വിവാദ ടെലിവിഷന്‍ അഭിമുഖം; മോദിയുടെ പ്രസ്താവനയെ ട്രോളി ഊര്‍മിള

മുംബൈ: റഡാര്‍ തരംഗങ്ങളെ മേഘങ്ങള്‍ മറയ്ക്കുമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസ്താവനയെ ട്രോളി മുംബൈയിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയും ബോളിവുഡ് താരവുമായ ഊര്‍മിള. ട്വിറ്ററില്‍ വളര്‍ത്തുനായയ്ക്കൊപ്പമുള്ള ചിത്രം പങ്കു വെച്ചു കൊണ്ടാണ് ഊര്‍മിള മോദിയെ പരിഹസിച്ചത്.

എന്നാല്‍ മോദിയുടെ പേര് പരാമര്‍ശിക്കാതെയാണ് ഊര്‍മ്മിളയുടെ ട്വീറ്റ്. ‘ദൈവമേ നന്ദി. തെളിഞ്ഞ ആകാശം. മേഘങ്ങളില്ല. എന്റെ റോമിയോയുടെ ചെവികളില്‍ റഡാര്‍ സിഗ്നലുകള്‍ നന്നായി ലഭിക്കും’, ഊര്‍മ്മിള ട്വിറ്ററില്‍ കുറിച്ചു.

മോദി പത്രസമ്മേളനം വിളിക്കാത്തതു നന്നായെന്നും ഇല്ലെങ്കില്‍ അബദ്ധങ്ങളുടെ ഘോഷയാത്ര ഉണ്ടായേനെയെന്നും കോണ്‍ഗ്രസ് കഴിഞ്ഞ ദിവസം പരിഹസിച്ചിരുന്നു.

കാര്‍മേഘങ്ങള്‍ക്കുള്ളിലൂടെ റഡാര്‍ സിഗ്നലുകളെ വെട്ടിച്ച് വിമാനത്തിന് സഞ്ചരിക്കാമെന്നും, എണ്‍പതുകളില്‍ ഡിജിറ്റല്‍ ക്യാമറയുപയോഗിച്ച് ഫോട്ടോയെടുത്ത് ഇമെയില്‍ ചെയ്തെന്നുമുള്ള മോദിയുടെ പ്രസ്താവനകള്‍ വലിയ വിവാദമായി മാറിയിരുന്നു.

അതേസമയം, മോദിയെ വിവാദത്തിലാക്കിയ ടെലിവിഷന്‍ അഭിമുഖത്തിന് ചോദ്യങ്ങള്‍ മുന്‍കൂട്ടി തയ്യാറാക്കിയതാണെന്ന തെളിവുകളുമായി പ്രശസ്ത ഫാക്ട് ചെക്കിങ് വെബ്‌സൈറ്റായ ആള്‍ട്ട്‌ന്യൂസിന്റെ സ്ഥാപകന്‍ പ്രതീക് സിന്‍ഹയും, കോണ്‍ഗ്രസിന്റെ സോഷ്യല്‍ മീഡിയ പ്രചാരണ ചുമതലയുള്ള ദിവ്യ സ്പന്ദനയും രംഗത്തെത്തിയിട്ടുണ്ട്.

Top