പ്രധാനമന്ത്രിയായി മോദിയുടെ സത്യപ്രതിജ്ഞ വ്യാഴാഴ്ച; 28ന് വാരാണസിയിലേയ്ക്ക്. . .

ന്യൂഡല്‍ഹി: പ്രധാനമന്ത്രിയായി നരേന്ദ്ര മോദി വ്യാഴാഴ്ച സത്യപ്രതിജ്ഞ ചെയ്യും. 28ന് മോദി വാരാണസിയിലേയ്ക്ക് പുറപ്പെടും. കാശി വിശ്വനാഥ ക്ഷേത്രത്തില്‍ മോദി ദര്‍ശനം നടത്തും.

സത്യപ്രതിജ്ഞക്ക് മുന്നോടിയായി ബി.ജെ.പിയുടെ പാര്‍ലമെന്ററി ബോര്‍ഡ് യോഗം ഇന്ന് ഉണ്ടായേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. കാബിനറ്റ് അംഗങ്ങളുമായുള്ള കൂടിക്കാഴ്ചയും നിശ്ചയിച്ചിട്ടുണ്ട്.

കൂടാതെ, ഘടകകക്ഷികള്‍ക്ക് നല്‍കേണ്ട മന്ത്രിസ്ഥാനങ്ങളുടെ എണ്ണത്തിലും വകുപ്പിലും തീരുമാനമായതായാണ് സൂചന. ജെഡിയുവിനും ശിവസേനയ്ക്കും പ്രധാന വകുപ്പുകള്‍ നല്‍കും.

അതേസമയം 5 വര്‍ഷം പാര്‍ട്ടി സംഘടനാ സംവിധാനം നിയന്ത്രിച്ച അമിത് ഷാ ഇനി ഭരണരംഗത്തേക്ക് ചുവടുറപ്പിച്ചേക്കും. ആഭ്യന്തരവകുപ്പ് ഏറ്റെടുക്കാനാണ് സാധ്യത. പകരം നിര്‍മ്മല സീതാരാമനെ പാര്‍ട്ടി അധ്യക്ഷയാക്കുന്നത് ആലോചനയിലുണ്ട്.

ആരോഗ്യപ്രശ്നങ്ങള്‍ നേരിടുന്ന വിദേശകാര്യമന്ത്രി സുഷമ സ്വരാജ്, ധനമന്ത്രി അരുണ്‍ ജയ്റ്റ്ലി എന്നിവര്‍ മന്ത്രിസഭയിലുണ്ടാകാന്‍ സാധ്യതയില്ല. അരുണ്‍ ജയ്റ്റ്ലിക്ക് പകരം പിയൂഷ് ഗോയല്‍ ധനമന്ത്രിയായേക്കും. അമേഠിയില്‍ രാഹുല്‍ ഗാന്ധിയെ പരാജയപ്പെടുത്തിയ സ്മൃതി ഇറാനിക്ക് മന്ത്രിസഭയില്‍ കാര്യമായ പരിഗണന ലഭിക്കും.

Top