മോദി സര്‍ക്കാരിനെ കുരിക്കിലാക്കി വീണ്ടും വ്യാജ ബിരുദം

ന്യൂഡല്‍ഹി: തുടര്‍ച്ചയായ രണ്ടാംതവണയും അധികാരത്തിലേറിയ നരേന്ദ്രമോദി സര്‍ക്കാരിന് തലവേദനയായി വീണ്ടും വ്യാജ ബിരുദം. കഴിഞ്ഞ മന്ത്രിസഭയില്‍ മാനവ വിഭവ ശേഷി മന്ത്രി സ്മൃതി ഇറാനിയുടെ വ്യാജ ബിരുദമായിരുന്നു മോദി സര്‍ക്കാരിന് തലവേദ സൃഷ്ടിച്ചതെങ്കില്‍ ഇത്തവണയും മാനവ വിഭവശേഷി മന്ത്രാലയം തന്നെയാണ് മോദി സര്‍ക്കാരിനെ കുരുക്കിലാക്കിയിരിക്കുന്നത്. പുതിയതായി നിയമിതനായ മാനവഭിവശേഷി മന്ത്രി എച്ച്ആര്‍ഡി മന്ത്രി രമേശ് പൊഖ്രിയാല്‍ നിഷാങ്കിന്റെ ഡോക്ട്രേറ്റ് ബിരുദമാണ് പുതിയ പ്രശ്‌നം.

ശ്രീലങ്കയിലെ ഇല്ലാത്ത അന്താരാഷ്ട്ര സര്‍വകലാശാലയില്‍ നിന്നുള്ളതാണ് പേരിനൊപ്പം ചേര്‍ത്തിരിക്കുന്ന ഡോക്ട്രേറ്റ് എന്നതാണ് പുതിയ വിവാദം. 90 കളില്‍ കൊളംബോയിലെ അന്താരാഷ്ട്ര സര്‍വകലാശാലയില്‍ നിന്നും പൊഖ്രിയാലിന് സാഹിത്യത്തില്‍ ഡി ലിറ്റ് നല്‍കിയിട്ടുണ്ട്. അതിന് ശേഷം ഇതേ സര്‍വകലാശാലയില്‍ നിന്ന് തന്നെ പൊഖ്രിയാലിന് മറ്റൊരു ഡി ലിറ്റ് കൂടി നല്‍കി.

ഓപ്പണ്‍ യൂണിവേഴ്‌സിറ്റി ഓഫ് കൊളംബോ എന്ന അന്താരാഷ്ട്ര സര്‍വകലാശാലയോ സ്വദേശി സര്‍വകലാശാലയോ ഈ ഡിലിറ്റുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്നാണ് ശ്രീലങ്കന്‍ യൂണിവേഴ്‌സിറ്റി ഗ്രാന്റ് കമ്മീഷന്‍ പറയുന്നത്.

മന്ത്രിയുടെ വിദ്യാഭ്യാസ യോഗ്യത ചോദിച്ച് ഡെറാഡൂണില്‍ സമര്‍പ്പിക്കപ്പെട്ട വിവരാവകാശ രേഖയ്ക്ക് കിട്ടിയ മറുപടിയില്‍ വ്യക്തിവിവരങ്ങള്‍ സംബന്ധിച്ച വിവരം അപൂര്‍ണ്ണമായിരുന്നു.മാത്രമല്ല മന്ത്രിയുടെ ബയോഡേറ്റയില്‍ നല്‍കിയിരിക്കുന്ന ജനന തീയതിയും പാസ്‌പോര്‍ട്ടിലേ ജനനതീയതിയും രണ്ടും വ്യത്യസ്തമാണ്. ബയോഡേറ്റയില്‍ 1959 ആഗസ്റ്റ് 15 എന്നും പാസ്‌പോര്‍ട്ടില്‍ 1959 ജൂലൈ 15 എന്നുമാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

ഹേമവതി നന്ദന്‍ ബഹുഗുണ സര്‍വകലാശാലയില്‍ നിന്നും പിഎച്ച്ഡി കിട്ടിയിട്ടുണ്ടെന്നും 35 പുസ്തകങ്ങള്‍ താന്‍ എഴുതിയിട്ടുണ്ടെന്നും മന്ത്രി നേരത്തെ അവകാശപ്പെട്ടിരുന്നു. എന്നാല്‍ പൊഖ്രിയാലിനെതിരെ ഉന്നയിക്കപ്പെട്ടിരിക്കുന്ന പുതിയ വിവാദം അടിസ്ഥാനരഹിതനമാണെന്നാണ് മന്ത്രിതല ഓഫീസുകള്‍ പറയുന്നത്.

Top