മോദിയുടെ വാക്കും പഴഞ്ചാക്കും: വാഗ്ദാനങ്ങള്‍ കാറ്റില്‍ പറത്തിയ നാല് വര്‍ഷങ്ങള്‍. . .

ന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അധികാരത്തിലെത്തിയത് കഷ്ടപാടുകളും ബുദ്ധിമുട്ടുകളും സഹിച്ചാണത്രെ,
ഇതൊക്കെ കേള്‍ക്കുന്നവര്‍ക്കും കാണുന്നവര്‍ക്കും സാമാന്യ വിവരം ഉണ്ടെന്ന് ചിന്തിച്ചിട്ടുവേണ്ടെ ഇത്തരം മണ്ടത്തരങ്ങള്‍ പടച്ചുവിടാന്‍?

വരാനിരിക്കുന്ന ലോക് സഭാ തെരഞ്ഞെടുപ്പ് മുന്‍ നിര്‍ത്തി, സകല പാര്‍ട്ടികളും അണികളും തമ്മില്‍ ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുന്നതിനിടയില്‍ ഇത്തരം വിഢിത്തരങ്ങള്‍ ഒരു കൂസലും കൂടാതെ അഭിമാനപൂര്‍വ്വം കാണിച്ചുതരാന്‍ നാണമില്ലേ നിങ്ങള്‍ക്ക്??

മോദി നിലം തുടക്കുന്ന ചിത്രം. . , അല്ല വ്യാജ ചിത്രം കളത്തിലിറക്കി ജനങ്ങളുടെ മുന്നില്‍ എന്ത് അനുകമ്പ പിടിച്ചുപറ്റാനാണ് ബിജെപി ശ്രമിക്കുന്നത്. ഫോട്ടോഷോപ്പ് ഉപയോഗിച്ച് ഉണ്ടാക്കിയ ചിത്രം വ്യാജമാണെന്ന് നേരത്തെ തെളിഞ്ഞിരുന്നു, ഇതിന് പിന്നാലെയാണ് ഇപ്പോല്‍ മോദിയുടെ കഷ്ടപ്പാട് തെളിയിക്കാന്‍ സംഘപരിവാര്‍ ചാനല്‍ കഷ്ടപ്പെടുന്നത്.

അണ്‍ഹേര്‍ഡ് സ്റ്റോറീസ് ഓഫ് പി.എം നരേന്ദ്ര മോദി എന്ന പ്രത്യേക പരിപാടിയില്‍ മോദി നിലം തുടക്കുന്ന ചിത്രം വളരെ വൃത്തിയായി തന്നെ പ്രദര്‍ശിപ്പിച്ചു. രാജ്യത്തിന്റെ പ്രധാനമന്ത്രിയെ ഇങ്ങനെയൊക്കെ ജനങ്ങളുട മുന്നില്‍ പ്രദര്‍ശിപ്പിച്ചിട്ടുവേണോ വീണ്ടും ബിജെപിക്ക് അധികാരത്തിലേറാന്‍?

മോദിയുടെ ഹിമാലയന്‍ കഥകളും, വനവാസ കഥകളുമൊക്കെ പുച്ഛത്തോടെ തള്ളികളഞ്ഞ ലോകം ഇതൊക്കെ കണ്ട് അപ്പാടെ വിശ്വസിക്കുമെന്ന കരുതിയെങ്കില്‍ നിങ്ങള്‍ക്ക് തെറ്റി.

എല്ലാ വര്‍ഷവും ദീപാവലിയോടനുബന്ധിച്ചുള്ള അഞ്ച് ദിവസം കാട്ടില്‍ പോയി താമസിക്കാറുണ്ടായിരുന്നു എന്നാണ് മോദി ഒരു അഭിമുഖത്തില്‍ വെളിപ്പെടുത്തിയിരുന്നത്. ഫെയ്‌സ്ബുക് പേജായ ദി ഹ്യൂമന്‍സ് ഓഫ് ബോംബെയാണ് അഭിമുഖം നടത്തിയത്.

വര്‍ഷം തോറും അഞ്ച് ദിവസം കാട്ടിനുള്ളില്‍ എവിടെയെങ്കിലുമാണ് അദ്ദേഹം താമസിച്ചിരുന്നത്. അത് ശുദ്ധജലമുള്ള സ്ഥലമാകണമെന്നും ആള്‍പാര്‍പ്പുണ്ടാവരുതെന്നും മോദിക്ക് നിര്‍ബന്ധമുണ്ടായിരുന്നത്രേ.

