ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾ ലക്ഷ്യമിട്ട് കേന്ദ്ര സർക്കാറിന് വമ്പൻ കർമ്മപദ്ധതി !

വീണ്ടും അധികാരമേറ്റതോടെ മോദി സര്‍ക്കാറിന്റെ അജണ്ടയും മാറുന്നു.പ്രധാനമായും 6 സംസ്ഥാനങ്ങളില്‍ പിടിമുറുക്കുന്നതിനായാണ് പദ്ധതി. ഇതിനായി കേന്ദ്രമന്ത്രിമാര്‍ക്കും ചുമതല നല്‍കും.

തമിഴ്‌നാട്,ബംഗാള്‍, കേരളം, ഒറീസ, തെലങ്കാന, ആന്ധ്ര സംസ്ഥാനങ്ങളില്‍ ബി ജെ.പിക്ക് സ്വാധീനം വര്‍ദ്ധിപ്പിക്കുന്നതിനാവശ്യമായ പ്രത്യേക ഇടപെടല്‍ തന്നെ ഉണ്ടാകും.ഇതോടൊപ്പം മധ്യപ്രദേശ്, രാജസ്ഥാന്‍,കര്‍ണ്ണാടക, ഡല്‍ഹി സംസ്ഥാനങ്ങളുടെ ഭരണം പിടിക്കുന്നതും പ്രധാന അജണ്ടയാണ്.ഈ നാലു സംസ്ഥാനങ്ങളിലും തകര്‍പ്പന്‍ മുന്നേറ്റമാണ് ലോകസഭ തിരഞ്ഞെടുപ്പില്‍ ബി.ജെ.പി കാഴ്ചവച്ചത്.കേന്ദ്രം വിചാരിച്ചാല്‍ എപ്പോള്‍ വേണമെങ്കിലും വീഴ്ത്താന്‍ പറ്റുന്ന അവസ്ഥയിലാണിപ്പോള്‍ കര്‍ണ്ണാടക, മധ്യപ്രദേശ്, രാജസ്ഥാന്‍ സര്‍ക്കാറുകള്‍. ബംഗാളിലെ മുന്നേറ്റം ആ സംസ്ഥാനത്തെ ഭരണം പിടിക്കാന്‍ പറ്റുമെന്ന ആത്മവിശ്വാസം ബി.ജെ.പിക്ക് നല്‍കുന്നുണ്ട്.ഇവിടങ്ങളിലെ പൊതുതിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് ഒരു കര്‍മ്മപദ്ധതി തന്നെ ബി.ജെ.പി തയ്യാറാക്കിയിട്ടുണ്ട്.

അതേസമയം ആന്ധ്രയില്‍ ജഗന്‍ മോഹന്‍ റെഡ്ഡിയുടെ വൈ.എസ്.ആര്‍ കോണ്‍ഗ്രസ്സുമായി സഹകരിച്ച് പോകാനാണ് ബി.ജെ.പി താല്‍പ്പര്യപ്പെടുന്നത്.തെലങ്കാനയിലും ഒറീസയിലും സ്വന്തമായി തന്നെ ശക്തി വര്‍ദ്ധിപ്പിക്കാനാണ് നീക്കം.അധികം താമസിയാതെ തന്നെ രാജ്യസഭയിലും ഭൂരിപക്ഷം ലഭിക്കുന്നതോടെ ലക്ഷ്യം വേഗത്തിലാക്കും. കേരളത്തില്‍ പാര്‍ട്ടിക്ക് മുന്നേറ്റം ഉണ്ടാക്കുന്നതിന് കേന്ദ്രമന്ത്രി മുരളീധരനാണ് പ്രധാന ചുമതല.

