narendra modi-congress-assembly-elections

ന്യൂഡല്‍ഹി: കേരളത്തിലും അസമിലും ഭരണത്തില്‍ നിന്ന് പുറത്തായാല്‍ ദേശീയരാഷ്ട്രീയ ഭൂപടത്തില്‍ നിന്നും കോണ്‍ഗ്രസ് ഔട്ടാകും.

നരേന്ദ്ര മോദി അധികാരത്തിലേറിയപ്പോള്‍ മുന്നോട്ടുവെച്ച കോണ്‍ഗ്രസ് വിമുക്ത ഭാരതമെന്ന ആഹ്വാനത്തിനുള്ള അംഗീകാരം കൂടിയാവും വരാനിരിക്കുന്ന സുപ്രധാന വിധിയെഴുത്ത്.

നിലവില്‍ കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള ഭരണം നടക്കുന്ന സംസ്ഥാനങ്ങള്‍ കേരളം,കര്‍ണ്ണാടക,അസം,ഹിമാചല്‍ പ്രദേശ്,മണിപ്പൂര്‍ എന്നിവയാണ്. ഉത്തരാഖണ്ഡില്‍ ത്രിശങ്കുവിലുമാണ്.

നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് കേരളത്തിലും അസമിലും വന്‍ തിരിച്ചടി നേരിടുമെന്നാണ് അഭിപ്രായ സര്‍വ്വേകള്‍ പറയുന്നത്.

മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം നടന്ന തിരഞ്ഞെടുപ്പില്‍ ബിഹാറില്‍ മാത്രമാണ് ജെഡിയു സഖ്യത്തിന്റെ മറപറ്റി അല്പമെങ്കിലും മെച്ചമുണ്ടാക്കാന്‍ കോണ്‍ഗ്രസിന് കഴിഞ്ഞിരുന്നത്.

തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന പഞ്ചാബില്‍ ആംആദ്മി പാര്‍ട്ടി അധികാരം പിടിച്ചെടുക്കുമെന്നാണ് സര്‍വ്വേകള്‍ പറയുന്നത്. ഇവിടെയും കോണ്‍ഗ്രസ് നിലനില്‍പ്പിനായുള്ള പോരാട്ടത്തിലാണ്.

കേരളത്തില്‍ ഭരണത്തുടര്‍ച്ച ഒഴിവാക്കി കോണ്‍ഗ്രസിനെ ദേശീയതലത്തില്‍ പ്രതിരോധത്തിലാക്കണമെന്നാണ് ബിജെപിയുടെ ലക്ഷ്യമെങ്കിലും സംസ്ഥാനത്ത് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്കെതിരെ സിപിഎം ആക്രമണം നടക്കുന്നതിനാല്‍ ഇടത് ഭരണത്തേക്കാള്‍ കേരളത്തിലെ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്ക് ഗുണമാവുക യുഡിഎഫ് ഭരണം തന്നെയാണ്.

തിരഞ്ഞെടുപ്പ് നടക്കുന്ന ബംഗാളിലും തമിഴ്‌നാട്ടിലും കോണ്‍ഗ്രസിന് വലിയ പ്രതീക്ഷക്ക് വകയില്ല. ഇതില്‍ ബംഗാളില്‍ ഇടത് ധാരണയുടെ പുറത്ത് കുറച്ച് സീറ്റുകള്‍ ലഭിക്കുമെന്നാണ് പ്രതീക്ഷ.

തമിഴ്‌നാട്ടിലാകട്ടെ ജയലളിത തന്നെ അധികാരത്തിലെത്തിയേക്കുമെന്നാണ് അഭിപ്രായ സര്‍വ്വേ. 2017ല്‍ തിരഞ്ഞെടുപ്പ് നടക്കുന്നത് യുപി,പഞ്ചാബ്,ഗോവ,ഉത്തരാഖണ്ഡ്,മണിപ്പൂര്‍ എന്നിവിടങ്ങളിലാണ്.

ഈ സംസ്ഥാനങ്ങളിലും നിലവിലെ സാഹചര്യത്തില്‍ ബിജെപിയും പ്രാദേശിക പാര്‍ട്ടികളുമാണ് നേട്ടം കൊയ്യാന്‍ സാധ്യത.

മോദിയുടെ കോണ്‍ഗ്രസ് വിമുക്തഭാരതമെന്ന സ്വപ്‌നം, ഇങ്ങനെയാണ് കാര്യങ്ങള്‍ പോകുന്നതെങ്കില്‍ യാഥാര്‍ത്ഥ്യമാകാന്‍ അധികം താമസമുണ്ടാകില്ലെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെയും വിലയിരുത്തല്‍.

രാജ്യത്തെ പ്രബല സംസ്ഥാനങ്ങളായ ഗുജറാത്ത്,രാജസ്ഥാന്‍,മധ്യപ്രദേശ്, മഹാരാഷ്ട്ര,ഛത്തീസ്ഗഡ്, ഹരിയാന,അരുണാചല്‍ പ്രദേശ്,ജാര്‍ഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ ഒറ്റക്കും ജമ്മുകാശ്മീര്‍,പഞ്ചാബ് എന്നിവിടങ്ങളില്‍ സഖ്യമായുമാണ് ബിജെപി ഭരിക്കുന്നത്.

ഉത്തര്‍പ്രദേശശില്‍ സമാജ് വാദി പാര്‍ട്ടിയും ബിഹാറില്‍ ജെഡിയു-ആര്‍ജെഡി സഖ്യവുമാണ്.

വരുന്ന തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ ഭരണം പിടിച്ചാല്‍ മാത്രമേ യുപി അടക്കമുള്ള മറ്റ് സംസ്ഥാനങ്ങളില്‍ പതറാതെ തിരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കാന്‍ കോണ്‍ഗ്രസിന് കഴിയുകയുള്ളു.

ഏറ്റവും കൂടുതല്‍ എംപിമാരെ തിരഞ്ഞെടുക്കുന്ന യുപിയില്‍ പ്രിയങ്ക ഗാന്ധിയെ മുന്‍നിര്‍ത്തി തിരിച്ച് വരവിനുള്ള പാതയൊരുക്കാനുള്ള ശ്രമത്തിലാണ് കോണ്‍ഗ്രസ്.

കേരളത്തിലെ ജനവിധി ഇക്കാര്യത്തില്‍ കോണ്‍ഗ്രസിനെ സംബന്ധിച്ച് നിലനില്‍പ്പിന് തന്നെ നിര്‍ണ്ണായകമാണ്.

Top