ഒരിക്കല്‍ കൂടി പ്രധാനമന്ത്രിയാകാനുള്ള മോദിയുടെ സ്വപ്നം നടക്കില്ല; ആഞ്ഞടിച്ച് മായാവതി

ലഖ്നൗ: പ്രധാനമന്ത്രി നരേന്ദ്ര മോദിയ്‌ക്കെതിരെ ആഞ്ഞടിച്ച് ബിഎസ്പി അധ്യക്ഷ മായാവതി രംഗത്ത്. എസ്പി-ബിഎസ്പി സഖ്യത്തെ ജാതിയുമായി ബന്ധിപ്പിച്ച മോദിയുടെ നടപടി പക്വതയില്ലാത്തതും പരിഹാസവുമാണെന്നാണ് മായാവതി വിമര്‍ശിച്ചിരിക്കുന്നത്.

തെരഞ്ഞെടുപ്പില്‍ പരാജയപ്പെടുമെന്ന് ബിജെപി തിരിച്ചറിഞ്ഞെന്നും അതിനാലാണ് അടിസ്ഥാനമില്ലാത്തതും ബുദ്ധിശൂന്യവുമായ ആരോപണങ്ങള്‍ ഉന്നയിക്കുന്നതെന്നും മായാവതി പറഞ്ഞു.

ബിജെപി വീണ്ടും അധികാരത്തില്‍ എത്തില്ല. ഒരിക്കല്‍ കൂടി പ്രധാനമന്ത്രിയാകാനുള്ള മോദിയുടെ സ്വപ്നം നടക്കില്ലെന്ന് ഉറപ്പാണ്. തങ്ങളുടെ സഖ്യം ജാതിയമാണെന്ന് പറഞ്ഞത് ചിരിപടര്‍ത്തുന്നതും അപക്വവുമാണ്. ജന്മനാ പിന്നാക്ക ജാതിക്കാരനല്ലാത്ത മോദി ജാതീയത എന്താണെന്നും അതിന്റെ വേദന എത്രത്തോളമുണ്ടെന്നും തിരിച്ചറിഞ്ഞിട്ടില്ല. തങ്ങളുടെ സഖ്യത്തെ കുറിച്ച് മോദിയുടെ അത്തരത്തിലുള്ള പ്രസ്താവന ഒഴിവാക്കേണ്ടതാണ്, മായാവതി വ്യക്തമാക്കി.

സ്വന്തം നാടായ ഗുജറാത്തിലേക്ക് തന്നെ മോദി നോക്കേണ്ടതാണ്. അവിടെ ദളിതുകള്‍ക്ക് മാന്യമായി ജീവിക്കാന്‍ സാധിക്കുന്നില്ല. തങ്ങളുടെ വിവാഹത്തിന് കുതിരപ്പുറത്ത് കയറാനുള്ള അനുവാദം പോലും അവിടെയുള്ള ദളിതുകള്‍ക്കില്ല. അവര്‍ എപ്പോഴും അക്രമിക്കപ്പെടുന്നു, മായാവതി തുറന്നു പറഞ്ഞു.

Top