കേന്ദ്ര മന്ത്രിമാര്‍ക്ക് ഉള്‍പ്പെടെ നിരീക്ഷണം, അഴിമതിക്കെതിരെ വാളെടുത്ത് പ്രധാനമന്ത്രി

കേന്ദ്ര സര്‍വ്വീസിലെ ഉദ്യോഗസ്ഥര്‍ മാത്രമല്ല, മന്ത്രിമാരും എം.പിമാരും വരെ ഇപ്പോള്‍ നിരീക്ഷണത്തിലാണ്. കേന്ദ്ര രഹസ്യാന്വേഷണ വിഭാഗമാണ് നിരീക്ഷണം ശക്തമാക്കിയിരിക്കുന്നത്. കേന്ദ്ര പേഴ്‌സണല്‍ മന്ത്രാലയത്തിന്റെ നിര്‍ദ്ദേശപ്രകാരമാണ് ഈ നടപടിയെന്നാണ് സൂചന. അഴിമതിയുടെ നിഴല്‍ പോലും മന്ത്രിമാരിലും എം.പിമാരിലും എത്തരുതെന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ആവശ്യപ്പെട്ടിരിക്കുന്നത്. ഉദ്യോഗസ്ഥര്‍ക്ക് മാത്രമല്ല ജനപ്രതിനിധികള്‍ക്കും ഇത് ബാധകമാണെന്ന് ബി.ജെ.പി യോഗത്തില്‍ മോദി വ്യക്തമാക്കിയിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് കേന്ദ്ര രഹസ്യാന്വേഷണ വിഭാഗവും ജാഗ്രത പാലിക്കുന്നത്.

കേന്ദ്ര മന്ത്രിമാരെയും എം.പിമാരെയും ഉന്നത നേതാക്കളെയും ആര് സ്വാധീനിക്കാന്‍ ശ്രമിച്ചാലും അവര്‍ ഇനി കുടുംങ്ങും. അഴിമതി, കൃത്യവിലോപം എന്നിവ ഏത് മന്ത്രി കാട്ടിയാലും അവരെ തല്‍സ്ഥാനത്ത് നിന്നും ഉടന്‍ തന്നെ നീക്കുമെന്ന മുന്നറിയിപ്പും പ്രധാനമന്ത്രി നല്‍കിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ കേന്ദ്ര മന്ത്രിമാര്‍ ഉള്‍പ്പെടെയുള്ളവര്‍ ഇപ്പോള്‍ അതീവ ജാഗ്രതയിലാണെന്നാണ് റിപ്പോര്‍ട്ട്.

കഴിഞ്ഞ മോദി സര്‍ക്കാരില്‍ തന്നെ ഇടനിലക്കാര്‍ നിരീക്ഷണത്തിലായിരുന്നു. മോദിപ്പേടിയില്‍ മന്ത്രിമാരും ജാഗ്രത പാലിച്ചിരുന്നു. അതുകൊണ്ട് തന്നെ മന്ത്രിമാരുമായി ബന്ധപ്പെട്ട് കാര്യമായ ആരോപണങ്ങളൊന്നും ഉയര്‍ന്നിരുന്നില്ല.

കഴിഞ്ഞ യു.പി.എ സര്‍ക്കാറിന്റെ കാലത്ത് രാജ്യത്തെ ഞെട്ടിക്കുന്ന അഴിമതി കഥകളാണ് പുറത്ത് വന്നിരുന്നത്. മന്‍മോഹന്‍ സര്‍ക്കാറിന്റെ ഭരണത്തിന് വിരാമമിട്ടതുതന്നെ 2-ജി സ്‌പെക്ട്രം ഉള്‍പ്പെടെയുള്ള വമ്പന്‍ അഴിമതി കഥകളായിരുന്നു.

