചകെട്ടിയിറങ്ങിയിരിക്കുന്ന മോദിക്ക് ഈ അഭിമുഖവും പ്രസ്താവനകളുമൊക്കെ കൊണ്ട് ഗുണമോ ദോഷമോ വരാനിരിക്കുന്നത്. കാത്തിരുന്ന് കാണാം!

political reporter

Top