വിവാദ പ്രസ്താവന തിരുത്തി ; അത് മോദിയെ ഉദ്ദേശിച്ചുള്ളതല്ലെന്ന് ഇമ്രാന്‍ ഖാന്‍

ഇസ്ലാമാബാദ്: തന്റെ വിവാദമായ ട്വീറ്റ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഉദ്ദേശിച്ചുള്ളതല്ലെന്ന് പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. സമാധാനശ്രമങ്ങള്‍ക്കുള്ള അഭിപ്രായ ഐക്യം രൂപപ്പെടുമ്പോള്‍ ഇത്തരത്തിലുള്ള പിഴവുകള്‍ അതിനു ഭംഗംവരുത്തരുതെന്നും ഇമ്രാന്‍ പറഞ്ഞു.

ചെറിയ മനുഷ്യര്‍ വലിയ സ്ഥാനങ്ങള്‍ കൈയടക്കിയിരിക്കുന്നു എന്നായിരുന്നു ഇമ്രാന്റെ വിവാദ ട്വീറ്റ്.

സെപ്റ്റംബറില്‍ യുഎന്‍ ജനറല്‍ അസംബ്ലിയില്‍ പങ്കെടുക്കാനെത്തുമ്പോള്‍ ഇരുരാജ്യങ്ങളുടേയും വിദേശകാര്യമന്ത്രിമാര്‍ തമ്മില്‍ നടത്താനിരുന്ന കൂടിക്കാഴ്ചയില്‍നിന്നും ഇന്ത്യ പിന്‍മാറിയതിനെ തുടര്‍ന്നാണ് ഇമ്രാന്‍ വിവാദ പ്രസ്താവന നടത്തിയത്.

സമാധാന ചര്‍ച്ചകള്‍ പുനരാരംഭിക്കുന്നതിനുള്ള തന്റെ അഭ്യര്‍ഥനയോട് ധാര്‍ഷ്ട്യവും നിഷേധാത്മകവുമായ ഇന്ത്യയുടെ പ്രതികരണത്തില്‍ നിരാശയുണ്ട്. തന്റെ ജീവിതത്തില്‍ കണ്ടുമുട്ടിയ വലിയ സ്ഥാനം കൈയടക്കിയ ചെറിയ മനുഷ്യര്‍ക്ക് വലിയ ദര്‍ശനങ്ങള്‍ ഉണ്ടാവില്ലെന്നായിരുന്നു ഇമ്രാന്റെ ട്വീറ്റ്.

Top