മോദിയുടെ നീക്കത്തിൽ ഞെട്ടി നേതാക്കൾ, കയ്യടിച്ച് പൊതുസമൂഹം, അതാണ് ശരി !

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമര്‍ശിക്കുന്നവര്‍ പോലും കയ്യടിച്ച് പോയ സന്ദര്‍ഭമായിരുന്നു അത്. ചീത്തപ്പേരുണ്ടാക്കുന്നത് ഏത് ഉന്നതന്റെ മകനായാലും അംഗീകരിക്കാന്‍ കഴിയില്ലെന്ന മോദിയുടെ നിലപാട് പൊതുസമൂഹത്തില്‍ വലിയ പ്രതികരണമാണ് ഉണ്ടാക്കിയിരിക്കുന്നത്. ബി.ജെ.പി എം.എല്‍.എ ആകാശ് വിജയ്‌യുടെ നടപടി ചൂണ്ടിക്കാട്ടിയാണ് മോദി പാര്‍ട്ടി യോഗത്തില്‍ രൂക്ഷമായ പ്രതികരണം നടത്തിയിരുന്നത്.

മധ്യപ്രദേശില്‍ സര്‍ക്കാര്‍ ഭൂമിയിലെ കയ്യേറ്റം ഒഴിപ്പിക്കാനെത്തിയ ഉദ്യാഗസ്ഥനെ ക്രിക്കറ്റ് ബാറ്റുകൊണ്ടു മര്‍ദ്ദിച്ച എം.എല്‍.എയുടെ നടപടിയാണ് മോദിയെ പ്രകോപിതനാക്കിയിരുന്നത്. മധ്യപ്രദേശ് കോണ്‍ഗ്രസ്സ് ഭരിക്കുന്ന സംസ്ഥാനമാണ് എന്നതിനാല്‍ എം.എല്‍.എയുടെ പ്രവര്‍ത്തനത്തെ കണ്ടില്ലെന്ന് നടിക്കാന്‍ മോദിക്ക് കഴിയുമായിരുന്നു. പക്ഷേ അദ്ദേഹം അത് ചെയ്തില്ലെന്ന് മാത്രമല്ല, ശക്തമായ മുന്നറിയിപ്പാണ് സ്വന്തം പാര്‍ട്ടി നേതാക്കള്‍ക്കും അണികള്‍ക്കും നല്‍കിയിരിക്കുന്നത്.

സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ ആക്രമിച്ച എം.എല്‍.എയും കൂട്ടാളികളും ജയില്‍ മോചിതരായപ്പോള്‍ ആഘോഷപൂര്‍വ്വം ആനയച്ച് കൊണ്ടുപോയ അണികളുടെ നടപടിയെയും മോദി ചേദ്യം ചെയ്യുകയുണ്ടായി. രാഷ്ട്രീയ അധികാരം ഉപയോഗിച്ച് ഉദ്യോഗസ്ഥരുടെയും സാധാരണക്കാരുടെയും മേല്‍ ആധിപത്യം നേടാന്‍ ശ്രമിക്കുന്നവര്‍ക്കുള്ള മറുപടിയാണിത്.

അടുത്തയിടെയാണ് തെലങ്കാനയില്‍ വനിത ഫോറസ്റ്റ് ഉദ്യോഗസ്ഥയെ ഭരണകക്ഷി നേതാക്കളും അണികളും പട്ടിയെ പോലെ തല്ലിയത്. രാജ്യത്തെ ഞെട്ടിച്ച സംഭവമായിരുന്നു ഇതും. അധികാരത്തിന്റെ അഹന്ത തലയ്ക്ക് പിടിച്ച അനുയായികളെയും നേതാക്കളെയും നിലയ്ക്കു നിര്‍ത്താന്‍ ബന്ധപ്പെട്ട പാര്‍ട്ടി നേതൃത്വങ്ങളാണ് ശ്രമിക്കേണ്ടത്.

