‘ലക്ഷ്യം 2024 അല്ല, 2047’: സമ്പൂർണ മന്ത്രിസഭാ യോഗത്തിൽ നരേന്ദ്ര മോദി

ന്യൂഡൽഹി : ഏക സിവിൽ കോഡ് (യുസിസി) ഉൾപ്പെടെയുള്ള വിഷയങ്ങളിൽ കേന്ദ്രസർക്കാരിനെതിരായ വിമർശനങ്ങൾ പ്രതിപക്ഷം കടുപ്പിക്കുമ്പോൾ, ഭരണത്തുടർച്ചയുടെ വലിയ കാലയളവ് മുൻകൂട്ടി കാണാൻ സഹപ്രവർത്തകരെ ഓർമിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. 2024 അല്ല, 2047 ലക്ഷ്യം വയ്ക്കണമെന്നു കേന്ദ്രമന്ത്രിമാരോടു മോദി പറഞ്ഞു. സമ്പൂർണ മന്ത്രിസഭാ യോഗത്തിലായിരുന്നു മോദിയുടെ പരാമർശം.

‘‘2024നെ നോക്കുന്നതിനു പകരം 2047ൽ രാജ്യത്തിന്റെ വികസനം എത്രമാത്രം കൂട്ടാം എന്നതിലേക്കു ശ്രദ്ധ മാറ്റണം. ഇന്ത്യയ്ക്കു സ്വാതന്ത്ര്യം കിട്ടിയതിന്റെ നൂറാം വാർഷികം അപ്പോഴാണ്. 2047 വരെ രാജ്യത്തിന് ‘അമൃത കാൽ’ (സുവർണകാലം) ആണ്. അടുത്ത 25 വർ‌ഷത്തിനകം ഒരുപാട് കാര്യങ്ങളിൽ മാറ്റമുണ്ടാകും. ഉന്നത വിദ്യാഭ്യാസം നേടിയ ഉദ്യോഗാർഥികളുടെ കുത്തൊഴുക്കിന് രാജ്യം സാക്ഷിയാകും. വിവിധ മേഖലകളിൽ അത്യാധുനിക സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തും.’’– മോദി പറഞ്ഞതായി ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തു.

കേന്ദ്രമന്ത്രിസഭയിൽ അഴിച്ചുപണിയുണ്ടാകുമെന്ന അഭ്യൂഹങ്ങൾക്കിടെയാണ്, പ്രഗതി മൈതാൻ കൺവൻഷൻ സെന്ററിൽ സമ്പൂർണ മന്ത്രിസഭാ യോഗം മോദിയുടെ അധ്യക്ഷതയിൽ ചേർന്നത്. ഓരോ വകുപ്പുകളുടെയും മന്ത്രിമാരുടെയും വിലയിരുത്തലുകളുണ്ടായി. വിവിധ വകുപ്പു സെക്രട്ടറിമാർ പദ്ധതികളുടെ അവലോകനം നടത്തി. വർഷകാല സമ്മേളനത്തെക്കുറിച്ചും വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളുടെ മുന്നൊരുക്കങ്ങളെക്കുറിച്ചും മോദി സംസാരിച്ചു.

അടുത്ത 25 വർഷം ഇന്ത്യയുടെ വികസനത്തെ കുറിച്ചുള്ള പദ്ധതി രൂപരേഖ എല്ലാ മന്ത്രാലയങ്ങളും അവതരിപ്പിച്ചു. ഇക്കഴിഞ്ഞ 9 വർ‌ഷം നിരവധി വികസന പ്രവർത്തനങ്ങൾ കേന്ദ്ര സർക്കാർ ചെയ്തിട്ടുണ്ടെന്നും വരുന്ന 9 മാസം മന്ത്രിമാർ അതേപ്പറ്റി ജനങ്ങളെ ബോധവൽക്കരിക്കണമെന്നും മോദി പറഞ്ഞു. ഏറ്റവും പ്രധാനപ്പെട്ട 12 നേട്ടങ്ങളുടെയോ പദ്ധതികളുടെയോ കലണ്ടർ മന്ത്രിമാർ തയാറാക്കാനും നിർദേശിച്ചിട്ടുണ്ട്. യോഗത്തിന്റെ ചിത്രങ്ങൾ പിന്നീട് മോദി ട്വിറ്ററിൽ പങ്കുവച്ചു.

തിരഞ്ഞെടുപ്പു നടക്കാനിരിക്കുന്ന സംസ്ഥാനങ്ങളിൽനിന്നും പുതുതായി വന്ന എൻസിപി അജിത് പവാർ വിഭാഗമുൾപ്പെടെയുള്ള ഘടകകക്ഷികളിൽനിന്നും മന്ത്രിമാരുണ്ടാകുമെന്ന അഭ്യൂഹങ്ങൾ ശക്തമാണ്. രാജീവ് ചന്ദ്രശേഖറിന് കാബിനറ്റ് സ്ഥാനവും നടൻ സുരേഷ് ഗോപിക്കു മന്ത്രിസ്ഥാനവും ലഭിക്കുമെന്നും വി.മുരളീധരൻ ബിജെപി കേരള നേതൃത്വത്തിലേക്ക് മടങ്ങുമെന്നും അഭ്യൂഹങ്ങളുണ്ട്. കേരളമുൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ പുതിയ നേതൃത്വമുണ്ടായേക്കുമെന്ന് ജെ.പി.നഡ്ഡ നേരത്തേ പറഞ്ഞിരുന്നു. മധ്യപ്രദേശ്, കർണാടക തുടങ്ങിയ സംസ്ഥാനങ്ങളിലും നേതൃമാറ്റമുണ്ടായേക്കും.

Top