മോദിയുടെ അപരന്‍ ലക്‌നൗവില്‍ രാജ്നാഥ് സിങിനെതിരെയും മത്സരിക്കും; പത്രിക സമര്‍പ്പിച്ചു

ന്യൂഡല്‍ഹി: കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ് മത്സരിക്കാന്‍ ഇറങ്ങുന്ന ലക്‌നൗവില്‍ മോദിയുടെ അപരന്‍ നാമനിര്‍ദേശ പത്രിക നല്‍കി. നരേന്ദ്ര മോദിയുമായി രൂപസാദൃശ്യമുള്ള അഭിനന്ദന്‍ പഥക്കാണ് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചിരിക്കുന്നത്. ഛോട്ടാ മോദി എന്നറിയപ്പെടുന്ന പഥക് നരേന്ദ്ര മോദിക്കെതിരെ വാരണാസിയിലും മത്സരിക്കുന്നുണ്ട്. ലക്‌നൗവില്‍ മെയ് ആറിനും വാരണാസിയില്‍ മെയ് 19-നുമാണ് വോട്ടെടുപ്പ് നടക്കുക.

ഞാന്‍ ഇവിടെ തന്നെയുണ്ടാകും, ഇവിടെയുള്ള ജനങ്ങളുടെ പ്രശ്നങ്ങള്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കുമെന്നും ലക്‌നൗവില്‍ പത്രിക നല്‍കിയ ശേഷം അഭിനന്ദന്‍ പഥക് പറഞ്ഞു. നരേന്ദ്ര മോദിയുടെ വേഷത്തോട സാമ്യമുള്ള ഹാഫ് സ്ലീവ് ഖാദി കുര്‍ത്തയാണ് പഥക്കും ധരിച്ചിരുന്നത്.

മോദി എന്ന വ്യക്തി തനിക്ക് പ്രേരകമാണെങ്കിലും അദ്ദേഹത്തിന്റെ സര്‍ക്കാരില്‍ ഞാന്‍ വിശ്വസിക്കുന്നില്ല. ജനങ്ങളുടെ താല്‍പര്യം എന്തെന്ന് കേള്‍ക്കാന്‍ മോദി തയ്യാറാകുന്നില്ല. വാഗ്ദാനങ്ങള്‍ നിറവേറ്റുന്നതിലും അദ്ദേഹം വലിയ പരാജയമാണെന്നും പഥക് പറഞ്ഞു.

Top