ഇക്കാര്യത്തില്‍ മോദിയുടെ നിലപാടുകളാണ് പ്രസക്തമാവുന്നത്. ആര് തന്നെയായാലും അധിക്ഷേപങ്ങളും അഹങ്കാരവും പെരുമാറ്റ ദൂഷ്യങ്ങളും പൊറുപ്പിക്കാനാവില്ലെന്ന ഈ നിലപാട് രാഷ്ട്രീയ നേതൃത്വങ്ങള്‍ മാതൃകയാക്കണം. അതിന് കൊടിയുടെ നിറമോ ആശയപരമായ ഭിന്നതയോ നോക്കേണ്ട കാര്യമില്ല.

മധ്യപ്രദേശിലാണെങ്കിലും തെലങ്കാനയിലാണെങ്കിലും ഉദ്യോഗസ്ഥര്‍ ശ്രമിച്ചത് നിയമം നടപ്പാക്കാനാണ്. അവരെ ക്രിക്കറ്റ് ബാറ്റ് കൊണ്ടായാലും കമ്പുകള്‍ കൊണ്ടായാലും ആക്രമിക്കുന്നത് അംഗീകരിക്കാന്‍ കഴിയുന്നതല്ല. ഉദ്യോഗസ്ഥരെ ഇങ്ങനെ ആക്രമിച്ചാല്‍ ഭരണ സംവിധാനമാണ് നിഷ്‌ക്രിയമാകുക. അക്കാര്യം ഓര്‍ക്കുന്നത് നല്ലതാണ്.

തമിഴകത്ത് തൂത്തുക്കുടിയില്‍ മുന്‍പുണ്ടായ അക്രമണം പൊലീസ് വെടിവയ്പ്പില്‍ കലാശിച്ചത് തന്നെ ഇത്തരത്തിലുള്ള അപക്വമായ പ്രവര്‍ത്തി മൂലമാണ്. അവിടെ വിവാദ കമ്പനിക്കെതിരെ നടന്ന പ്രതിഷേധം വഴിതിരിച്ച് വിടപ്പെട്ടത് ഒരു പൊലീസുകാരനെ സമരക്കാരില്‍ ചിലര്‍ വളഞ്ഞിട്ട് മൃഗീയമായി മര്‍ദ്ദിച്ചതോടെയാണ്. ഈ സംഭവം നടന്നില്ലായിരുന്നുവെങ്കില്‍ അവിടെ വെടിവയ്പ്പും ജീവഹാനിയും ഉണ്ടാവുമായിരുന്നില്ല. സൂപ്പര്‍ സ്റ്റാര്‍ രജനീകാന്ത് ഉള്‍പ്പെടെ ശക്തമായ ഭാഷയിലാണ് പൊലീസിനെ അക്രമിച്ച സംഭവത്തെ അപലപിച്ചിരുന്നത്.

ഇത്തരം സംഭവങ്ങള്‍ ഒറ്റപ്പെട്ടതല്ല, മിക്കയിടത്തും സംഭവിച്ചതും സംഭവിച്ച് കൊണ്ടിരിക്കുന്നതും ഇതു തന്നെയാണ്. എല്ലാ പ്രതിഷേധങ്ങളിലും ഒരു പോലെയാണ് സംഘര്‍ഷത്തിന് കാരണമെന്ന് ഇതുകൊണ്ട് അര്‍ത്ഥമാക്കേണ്ടതില്ല. തികച്ചും സമാധാനപരമായി നടത്തിയ പ്രതിഷേധങ്ങളെ ചോരയില്‍ മുക്കി കൊല്ലാന്‍ ശ്രമിച്ച ഭരണകൂടങ്ങളും പൊലീസും എല്ലാം ഇവിടെ ഉണ്ടായിട്ടുണ്ട്. അത്തരക്കാരോട് ഒരിക്കലും ക്ഷമിക്കാനും കഴിയില്ല.