എന്‍ഡിഎ വിപുലീകരണവും പരിഗണനയില്‍ ഉണ്ട്.ഉപതെരഞ്ഞെടുപ്പ് നടക്കുന്ന 6 നിയമസഭാ മണ്ഡലങ്ങളില്‍ വട്ടിയൂര്‍ക്കാവ്,കോന്നി,മഞ്ചേശ്വരം മണ്ഡലങ്ങളില്‍ എന്ത് വിലകൊടുത്തും വിജയിക്കണമെന്നതാണ് കേന്ദ്ര നേതൃത്വത്തിന്റെ താല്പര്യം.അങ്ങനെ വന്നാല്‍ അത് നിയമസഭാ തെരഞ്ഞെടുപ്പില്‍ നേട്ടം കൊയ്യാന്‍ വഴിയൊരുക്കുമെന്നാണ് കണക്ക് കൂട്ടല്‍.

തമിഴ്‌നാട് ഭരണം ലക്ഷ്യമിട്ട് വലിയ തന്ത്രങ്ങളാണ് ബി.ജെ.പി ആവിഷ്‌ക്കരിച്ചിരിക്കുന്നത്.
രജനീകാന്തിനെ മുന്‍ നിര്‍ത്തി ഭരണം പിടിക്കുക എന്നത് മാത്രമല്ല, ഡി.എം.കെയെ തകര്‍ക്കുക എന്നതും അജണ്ടയാണ്. ലോകസഭ തിരഞ്ഞെടുപ്പില്‍ 39 – ല്‍ 38 സീറ്റും തൂത്തുവാരിയ ഡി.എം.കെ മുന്നണിയെ വലിയ ഭീഷണിയായാണ് ബി.ജെ.പി കാണുന്നത്. രജനിയുടെ താരപരിവേഷം, അണ്ണാ ഡി.എം.കെയുടെ സംഘടനാ സംവിധാനവും ഒരുമിപ്പിച്ചുള്ള ഒരു മുന്നേറ്റമാണ് കാവിപടയുടെ ആഗ്രഹം.

എന്നാല്‍ അണ്ണാ ഡി.എം.കെയെ കൂട്ടി ഒരു മത്സരത്തിന് രജനീകാന്ത് തയ്യാറാകുമോ എന്ന കാര്യം വ്യക്തമല്ല. ആര്‍.എസ്.എസ് സൈദ്ധാന്തികന്‍ ഗുരുമൂര്‍ത്തിയാണ് രജനിക്ക് രാഷ്ട്രീയത്തിലിറങ്ങാന്‍ പ്രചോദനം നല്‍കിയിരുന്നത്. സഖ്യകാര്യത്തിലും ആര്‍.എസ്.എസ് നിലപാട് നിര്‍ണ്ണായകമാകും. ഡി.എം.കെയെ ആക്രമിക്കാന്‍ സകല ആയുധങ്ങളും ഉപയോഗിക്കാനാണ് ബി.ജെ.പി തീരുമാനം.

ഇതിനായി ടു.ജി സ്‌പെക്ട്രം കേസില്‍ പിടിമുറുക്കി ഡി.എം.കെയെ പ്രതിരോധത്തിലാക്കാനാണ് ഇപ്പോഴത്തെ നീക്കം.ടു.ജി സ്പെക്ട്രം കേസ് നിലവില്‍ ഡി.എം.കെ നേതാക്കളുടെ തലക്ക് മുകളില്‍ വാളായി തന്നെ നില്‍ക്കുകയാണ്. സി.ബി.ഐ പ്രത്യേക കോടതി പ്രതികളായ എ.രാജയും കനിമൊഴി ഉള്‍പ്പെടെയുള്ളവരെ കുറ്റവിമുക്തരാക്കിയെങ്കിലും സി.ബി.ഐയും എന്‍ഫോഴ്സ്മെന്റും നല്‍കിയ അപ്പീല്‍ ഇപ്പോഴും ഹൈക്കോടതിയുടെ പരിഗണനയില്‍ തന്നെയാണ്. ഇവിടെ പിടിമുറുക്കി കുടുക്കനാണ് കേന്ദ്ര ഏജന്‍സികളുടെ ശ്രമം.

