രാഹുല്‍ ഗാന്ധിയ്‌ക്കെതിരായ കോടതിയലക്ഷ്യ ഹര്‍ജി വിധി പറയാന്‍ മാറ്റി സുപ്രീംകോടതി

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി നടത്തിയ പരാമര്‍ത്തിന്‍മേലുള്ള കോടതിയലക്ഷ്യ ഹര്‍ജി സുപ്രീം കോടതി വിധി പറയാന്‍ മാറ്റിവച്ചു.

‘കാവല്‍ക്കാരന്‍ കള്ളനാണെന്ന് സുപ്രീം കോടതി കണ്ടെത്തി’ എന്ന രാഹുലിന്റെ പരാമര്‍ശം കോടതിയലക്ഷ്യമാണെന്ന് ചൂണ്ടിക്കാണിച്ച് ബിജെപി നേതാവ് മീനാക്ഷി ലേഖിയാണ് സുപ്രീംകോടതിയെ സമീപിച്ചത്.

തുടര്‍ന്ന് രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശം കോടതിയലക്ഷ്യമാണെന്ന് കണ്ടെത്തിയ സുപ്രീംകോടതി കഴിഞ്ഞ ദിവസം മാപ്പ് എഴുതി നല്‍കാന്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഖേദപ്രകടനം നടത്തി സത്യവാങ്മൂലം സമര്‍പ്പിച്ച രാഹുല്‍ ഗാന്ധി കോടതിയുടെ വിമര്‍ശനത്തെ തുടര്‍ന്ന് മാപ്പ് പറഞ്ഞു കൊണ്ട് പുതിയ സത്യവാങ്മൂലം സമര്‍പ്പിച്ചിരുന്നു.

രാഹുലിന്റെ മാപ്പപേക്ഷ ആത്മാര്‍ഥത ഇല്ലാത്തതാണെന്നും ഇത് സ്വീകരിക്കരുതെന്നും മീനാക്ഷി ലേഖിയുടെ അഭിഭാഷകന്‍ മുകുള്‍ റോത്തഗി വാദിക്കുകയും ചെയ്തിരുന്നു. എന്നാല്‍, കോടതിയുടെ നോട്ടീസ് ലഭിക്കും മുമ്പ് തന്നെ ഖേദം അറിയിച്ചിട്ടുണ്ട് എന്നായിരുന്നു രാഹുലിന്റെ അഭിഭാഷകന്‍ മനു അഭിഷേക് സിംഗ്‌വിയുടെ വിശദീകരണം.

രാഹുല്‍ എഴുതി നല്‍കിയ ക്ഷമാപണം അംഗീകരിച്ചു കൊണ്ട് കോടതിയലക്ഷ്യ നടപടി അവസാനിപ്പിക്കണമെന്നായിരുന്നു സിംഗ്‌വിയുടെ ആവശ്യം. രണ്ടാഴ്ചക്കം വാദങ്ങള്‍ രേഖാമൂലം സമര്‍പ്പിക്കുവാന്‍ കോടതി നിര്‍ദേശം നല്‍കി.

Top