പൊതുപ്രവര്‍ത്തകരിലെ ക്രിമിനല്‍ സ്വഭാവമുള്ളവരെ പോലെ തന്നെ ഉദ്യോഗസ്ഥരിലും ക്രിമിനല്‍ സ്വഭാവമുള്ളവരുണ്ട്. അവരെയാണ് ഒറ്റപ്പെടുത്തേണ്ടത്. ഇത്തരക്കാരാണ് ഇടുക്കിയില്‍ രാജ്കുമാറിനെ തല്ലി കൊന്നത്. എന്നാല്‍ ഇത്തരം ഒറ്റപ്പെട്ട സംഭവങ്ങളെ സാമാന്യവല്‍ക്കരിക്കുന്നതും ശരിയല്ല. ഇനി ഒരു തെറ്റ് ചെയ്യാന്‍ തോന്നാത്ത രൂപത്തിലുള്ള ശിക്ഷാ നടപടിയാണ് ആവശ്യം. അത് രാജ്യത്ത് എല്ലാ മേഖലയിലും നടപ്പാക്കണം.

ഉദ്യോഗസ്ഥര്‍ തെറ്റു ചെയ്താല്‍ സസ്‌പെന്‍ഷന്‍, ഡിസ്മിസ് തുടങ്ങിയ കടുത്ത നടപടികള്‍ക്ക് വിധേയമാകും. പക്ഷേ ജനപ്രതിനിധികളും രാഷ്ട്രീയ നേതാക്കളും തെറ്റ് ചെയ്താല്‍ അവര്‍ പലപ്പോഴും രക്ഷപ്പെടുകയാണ് പതിവ്. ക്രിക്കറ്റ് ബാറ്റ് കൊണ്ട് നഗരസഭ ഉദ്യോഗസ്ഥരെ ആക്രമിച്ചവനും വനിതാ ഫോറസ്റ്റ് ഓഫീസറെ കമ്പു കൊണ്ട് അടിച്ചവരും ഇപ്പോഴും ആ പാര്‍ട്ടികളില്‍ തന്നെയാണ് ഉള്ളത്. ഇവര്‍ക്കെതിരായി നിയമ നടപടി മാത്രമല്ല, പാര്‍ട്ടി തലത്തിലുള്ള നടപടികളും അനിവാര്യമാണ്. തെറ്റ് ചെയ്താല്‍ പാര്‍ട്ടി സംരക്ഷിക്കില്ല എന്ന ബോധം ഉണ്ടായാല്‍ തന്നെ രാജ്യത്ത് ഒരുവിധം പ്രശ്‌നങ്ങള്‍ തീരും. ഈ നിലപാട് എല്ലാ പാര്‍ട്ടി നേത്യത്വങ്ങളും കൈക്കൊള്ളുകയാണ് വേണ്ടത്.

പ്രധാനമന്തി നരേന്ദ്ര മോദിക്ക് കുട്ടികള്‍ ഇല്ലാത്തതിനാല്‍ മക്കളുടെ താല്‍പര്യത്തിന് വഴങ്ങേണ്ട സാഹചര്യം അദ്ദേഹത്തിനില്ല. എന്നാല്‍ മറ്റു മന്ത്രിമാരുടെയും നേതാക്കളുടെയും കാര്യങ്ങള്‍ അങ്ങനെയല്ല, ഇവരുടെ ദേഹത്ത് ചെളി തെറിപ്പിക്കുന്നതില്‍ മക്കള്‍ക്കും ബന്ധുക്കള്‍ക്കുമുള്ള പങ്ക് വളരെ വലുതാണ്. എല്ലാ പാര്‍ട്ടികളിലെയും സ്ഥിതി ഇതൊക്കെ തന്നെയാണ്. സ്വന്തം കുടുംബത്തില്‍ ഉണ്ടാകുന്ന താളപ്പിഴകളാണ് പല നേതാക്കളുടെയും തലവര തന്നെ മാറ്റുന്നത്.

സോഷ്യല്‍ മീഡിയ 24 മണിക്കൂറും കണ്ണു തുറന്നിരിക്കുന്ന പുതിയ കാലത്ത് ഒരു രഹസ്യവും ഏറെ നാള്‍ ഒളിപ്പിച്ച് വയ്ക്കാന്‍ കഴിയില്ല. ആരുടെയും വായ അടപ്പിക്കാനും കഴിയില്ല. വാര്‍ത്തകള്‍ വരുന്നത് ഒതുക്കി തീര്‍ക്കാനും കഴിയില്ല. എല്ലാ രഹസ്യങ്ങളും ഇടപാടുകളും നാളെ നാട് അറിയുക തന്നെ ചെയ്യും.