ഈ തിരക്ക് പിടിച്ച ജീവിതവും ഓട്ടവും നെട്ടോട്ടവുമൊക്കെ അവസാനിപ്പിച്ച് കുറച്ച് ദിവസം കാടിനുള്ളില്‍ വിശ്രമിക്കൂ എന്നായിരുന്നു യുവാക്കളോടുള്ള മോദിയുടെ ഉപദേശം. ചിന്തിക്കാനും ബുദ്ധിക്ക് തെളിച്ചം വരാനുമെല്ലാം ഇത് ഉപകരിക്കുമത്രേ. കാടിനുള്ളിലെ താമസം കാഴ്ച്ചപ്പാടുകളെത്തന്നെ മാറ്റുമെന്നും സ്വന്തം ആത്മാവിനെ നമ്മള്‍ തൊട്ടറിയുമെന്നുമാണ് മോദി പറയു ന്നത്.

ശരിയാണ്, തൊഴില്‍രഹിതരായ യുവസമൂഹം പ്രധാനമന്ത്രി വാഗ്ദാനം ചെയ്ത തൊഴിലുകള്‍ ഇപ്പോള്‍ ലഭിക്കുമെന്ന് ആശിച്ച് കാത്തിരിപ്പ് തുടങ്ങിയിട്ട് വര്‍ഷം അഞ്ചാകുന്നല്ലോ. വെറുതെയിരുന്ന് മടുത്തവരൊക്കെ കാട്ടിനുള്ളില്‍ പോയി കുറച്ചുദിവസം താമസിച്ച് വരൂ എന്നൊരു ധ്വനി മോദിയുടെ വാക്കുകളിലുണ്ടോ? തൊഴിലില്ലായ്മ മൂലം ജീവിതം തന്നെ മടുത്ത അനേകായിരങ്ങളോടാണ് ഈ മോദി ഉവാച എന്ന് ഓര്‍ക്കണം.

സംഘപരിവാറിനെ കൂട്ടുപിടിച്ച് ബിജെപി നടത്തുന്ന രാഷ്ട്രീയ നീക്കങ്ങള്‍ ഇനിയും വിലപോകില്ല. അതിന് ഉദാഹരണമാണ് നിയമസഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് നേരിട്ട വന്‍ തിരിച്ചടി. ബിജെപി ശക്തി കേന്ദ്രങ്ങളില്‍ പോലും മിന്നുന്ന പ്രകടനമാണ് കോണ്‍ഗ്രസ് കാഴ്ച്ചവെച്ചത്.

നാല് വര്‍ഷം കൊണ്ട് 2,021 കോടി മുടക്കി വിദേശയാത്രകള്‍ നടത്തിയ മറ്റൊരു പ്രധാനമന്ത്രിയും ഇതുവരെ ഇന്ത്യ കണ്ടിട്ടില്ല. 41 വിദേശയാത്രകള്‍, മൊത്തം 59 രാജ്യങ്ങള്‍. ഈ കണക്കുകള്‍ മാത്രം മതി ബിജെപി ആര്‍ഭാടമായി രാജ്യം ഭരിച്ചതിന് തെളിവായി. എന്നിട്ടാണ് ഇപ്പോള്‍ വരാനിരിക്കുന്ന വലിയ വിജയത്തെ ദിവാ സ്വപ്നം കണ്ട് കളത്തിലിറക്കുന്ന അടവുനയങ്ങള്‍. 2014 ലെ ലോക് സഭാ തിരഞ്ഞെടുപ്പില്‍ മോദി തരംഗം ആഞ്ഞടിച്ചെങ്കില്‍ വരാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ അത് ചിലപ്പോള്‍ കെട്ടടങ്ങിയേക്കും.

കര്‍ഷക പ്രക്ഷോഭങ്ങളും, ശബരിമലവിഷയും,വിലക്കയറ്റവും,സ്ത്രീ സുരക്ഷയും ഉള്‍പ്പെടെ മോദിക്കെതിരെ ആയുധമാക്കാനൊരുങ്ങുകയാണ് കോണ്‍ഗ്രസ്സ്.

