ഭോജ്പുരി ഭാഷയിലും മോദിയുടെ ജീവിത കഥ ചിത്രീകരിക്കുമെന്ന് നടന്‍ രവി കിഷാന്‍

പ്രധാന മന്ത്രി നരേന്ദ്ര മോദിയുടെ ജീവിത കഥ ബോളിവുഡില്‍ മാത്രമല്ല ഭോജ്പുരി ഭാഷയിലും ചിത്രീകരിക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് നടനും എന്‍ഡിഎ സ്ഥാനാര്‍ത്ഥിയുമായ രവി കിഷാന്‍. നരേന്ദ്ര മോദിയെ കുറിച്ച് കൂടുതല്‍ അറിയുന്നതിനാണ് ഭോജ്പുരി ഭാഷ സംസാരിക്കുന്നവര്‍ക്കായി ആ ഭാഷയില്‍ തന്നെ അദ്ദേഹത്തിന്റെ ജീവിതം ചിത്രീകരിക്കുന്നതെന്ന് കിഷാന്‍ പറഞ്ഞു.

നരേന്ദ്ര മോദിയുടെ ജീവിതത്തില്‍നിന്നും പ്രചോദനം ഉള്‍കൊണ്ടാണ് താന്‍ അദ്ദേഹത്തിന്റെ ബയോപിക്ക് നിര്‍മ്മിക്കാന്‍ തീരുമാനിച്ചതൊണ് പിടിഐയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞത്. ഖോരാഖ്പൂര്‍ മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയാണ് രവി കിഷാന്‍.

2014ല്‍ ഒരു പൊതു പരിപാടിയില്‍ മോദി ശൗചാലയത്തെക്കുറിച്ച് സംസാരിച്ചത് താന്‍ കേട്ടിരുന്നു. ഒരു പ്രധാനമന്ത്രി ആദ്യമായാണ് അത്തരത്തില്‍ സംസാരിക്കുന്നത്.അദ്ദേഹത്തിന്റെ ആ സംസാരം തന്നില്‍ അദ്ദേഹത്തെ കുറിച്ചുണ്ടായിരുന്ന ബഹുമനത്തിന്റെ ആഴം കൂട്ടി. അദ്ദേഹത്തിന്റെ ജീവിത കഥ പറയുന്ന ബയോപിക്കിന്റെ ചിത്രീകരണം ലോക്‌സഭ തെരഞ്ഞെടുപ്പ് കഴിഞ്ഞാലുടന്‍ തുടങ്ങുമെന്ന് താരം പറഞ്ഞു.

മാത്രമല്ല സ്വാമി വിവേകാനന്ദന്‍, മുന്‍ പ്രധാനമന്ത്രി അടല്‍ബിഹാരി വാജ്‌പേയ് എന്നിവരുടെ ജീവിതത്തെ ആസ്പദമാക്കിയും ഭോജ്പുരിയില്‍ സിനിമകള്‍ നിര്‍മ്മിക്കുമെന്ന് കിഷാന്‍ കൂട്ടിച്ചേര്‍ത്തു. 2017-ലാണ് രവി കിഷാന്‍ ബിജെപിയില്‍ ചേരുന്നത്.

മോദിയുടെ ജീവിതം പ്രമേയമാക്കി ചിത്രീകരിച്ച പിഎം നരേന്ദ്രമോദി എന്ന ചിത്രം ഈ മാസം 24 ന് റിലീസ് ചെയ്യും. ഏപ്രില്‍ 11-ന് ചിത്രം റിലീസ് ചെയ്യാനാനിരിക്കെ ചിത്രം തെരഞ്ഞെടുപ്പിനെ സ്വാധീനിക്കുമെന്ന് ആരോപിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിലക്കിയിരുന്നു. തുടര്‍ന്നാണ്് റിലീസിങ് തീയതി മാറ്റി വെച്ചത്.

Top