പ്രമുഖ കമ്പനി തലവന്മാരുമായി നരേന്ദ്രമോദി കൂടികാഴ്ച നടത്തി

ദില്ലി: വിവിധ മേഖലകളിലെ പ്രമുഖ കമ്പനി തലവന്മാരുമായി പ്രധാനമന്ത്രി നരേന്ദ്രമോദി കൂടികാഴ്ച നടത്തി. 2022 കേന്ദ്ര ബഡ്ജറ്റിന്‍റെ മുന്നോടിയായാണ് ഈ കൂടികാഴ്ച നടന്നത്. കൊവിഡ് മഹാമാരിക്ക് ശേഷം ഇന്ത്യന്‍ സാമ്പത്തിക രംഗത്തെ വീണ്ടും ഏത് രീതിയില്‍ ഉര്‍ജ്ജസ്വലമാക്കാം എന്നതാണ് കൂടികാഴ്ചയില്‍ മുഖ്യവിഷയമായത് എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

ബാങ്കിംഗ്, അടിസ്ഥാന സൗകര്യ വികസനം, മോട്ടോര്‍ വാഹന മേഖല, ടെലികോം, കണ്‍സ്യൂമര്‍ ഗുഡ്സ്, ഊര്‍ജ്ജ മേഖല, ഹോസ്പിറ്റാലിറ്റി, ടെക്നോളജി, ഹെല്‍ത്ത് കെയര്‍, ബഹിരാകാശം, ഇലക്ട്രോണിക്സ് എന്നീ മേഖലകളിലുള്ള സിഇഒമാര്‍ കൂടികാഴ്ചയില്‍ പങ്കെടുത്തു.

ടിസിഎസ് സിഇഒ എംഡി രാജേഷ് ഗോപിനാഥന്‍, മാരുതി സുസുക്കി എംഡി സിഇഒ കെന്‍ചി അയുക്വാ, ടിഎഫ്ഇ ലിമിറ്റഡ് സിഎംഡി മല്ലിക ശ്രീനിവാസന്‍, റീന്യൂപവര്‍ സിഎംഡി സുമന്ത് സിന്‍ഹ, വിനീത് മിത്തല്‍ അവ്ഡാ ഗ്രൂപ്പ്, ഉദയ് കൊടാക് കൊടാക് മാഹീന്ദ്ര ബാങ്ക് സിഇഒ, മനു കപൂര്‍ സാംസങ്ങ്, ഒയോ സിഇഒ റിതേഷ് അഗര്‍വാള്‍, അപ്പോളോ ഹോസ്പിറ്റല്‍ സിഇഒ പ്രീതി റെഡ്ഡി തുടങ്ങിയവര്‍ പങ്കെടുത്തു.

സ്വകാര്യ മേഖലയില്‍ നിന്നും ബഡ്ജറ്റിന് മുന്നോടിയായി നിര്‍ദേശങ്ങളും അഭിപ്രായങ്ങളും തേടുന്നതിനും പ്രധാനമന്ത്രി ഈ യോഗത്തില്‍ സമയം കണ്ടെത്തി. ബഡ്ജറ്റിന് മുന്നോടിയായി പ്രധാനമന്ത്രി നടത്തുന്ന വിവിധ യോഗങ്ങളില്‍ പ്രധാനപ്പെട്ടതാണ് ഇന്ന് നടന്ന സിഇഒമാരുമായുള്ള യോഗം.

നേരത്തെ ഇത്തരത്തില്‍ സ്വകാര്യ മേഖലയിലെ പ്രധാന ഇക്വിറ്റി, വെന്‍ച്വര്‍ കാപ്പിറ്റല്‍ നിക്ഷേപകരുമായി പ്രധാനമന്ത്രി ഇത്തരത്തില്‍ യോഗം ചേര്‍ന്നിരുന്നു. ഇന്ത്യയിലേക്ക് കൂടുതല്‍ നിക്ഷേപം കൊണ്ടുവരാന്‍ എന്തൊക്കെ മാറ്റങ്ങള്‍ വേണം എന്നതാണ് പ്രധാനമന്ത്രി ഇവരോട് ചോദിച്ചത്.

ഏപ്രില്‍ 2022 ല്‍ ആരംഭിക്കുന്ന അടുത്ത സാമ്പത്തിക വര്‍ഷത്തേക്കുള്ള ബഡ്ജറ്റ് വരുന്ന ഫെബ്രുവരി 1നാണ് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ ലോക്സഭയില്‍ അവതരിപ്പിക്കുക. ധനമന്ത്രിയും ബഡ്ജറ്റിന് മുന്നോടിയായി വിവിധ മേഖലയിലെ വിദഗ്ധരുമായി കൂടികാഴ്ച നടത്തുകയാണ്.

Top