ആരാണ് ശരിക്കുള്ള കള്ളനെന്ന് മനസിലായില്ലേ; തെരഞ്ഞെടുപ്പില്‍ റെയ്ഡ് ആയുധമാക്കി മോദി

മഹാരാഷ്ട്ര: ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ആദായ നികുതി റെയ്ഡ് ആയുധമാക്കി നരേന്ദ്ര മോദി രംഗത്ത്.

മധ്യപ്രദേശില്‍ കമല്‍നാഥിന്റെ അനുയായികളുടെ വീട്ടില്‍ നിന്ന് പണം പിടിച്ചെടുത്ത സംഭവമാണ് മോദി തെരഞ്ഞെടുപ്പില്‍ ആയുധമാക്കിയിയിരിക്കുന്നത്. നോട്ടുകള്‍ പിടിച്ചതോടെ യഥാര്‍ത്ഥ കള്ളന്‍മാര്‍ ആരാണെന്ന് വ്യക്തമായല്ലോയെന്നാണ് മോദി ചോദിക്കുന്നത്.

”കോണ്‍ഗ്രസ് നേതാക്കളുടെ വീട്ടില്‍ നിന്ന് നോട്ടുകള്‍ കെട്ടുകെട്ടായി പുറത്ത് വന്നത് കണ്ടില്ലേ. നോട്ട് കൊടുത്ത് വോട്ട് വാങ്ങുന്നത് ഇവരുടെ സ്ഥിരം പരിപാടിയാണ്. ആറ് മാസമായി ‘ചൗകീദാര്‍ ചോര്‍ ഹേ’ എന്നാണിവര്‍ പറയുന്നത്. എന്നാല്‍, നോട്ടുകള്‍ എവിടെ നിന്നാണ് വരുന്നത്. ആരാണ് ശരിക്കുള്ള കള്ളനെന്ന് മനസ്സിലായില്ലേ, മോദി പരിഹസിച്ചു.

അതേസമയം, ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സമയത്ത് വിവിധ സംസ്ഥാനങ്ങളില്‍ നടന്നുവരുന്ന ആദായനികുതി വകുപ്പിന്റെ റെയ്ഡുകളെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ റവന്യൂ സെക്രട്ടറിയെയും സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്ട് ടാക്സ് (സി ബി ഡി ടി) ചെയര്‍മാനെയും കേന്ദ്ര തെരഞ്ഞെടുപ്പു കമ്മീഷന്‍ വിളിപ്പിച്ചിട്ടുണ്ട്. റവന്യൂ സെക്രട്ടറി എ ബി പാണ്ഡേയും സി ബി ഡി ടി ചെയര്‍മാന്‍ പി സി മോദിയെയുമാണ് വിഷയത്തെ കുറിച്ച് വിശദീകരണം നല്‍കാന്‍ ആവശ്യപ്പെട്ട് കമ്മീഷന്‍ ചൊവ്വാഴ്ച വിളിപ്പിച്ചിട്ടുള്ളത്.

തെരഞ്ഞെടുപ്പു കാലത്ത് ബി ജെ പി എന്‍ഫോഴ്സ്മെന്റ് ഏജന്‍സികളെ തങ്ങളുടെ താല്‍പര്യങ്ങള്‍ക്ക് അനുസരിച്ച് ഉപയോഗിക്കുകയാണെന്ന് കോണ്‍ഗ്രസ് ആരോപണമുന്നയിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് റവന്യൂ സെക്രട്ടറിയെയും സിബിഡിടി ചെയര്‍മാനെയും കമ്മീഷന്‍ വിളിപ്പിച്ചിരിക്കുന്നത്. കര്‍ണാടക, മധ്യപ്രദേശ്, തമിഴ്നാട്, ആന്ധ്രാപ്രദേശ് സംസ്ഥാനങ്ങളില്‍ ആദായനികുതി വകുപ്പ് റെയ്ഡ് സംഘടിപ്പിച്ചതിനു പിന്നാലെയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി.

തെരഞ്ഞെടുപ്പു കാലത്ത് നടത്തുന്ന റെയ്ഡുകള്‍ നിഷ്പക്ഷവും വിവേചനരഹിതവുമായിരിക്കണമെന്ന് ഞായറാഴ്ച തെരഞ്ഞെടുപ്പു കമ്മീഷന്‍ ധനമന്ത്രാലയത്തിന് നിര്‍ദേശം നല്‍കിയിരുന്നു.

Top