പ്രകടന പത്രികയിലെ വാഗ്ദാനങ്ങള്‍ കണ്ണുമടച്ച് വിശ്വസിച്ച പട്ടിണി പാവങ്ങളാണ് വെട്ടിലായത്. 3,000 കോടി രൂപാ മുതല്‍ മുടക്കില്‍ അങ്ങ് ഗുജറാത്തില്‍ സര്‍ദാര്‍ വല്ലഭായി പട്ടേലിന്റെ സ്റ്റാച്യു ഓഫ് യൂണിറ്റി അനാവരണം ചെയ്യുമ്പോള്‍ മുഖത്തുണ്ടായിരുന്ന ആ പ്രസാദം എന്തേ ഇപ്പോള്‍ മാഞ്ഞുപോയോ? പട്ടിണി പാവങ്ങളുടെ രാജ്യമാണ് ഇന്ത്യ, അത് അന്നും ഇന്നും അങ്ങനെ തന്നെ, അതില്‍ നിന്ന് രാജ്യത്തിന് മുക്തി നേടികൊടുക്കാന്‍ കഴിവില്ലാതെ വിദേശ യാത്ര നടത്തിയിട്ട് എന്താണ് പ്രയോജനം. പട്ടേല്‍ പ്രതിമയോടൊപ്പം തലയെടുപ്പോടെ നില്‍ക്കുന്ന മോദി 2014ലെ പ്രകടനപത്രിക ഒന്നു വായിക്കുന്നത് നന്നായിരിക്കും.

മോദി പ്രഭാവത്തില്‍ കണ്ണ് മഞ്ഞളിച്ച് നില്‍ക്കുന്ന നേതാക്കള്‍ പോലും വരാനിരിക്കുന്ന തെരഞ്ഞെടുപ്പ് യുദ്ധത്തെ ഓര്‍ത്ത് ആശങ്കയിലാണ് . ഇലക്ഷന് മുന്നോടിയായി വന്ന സര്‍വേകളിലും കോണ്‍ഗ്രസിനാണ് മുന്‍തൂക്കം പ്രവചിക്കുന്നത്. ആര്‍.എസ്.എസിന്റെ രാഷ്ട്രീയ മുഖമായി ഇന്ന് അറിയപ്പെടുന്ന ബിജെപിയെ ജനങ്ങള്‍ക്കിടയില്‍ ഇത്രമേല്‍ വിദ്വേഷത്തിനും പരിഹാസത്തിനും ഇടയാക്കിയത് ഇപ്പോള്‍ അതിന്റെ ചുക്കാന്‍ പിടിക്കുന്ന നേതാക്കന്മാര്‍ തന്നെയാണ്.

ശത്രുപാളയത്തില്‍ അടുത്ത അടവിനായി പുറത്തെടുക്കുന്ന ഓരോ ആയുധവും വ്യക്തമായി മുന്നില്‍ കാണുന്ന ബിജെപി എന്തുകൊണ്ടാണ് രാജ്യത്തിന്റെ ജനമനസ്സ് കാണാതെ പോയത്. എതിര്‍ പക്ഷത്ത് പ്രിയങ്ക ഗാന്ധിയെ ഉള്‍പ്പെടെ ഇറക്കി ആവനാഴിയിലെ അവസാന അമ്പും പുറത്തെടുക്കാനൊരുങ്ങുകയാണ് കോണ്‍ഗ്രസും.

വിജയ പരാജയങ്ങള്‍ ഏറ്റുവാങ്ങുന്നത് ആരായാലും ജനമനസ്സ് അറിയാന്‍ ശ്രമിക്കണമെന്നാണ് പറയാനുള്ളത്. തെരഞ്ഞെടുപ്പ് അടുക്കുമ്പോല്‍ മാത്രം യുദ്ധകാലാടിസ്ഥാനത്തില്‍ രാജ്യപുരോഗതിക്ക് ശ്രമിക്കരുത്. അനുകമ്പ വോട്ടാക്കി മാറ്റാന്‍ ശ്രമിക്കുന്ന നാണം കെട്ട കളിയും, വാരിക്കോരിത്തരുന്ന വാഗ്ദാനങ്ങളും ഇനി ഇന്ത്യയില്‍ വിലപോവില്ല എന്ന് മനസ്സിലാക്കണം.

റിപ്പോര്‍ട്ട്: ജാസ്മിന്‍ അന്‍ഷാദ്

Top