നേതാക്കളും കുടുംബാംഗങ്ങളും പൊതു സമൂഹത്തില്‍ വിചാരണ ചെയ്യപ്പെടുമ്പോള്‍ അവിടെ അവര്‍ പ്രതിനിധാനം ചെയ്യുന്ന പാര്‍ട്ടിയുടെ കൊടിയാണ് നാണംകെട്ട് താഴുന്നത്. ഇവരോടുള്ള വെറുപ്പ് സ്വാഭാവികമായും ആ രാഷ്ട്രിയ പാര്‍ട്ടിയോടും ജനങ്ങള്‍ക്ക് തോന്നും. നേതാവ് പാര്‍ട്ടിക്ക് ചെയ്ത ത്യാഗം പാര്‍ട്ടി നേതൃത്വത്തിന് കണ്ടില്ലെന്ന് നടിക്കാന്‍ പറ്റില്ലെങ്കിലും പൊതു സമൂഹത്തില്‍ അതാകില്ല അവസ്ഥ.

പുതിയ കാലത്ത് രാഷ്ട്രീയ പാര്‍ട്ടികളിലെ അണികള്‍ അടിമകളല്ല. പാര്‍ട്ടി നേതൃത്വങ്ങള്‍ എന്തു പറഞ്ഞാലും അത് കേട്ട് മാത്രം അവര്‍ അനുസരിക്കുന്ന കാലവും കഴിഞ്ഞിരിക്കുന്നു. ഇപ്പോള്‍ കാര്യങ്ങള്‍ ശരിക്കും മനസ്സിലാക്കി തന്നെയാണ് രാഷ്ട്രീയ പാര്‍ട്ടി പ്രവര്‍ത്തകരും മുന്നോട്ട് പോകുന്നത്. കേരളം ഇക്കാര്യത്തില്‍ ഏറെ പുരോഗതി കൈവരിച്ചിട്ടുണ്ട്.

സ്വന്തം കുടുംബ ജീവിതം മാതൃകാപരമാക്കിയിട്ടാവണം നേതാക്കള്‍ നാടിനെ സേവിക്കാന്‍ ഇറങ്ങേണ്ടത്. കുടുംബാംഗങ്ങളെയാണ് ആദ്യം മര്യാദ പഠിപ്പിക്കേണ്ടത്. എങ്കില്‍ മാത്രമേ അവരുടെ വാക്കുകള്‍ക്ക് വിലയുണ്ടാവുകയുള്ളൂ. അതുതന്നെയാണ് രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും നാടിനും അഭിമാനമുയര്‍ത്തുക. തെറ്റുകള്‍ പറ്റാത്ത പാര്‍ട്ടികളും പൊതു പ്രവര്‍ത്തകരും ഉണ്ടാകില്ല, അത് ഏറ്റു പറഞ്ഞ് തിരുത്തുകയാണ് വേണ്ടത്.

തെറ്റ് ചെയ്താല്‍ ക്ഷമ പറയാനുള്ള ബോധം വേണമെന്ന് പ്രധാനമന്ത്രിക്ക് തന്നെ ഓര്‍മ്മിപ്പിക്കേണ്ടി വരുന്നതും യാഥാര്‍ത്ഥ്യം ഉള്‍ക്കൊണ്ടാണ്. സ്വന്തം പാര്‍ട്ടിയില്‍ തിരുത്തല്‍ നടപടിക്ക് മോദി തുടക്കമിട്ടത് പോലെ മറ്റു പാര്‍ട്ടികളിലെ നേതാക്കളും കര്‍ശന നടപടിയിലേക്ക് പോകണം. അങ്ങനെ സംഭവിച്ചാല്‍ അത് രാജ്യത്തെ രാഷ്ട്രീയ മേഖലയെ ശുദ്ധീകരിക്കുന്നതിനാണ് വഴിവയ്ക്കുക.

Express View

Top