അതേസമയം റഫാല്‍ ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ അഴിമതി ആരോപിച്ച് മോദി സര്‍ക്കാരിനെതിരെ രാഹുല്‍ ഗാന്ധി രംഗത്ത് വന്നിരുന്നെങ്കിലും ഒടുവില്‍ അദ്ദേഹത്തിന് മാപ്പ് പറയേണ്ടി വന്നിരുന്നു. ഇത് ബി.ജെ.പിയെ സംബന്ധിച്ച് രാഷ്ട്രീയപരമായി വലിയ നേട്ടമാണ് ഉണ്ടാക്കി കൊടുത്തത്. ഉന്നയിച്ച അഴിമതി ആരോപണങ്ങളിലെല്ലാം മാനനഷ്ടകേസ് നേരിടേണ്ട അവസ്ഥയിലാണിപ്പോള്‍ രാഹുല്‍ ഗാന്ധി. അമിത് ഷായുടെയും അജിത് ദോവലിന്റെയും മക്കള്‍ക്കെതിരെ ഗുരുതര ആരോപണമുയര്‍ത്തിയ ന്യൂസ് പോര്‍ട്ടലുകളും ഇപ്പോള്‍ നിശബ്ദരാണ്.

ഭരണ സംവിധാനം ഉപയോഗിച്ച് എതിര്‍ശബ്ദങ്ങളെയെല്ലാം ഭീഷണിപ്പെടുത്തി നിശബ്ദരാക്കുകയാണെന്ന ആക്ഷേപം ഉണ്ടെങ്കിലും മോദി അത് കേട്ട ഭാവം പോലും നടിക്കുന്നില്ല. അടുത്ത ലോകസഭ തെരഞ്ഞെടുപ്പ് മുന്‍നിര്‍ത്തിയുള്ള പ്രവര്‍ത്തനമാണ് ഇപ്പോഴെ അദ്ദേഹം തുടങ്ങിയിരിക്കുന്നത്. പ്രതിപക്ഷ ശക്തി കുറയുമ്പോള്‍ ഭരണപക്ഷത്ത് അഹങ്കാരവും അഴിമതിയും വര്‍ദ്ധിക്കുമെന്ന തിരിച്ചറിവും മോദിക്കുണ്ട്. അതുകൊണ്ട് തന്നെയാണ് കേന്ദ്ര മന്ത്രിമാര്‍ക്കുള്‍പ്പെടെ പെരുമാറ്റ ചട്ടം കൊണ്ട് വന്നിരിക്കുന്നത്. നിലവിലെ സാഹചര്യത്തില്‍ മന്ത്രിമാരുടെയും കുടുംബാംഗങ്ങളുടെയും മറ്റും ഇടപെടലുകള്‍ എളുപ്പത്തില്‍ കണ്ടെത്താന്‍ കഴിയും.

ഫയലുകള്‍ പിടിച്ച് വയ്ക്കുന്നത്, നിയമവിരുദ്ധമായ തീരുമാനങ്ങള്‍ എടുക്കുന്നത് തുടങ്ങിയവയിലും നടപടി സ്‌പോട്ടില്‍ ഉണ്ടാകും. എല്ലാം പ്രധാനമന്തിയുടെ ഓഫീസിന്റെ നിരീക്ഷണത്തിലാണ് എന്ന സന്ദേശമാണ് മന്ത്രിമാര്‍ക്ക് മോദി നല്‍കിയിരിക്കുന്നത്. എന്‍.ഡി.എ ഘടക കക്ഷി മന്ത്രിമാര്‍ക്കും ഇത് ബാധകമാണ്. ഒറ്റയ്ക്ക് ബി.ജെ.പിക്ക് ഭരിക്കാന്‍ ഭൂരിപക്ഷം ഉള്ളതിനാല്‍ ശിവസേനക്ക് പോലും ഇപ്പോള്‍ പഴയ വീര്യം നഷ്ടമായി കഴിഞ്ഞു. മഹാരാഷ്ട്ര നിയമസഭ തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ മാത്രമേ ബി.ജെ.പി – ശിവസേന ബന്ധത്തിന്റെ ആയുസ് പോലും വിലയിരുത്താന്‍ പറ്റുകയുള്ളൂ.

