Narendra Modi does not know what people want: Rahul Gandhi

ദിസ്പൂര്‍ : ജനങ്ങള്‍ക്ക് എന്താണ് വേണ്ടതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അറിയില്ലെന്നും ഒരിക്കലും നടക്കാത്ത തെറ്റായ വാഗ്ദാനങ്ങള്‍ നല്‍കുകയാണെന്നും കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി.

ജനങ്ങള്‍ക്കും കേള്‍വിക്കാര്‍ക്കും എന്താണ് വേണ്ടതെന്ന് മോദി ഒരിക്കലും നോക്കാറില്ല. രാജ്യത്തെ സാധാരണക്കാര്‍ക്ക് എന്താണ് വേണ്ടതെന്ന് അറിയാന്‍ അദ്ദേഹത്തിനു താല്‍പര്യമില്ല. മോദിയുടെ വിചാരം എല്ലാം അറിയാമെന്നും അദ്ദേഹം പറയുന്നത് മറ്റുള്ളവര്‍ കേട്ടാല്‍മതിയെന്നുമാണെന്നും അസമിലെ തിരഞ്ഞെടുപ്പ് റാലിക്കിടെ രാഹുല്‍ ഗാന്ധി കുറ്റപ്പെടുത്തി.

ഏതെങ്കിലും ക!ൃഷിക്കാരനൊപ്പമോ അവരുടെ ഭൂമിയിലോ ചേരിയിലോ മോദി പോയ ചിത്രങ്ങള്‍ നിങ്ങള്‍ എപ്പോഴെങ്കിലും കണ്ടിട്ടുണ്ടോ? മേക്ക് ഇന്‍ ഇന്ത്യ പരിപാടിക്കിടെ വ്യവസായികള്‍ക്കൊപ്പമോ ഉദ്യോഗസ്ഥര്‍ക്കൊപ്പമോ മാത്രമേ നിങ്ങള്‍ക്ക് മോദിയുടെ ചിത്രങ്ങള്‍ കാണാന്‍ സാധിക്കൂ. ഒരിക്കലും കര്‍ഷകര്‍, തൊഴിലാളികള്‍, സ്ത്രീകള്‍ യുവാക്കള്‍ എന്നിവര്‍ക്കൊപ്പമുള്ള ചിത്രങ്ങള്‍ കാണാന്‍ സാധിക്കില്ല. എല്ലാം തനിക്കറിയാം എന്നാണ് മോദി വിചാരിക്കുന്നത് രാഹുല്‍ പറഞ്ഞു.

തിരഞ്ഞെടുപ്പിന് മുന്‍പ് എങ്ങനെ വാഗ്ദാനങ്ങള്‍ നല്‍കാമെന്ന് മാത്രമാണ് പ്രധാനമന്ത്രിക്ക് അറിയുന്നത്. പക്ഷേ, ഇതെങ്ങനെ പൂര്‍ത്തിയാക്കുമെന്ന് അദ്ദേഹത്തിന് അറിയില്ല. മോദിയില്‍ വിശ്വാസമര്‍പ്പിച്ച നിരവധിയാളുകള്‍ ഉണ്ട്. അദ്ദേഹം എന്തെങ്കിലും ചെയ്യുമെന്നാണ് അവര്‍ പ്രതീക്ഷിക്കുന്നത്. പക്ഷേ, മോദി അവരുടെ വിശ്വാസം തകര്‍ത്തു. അദ്ദേഹം വലിയ വ്യവസായികള്‍ക്കൊപ്പമാണ്. കര്‍ഷകരും തൊഴിലാളികളും യുവാക്കളുമല്ല രാജ്യത്ത് സന്തോഷിക്കുന്നതെന്നും രാഹുല്‍ കുറ്റപ്പെടുത്തി.

Top