ന്യൂഡല്‍ഹി: ദുരന്ത നിവാരണ മേഖലയില്‍ പ്രവര്‍ത്തിക്കാനായി വനിതകള്‍ക്ക് കൂടുതല്‍ പ്രോത്സാഹനം നല്‍കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ദുരന്തങ്ങള്‍ നേരിടാന്‍ അന്താരാഷ്ട്ര തലത്തില്‍ കൂടുതല്‍ യോജിച്ച പ്രവര്‍ത്തനം വേണമെന്നും അദ്ദേഹം പറഞ്ഞു.
ഡല്‍ഹിയില്‍ ദുരന്തനിവാരണം സംബന്ധിച്ച ഏഷ്യന്‍ മിനിസ്റ്റീരിയല്‍ കോണ്‍ഫറന്‍സ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മോദി.
പാവപ്പെട്ടവര്‍ മുതല്‍ ബഹുരാഷ്ട്ര കോര്‍പ്പറേഷനുകളെ വരെ ദുരന്തനിവാരണത്തിന്റെ ചട്ടക്കൂടിനുള്ളില്‍ കൊണ്ടുവരണം. എല്ലാ വികസന മേഖലകളേയും ദുരന്തനിവാരണത്തിന്റെ കീഴില്‍ കൊണ്ടു വരണം.
ദുരന്തങ്ങളുടെ പരിണിതഫലം ഏറ്റവും കൂടുതല്‍ അനുഭവിക്കേണ്ടി വരുന്നത് സ്ത്രീകളാണെന്നതിനാല്‍ തന്നെ ദുരന്തനിവാരണ മേഖലയില്‍ സ്ത്രീകള്‍ നേതൃത്വം വഹിക്കണം. ഇന്ത്യയ്ക്ക് വനിതാ എഞ്ചിനിയര്‍മാരെ ആവശ്യമാണ് ആശാരിമാരെ ഒക്കെ ആവശ്യമാണെന്നും മോദി പറഞ്ഞു.
സോഷ്യല്‍ മീഡിയയുടേയും മൊബൈല്‍ സാങ്കേതിക വിദ്യയുടേയും അവസരങ്ങള്‍ പൂര്‍ണമായി പ്രയോജനപ്പെടുത്തി ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കണം. പ്രാദേശിക സഹകരണത്തോടെ കെട്ടിടങ്ങള്‍ നിര്‍മിക്കുകയും വേണമെന്നും മോദി നിര്‍ദ്ദേശിച്ചു.
ആസ്‌ട്രേലിയയും ഇന്‍ഡോനേഷ്യയുമായി ചേര്‍ന്ന് ഇന്ത്യ സ്ഥാപിക്കുന്ന സുനാമി മുന്നറിയിപ്പ് സംവിധാനം പ്രവര്‍ത്തനം ആരംഭിക്കാന്‍ പോവുകയാണെന്നും, ഇത് പ്രവര്‍ത്തനം തുടങ്ങുന്നതോടെ ഇന്ത്യന്‍ നാഷണല്‍ സെന്റര്‍ ഫോര്‍ ഓഷ്യന്‍ ഇന്‍ഫര്‍മേഷന്‍ സര്‍വീസസിന് സുനാമി മുന്നറിയിപ്പ് നല്‍കാനാവുമെന്നും മോദി പറഞ്ഞു.