കരുണാനിധിയുടെ മകളായ കനിമൊഴിയെയും ഡിഎംകെ നേതൃത്വത്തെയും ആശങ്കപ്പെടുത്തുന്നതാണ് ഈ നീക്കം. കനിമൊഴിക്കും എ .രാജയ്ക്കും പുറമെ 14 വന്‍കിട സ്വകാര്യ ടെലികോം കമ്പനികളും പ്രതിപ്പട്ടികയില്‍ ഉണ്ടായിരുന്നു. തെളിവുകള്‍ മുന്നോട്ട് വയ്ക്കുന്നതില്‍ പ്രോസിക്യൂഷന്‍ പരാജയപ്പെട്ടന്ന് കണ്ടെത്തിയാണ് എല്ലാ പ്രതികളെയും കോടതി വെറുതെ വിട്ടിരുന്നത്.

അമേരിക്കയിലെ വാട്ടര്‍ഗേറ്റിന് ശേഷം ലോകം കണ്ട ഏറ്റവും വലിയ അഴിമതി കേസായാണ് ടൈം മാഗസിന്‍ ടു ജി കേസിനെ വിശേഷിപ്പിച്ചിരുന്നത്. 122 ടു ജി സ്പെക്ട്രം ലൈസന്‍സുകള്‍ അനുവദിച്ചതില്‍ 1.76 ലക്ഷം കോടിയുടെ ക്രമക്കേടാണ് സി.എ.ജി കണ്ടെത്തിയിരുന്നത്. 30,988 കോടിയുടെ നഷ്ടം ഖജനാവിന് ഉണ്ടാക്കി എന്ന് സി.ബി.ഐ അന്വേഷണത്തിലും കണ്ടെത്തിയിരുന്നു.

4,400 പേജുകളുള്ള കുറ്റപത്രവും 200-ല്‍ അധികം സാക്ഷിമൊഴികളും സമര്‍പ്പിച്ച കേസില്‍ പ്രോസിക്യൂഷന് പക്ഷെ ഒന്നും തെളിയിക്കാനായിരുന്നില്ല. വഞ്ചന, ഗൂഢാലോചന, വ്യാജരേഖ ചമയ്ക്കല്‍, തുടങ്ങിയവയായിരുന്നു മുന്‍ ടെലികോം മന്ത്രി കൂടിയായ രാജക്കും കനിമൊഴിക്കുമെതിരെ ചുമത്തപ്പെട്ട കുറ്റം. കരുണാനിധിയുടെ ഭാര്യ ദയാലു അമ്മാളും വിചാരണ നേരിടേണ്ടി വന്നിരുന്നു. ഒരു വര്‍ഷത്തോളമാണ് ഈ കേസില്‍ രാജക്ക് ജയിലില്‍ കിടക്കേണ്ടി വന്നിരുന്നത്.

യു.പി.എ സര്‍ക്കാരിന് 2014ല്‍ അധികാരം നഷ്ടമാക്കുന്നതിന് ടുജി അഴിമതി കേസ് നിര്‍ണ്ണായക പങ്കാണ് വഹിച്ചിരുന്നത്. അണ്ണാ ഹസാരെയുടെ അഴിമതി വിരുദ്ധ പോരാട്ടത്തിനും അരവിന്ദ് കെജ്രിവാളിന്റെ ആം ആദ്മി പാര്‍ട്ടിയുടെ പിറവിക്കും പ്രധാനമായും കാരണമായതും ഈ അഴിമതി കേസ് തന്നെയായിരുന്നു.

അപ്പീലില്‍ ഡി.എം.കെ നേതാക്കള്‍ക്ക് എതിരായ വിധി വന്നാല്‍ അത് തമിഴക രാഷ്ട്രിയത്തില്‍ വലിയ പ്രത്യാഘാതമാണ് ഉണ്ടാക്കുക. ഒറ്റക്ക് കേന്ദ്രത്തില്‍ അധികാരത്തില്‍ വന്നതിനാല്‍ ഡി.എം.കെയുമായി ഒരു വിട്ടുവീഴ്ചക്കും ബി.ജെ.പി തയ്യാറാകാന്‍ സാധ്യതയും ഇല്ല.

Top