ആവശ്യമില്ലാതെ ഡല്‍ഹിയില്‍ തങ്ങുന്ന ഭരണപക്ഷ നേതാക്കളും ഇനി ഐ.ബിയുടെ നിരീക്ഷണത്തിലായിരിക്കും. പ്രധാനമന്ത്രിയുടെ ഓഫീസിന് ലഭിക്കുന്ന പരാതികള്‍ ഗൗരവമായി കൈകാര്യം ചെയ്യുവാന്‍ ശക്തമായ സംവിധാനവും നിലവില്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. പാര്‍ട്ടി നേതാക്കളുടെ മക്കളും മറ്റും കുടുംബാംഗങ്ങളും നിയമം കയ്യിലെടുക്കുന്നതും ഇനി അനുവദിക്കുകയില്ല. പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ പ്രധാനമന്ത്രി തന്നെ ഇക്കാര്യം വ്യക്തമാക്കിയിരുന്നു.

ബി.ജെ.പി ദേശീയ ജനറല്‍ സെക്രട്ടറിയുടെ എം.എല്‍.എയായ മകന്‍ മധ്യപ്രദേശില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ മര്‍ദ്ദിച്ച സംഭവമാണ് മോദിയെ ചൊടിപ്പിച്ചിരുന്നത്. ആരുടെ മകനായാലും ഇത്തരം കാര്യങ്ങള്‍ അംഗീകരിക്കില്ലെന്ന നിലപാടാണ് മോദിക്കുള്ളത്. ഉദ്യോഗസ്ഥര്‍ക്ക് മാന്യമായ ബഹുമാനം നല്‍കി മുന്നോട്ട് പോകാനാണ് പാര്‍ട്ടി നേതൃത്വത്തിന് നല്‍കിയിരിക്കുന്ന മറ്റൊരു നിര്‍ദ്ദേശം. ഇതിനിടെ അഴിമതിക്കാരും കാര്യക്ഷമത ഇല്ലാത്തവരുമായ ഉദ്യോഗസ്ഥര്‍ക്കെതിരെ കേന്ദ്ര സര്‍ക്കാര്‍ നടപടിയും ശക്തമാക്കിയിട്ടുണ്ട്.

ഇതിനകം തന്നെ കേന്ദ്ര സര്‍വ്വീസിലുള്ള നിരവധി ഉദ്യോഗസ്ഥരെ പിരിച്ചുവിട്ടു കഴിഞ്ഞു. ഒരു സംഘം ഉദ്യോഗസ്ഥര്‍ പുറത്താക്കലിന്റെ വക്കിലുമാണ്. ഇതില്‍ മുതിര്‍ന്ന ഐ.എ.എസ് – ഐ.പി.എസ് ഉദ്യോഗസ്ഥരും ഉള്‍പ്പെടുന്നുണ്ട്. ആദായ നികുതി, എന്‍ഫോഴ്‌സ്‌മെന്റ്, കസ്റ്റംസ്, റവന്യൂ ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍ക്കെതിരെയാണ് കൂടുതല്‍ പരാതികള്‍. സി.ബി.ഐയും ഐ.ബിയുമാണ് ഇതു സംബന്ധമായ അന്വേഷണം നടത്തുന്നത്.

ബ്ലാക്ക് ലിസ്റ്റില്‍പ്പെട്ട ഉദ്യോഗസ്ഥരുടെ പട്ടിക പ്രത്യേകം തയ്യാറാക്കി അവരെ പിരിച്ചു വിടാനാണ് കേന്ദ്ര സര്‍ക്കാര്‍ തീരുമാനം. കേന്ദ്ര ഉദ്യോഗസ്ഥരുടെ ഡെപ്യൂട്ടേഷന്‍ വ്യവസ്ഥയിലും ഇനിമുതല്‍ മാര്‍ഗ നിര്‍ദ്ദേശം കര്‍ക്കശമാക്കും.

Political Reporter

Top