പ്രധാനമന്ത്രിയായ ശേഷം മോദി നടത്തിയത് 240 അനൗദ്യോഗിക വിമാന യാത്രകളെന്ന്!

ന്യൂഡല്‍ഹി: പ്രധാനമന്ത്രിയായ ശേഷം നരേന്ദ്രമോദി നടത്തിയത് 240 അനൗദ്യോഗിക വിമാന യാത്രകളെന്ന് റിപ്പോര്‍ട്ട്.

യാത്രയ്ക്കായി തന്നെ ബിജെപി 1.4 കോടി രൂപ ഇന്ത്യന്‍ എയര്‍ ഫോഴ്സിന് നല്‍കിയതായും വിവരാവകാശ രേഖ പ്രകാരം നല്‍കിയ ചോദ്യത്തിനുള്ള മറുപടിയില്‍ എയര്‍ഫോഴ്സ് വ്യക്തമാക്കിയെന്നാണ് റിപ്പോര്‍ട്ടുകള്‍.

എന്നാല്‍, ഇത് സംബന്ധിച്ച മറുപടിയില്‍ അവ്യക്തത തുടരുകയാണ്. ഏത് തരത്തിലുള്ള വിമാനമാണ് ഉപയോഗിച്ചിരുന്നതെന്നും എത്ര മണിക്കൂര്‍ യാത്ര ചെയ്തുവെന്നും ഉള്‍പ്പെടെയുള്ള കാര്യങ്ങളിലാണ് അവ്യക്തത തുടരുന്നത്. യാത്ര ചെയ്ത സ്ഥലവും ചാര്‍ജും മാത്രമാണ് മറുപടിയില്‍ വ്യക്തമാക്കിയിരിക്കുന്നത്.

പ്രധാനമന്ത്രിയുടെ അനൗദ്യോഗിക യാത്രകള്‍ക്കായി പ്രതിരോധ വകുപ്പ് പുറത്തിറക്കിയ മാനദണ്ഡമനുസരിച്ച് പണം ബന്ധപ്പെട്ടവരില്‍ നിന്ന് ഈടാക്കണമെന്ന് ചട്ടമുണ്ട്. അനൗദ്യോഗിക യാത്രകള്‍ക്കായി വിമാനം ഉപയോഗിക്കാനുള്ള അധികാരം പ്രധാനമന്ത്രിയ്ക്ക് മാത്രമാണ് ഉള്ളത്. അതും അടിയന്തര ഘട്ടങ്ങളില്‍ മാത്രമാണെന്ന കാര്യം ചട്ടത്തില്‍ വ്യക്തമാക്കുന്നുമുണ്ട്.

അതേസമയം, ബിബിജെ(ബോയിങ് ബിസിനസ് ജെറ്റ്), എം1-17 (വിവിഐപി ഹെലികോപ്ടര്‍) വിമാനങ്ങള്‍ മാത്രമാണ് മോദി അനൗദ്യോഗിക യാത്രയ്ക്ക് ഉപയോഗിച്ചതെന്ന് ഐഎഎഫ് വ്യക്തമാക്കുന്നുണ്ട്.

Top