Narendra Modi in Kanpur-With UP polls ahead, PM seeks to cement support for BJP

കാണ്‍പൂര്‍: കേന്ദ്ര സര്‍ക്കാര്‍ അഴിമതി നിര്‍ത്താന്‍ ശ്രമിക്കുമ്പോള്‍ കോണ്‍ഗ്രസ് ശ്രമിക്കുന്നത് പാര്‍ലമെന്റ് നിര്‍ത്താനാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി.

പ്രതിപക്ഷം പാര്‍ലമെന്റ് തടസപ്പെടുത്തിയത് കള്ളന്മാര്‍ക്ക് വേണ്ടിയാണെന്ന് പ്രധാനമന്ത്രി ആരോപിച്ചു. ഉത്തര്‍പ്രദേശ് നിയമസഭ തെരഞ്ഞെടുപ്പ് പ്രചരണാര്‍ഥം കാണ്‍പൂരില്‍ സംഘടിപ്പിച്ച റാലിയിലായിരുന്നു മോദിയുടെ വിമര്‍ശനം.

നോട്ട് പിന്‍വലിക്കല്‍ മൂലം ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടെന്ന് തനിക്കറിയാം. എന്നാല്‍ രാഷ്ട്രത്തിന്റെ ക്ഷേമത്തിന് വേണ്ടി ബുദ്ധിമുട്ടുന്ന ജനങ്ങള്‍ക്ക് നിരാശരാകേണ്ടി വരില്ല.

അഴിമതിക്കും കള്ളപ്പണത്തിനും എതിരേ കേന്ദ്ര സര്‍ക്കാര്‍ ശക്തമായ നടപടികള്‍ സ്വീകരിക്കുമ്പോള്‍ പ്രതിപക്ഷം അവര്‍ക്ക് പിന്തുണ നല്‍കുകയാണ് ചെയ്യുന്നത്.

രാജ്യത്ത് അഴിമതിയും കള്ളപ്പണവും ഇല്ലാതാക്കുക എന്നതാണ് തന്റെ സര്‍ക്കാരിന്റെ ലക്ഷ്യം. ലോക്‌സഭയില്‍ സ്പീക്കര്‍ക്ക് നേരെ പേപ്പറുകള്‍ കീറിയെറിയുന്നതും നടപടികള്‍ തടസപ്പെടുത്തുന്നതും അഴിമതി പുറത്തുവരുമോ എന്ന ഭയം മൂലമാണെന്നും അദ്ദേഹം പറഞ്ഞു.

ഇത്തരം ആളുകള്‍ക്ക് തെരഞ്ഞെടുപ്പില്‍ വോട്ടു ചെയ്യുമ്പോള്‍ 50 പ്രാവശ്യം ആലോചിക്കണം. ഉത്തര്‍പ്രദേശിലെ ജനങ്ങള്‍ മാറ്റം ആഗ്രഹിക്കുന്നു. യുപിയില്‍ മാറ്റത്തിന്റെ കാറ്റല്ല, കൊടുങ്കാറ്റാണ് ഉണ്ടാകാന്‍ പോകുന്നത്.

ഉത്തര്‍പ്രദേശിലെ യുവജനങ്ങള്‍ക്ക് വേണ്ടി കേന്ദ്ര സര്‍ക്കാര്‍ പ്രത്യേക തൊഴില്‍ പദ്ധതികള്‍ തയാറാക്കും. കേന്ദ്രത്തില്‍ ഒറ്റയ്ക്ക് ഭരിക്കാന്‍ ബിജെപിക്ക് ഭൂരിപക്ഷം തന്നത് യുപിയിലെ ജനങ്ങളാണ്.

സമൂഹത്തിലെ പിന്നോക്കക്കാരുടെ ഉന്നമനമാണ് കേന്ദ്ര സര്‍ക്കാരിന്റെ ലക്ഷ്യമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.

Top