മതന്യൂനപക്ഷങ്ങള്‍ക്ക് അത്യന്തം ഉത്കണ്ഠയുണ്ടാക്കുന്നതാണ് പ്രധാനമന്ത്രി നടത്തിയ പ്രസ്താവന : മുഖ്യമന്ത്രി

തിരുവനന്തപുരം: ബാബറി മസ്ജിദുമായി ബന്ധപ്പെട്ട പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസ്താവന ആശങ്ക ഉണ്ടാക്കുന്നതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മതന്യൂനപക്ഷങ്ങള്‍ക്ക് അത്യന്തം ഉത്കണ്ഠയുണ്ടാക്കുന്നതാണ് പ്രധാനമന്ത്രി നടത്തിയ പ്രസ്താവനയെന്നും സുപ്രീം കോടതി വിധിക്കു ശേഷം ഓര്‍ഡിനന്‍സിനെക്കുറിച്ച് ആലോചിക്കുമെന്നാണ് അദ്ദേഹം പറഞ്ഞത്. മതനിരപേക്ഷയ്‌ക്കെതിരായാണ് ഇതെല്ലാം വിരല്‍ ചൂണ്ടുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ബാബറി മസ്ജിദ് ഉള്‍പ്പെടെ സംഘപരിവാര്‍ ഉയര്‍ത്തുന്ന ആശയങ്ങള്‍ക്കൊപ്പമാണ് കോണ്‍ഗ്രസ് ഇപ്പോള്‍ നീങ്ങുന്നത്. ലീഗും ഇതിനു പിന്തുണ നല്‍കുകയാണ്. ഇവര്‍ ഓര്‍ക്കേണ്ടത് സംഘപരിവാര്‍ ആശയങ്ങളെയാണ് തങ്ങള്‍ പിന്തുണയ്ക്കുന്നതെന്നാണ് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

ശബരിമലയില്‍ സുപ്രീംകോടതി വിധി നടപ്പാക്കാനാകില്ലെങ്കില്‍ തന്ത്രി കണ്ഠരര് രാജീവര് സ്ഥാനമൊഴിയണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ക്ഷേത്രം അടയ്ക്കണോ തുറക്കണോ എന്നു തീരുമാനിക്കേണ്ടത് ദേവസ്വം ബോര്‍ഡാണ്. ഇതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ദേവസ്വം ബോര്‍ഡ് പരിശോധിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തില്‍ ശബരിമലയില്‍ എത്തുന്ന സ്ത്രീകള്‍ക്ക് സുരക്ഷ ഒരുക്കുക എന്നത് സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണെന്നും വിധി അനുസരിക്കുകയാണ് സര്‍ക്കാര്‍ ചെയ്തതെന്നും അദ്ദേഹം വ്യക്തമാക്കി.

ശബരിമലയില്‍ യുവതികള്‍ ദര്‍ശനം നടത്തിയതില്‍ പ്രതിഷേധിച്ച് ശബരിമല കര്‍മ്മസമിതി ആഹ്വാനം ചെയ്ത ഹര്‍ത്താലിനിടെ അക്രമം അഴിച്ചുവിടുന്നത് ശക്തമായി തടയണം. ഹര്‍ത്താലിന്റെ പേരില്‍ പ്രതിഷേധക്കാര്‍ നിയമം കയ്യിലെടുക്കുന്നത് തടയണമെന്നും ഇത്തരക്കാരെ കര്‍ശനമായി നേരിടാനുമാണ് സംസ്ഥാന മന്ത്രിസഭ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.

സംഘപരിവാര്‍ ശ്രമിക്കുന്നത് സുപ്രീംകോടതി വിധി അട്ടിമറിക്കാനാണെന്നും സംഘര്‍ഷം ആഗ്രഹിക്കുന്നവര്‍ അടങ്ങിയിരിക്കില്ലെന്നും സംഘര്‍ഷങ്ങള്‍ വെച്ചുപൊറുപ്പിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ബിന്ദുവിനും കനകദുര്‍ഗയ്ക്കും സുരക്ഷ നല്‍കിയത് അവര്‍ ആവശ്യപ്പെട്ട പ്രകാരമാണെന്നും ഹെലികോപ്റ്ററിലല്ല മറ്റ് ഭക്തര്‍ക്കൊപ്പമാണ് അവരെ സന്നിധാനത്ത് എത്തിച്ചതെന്നും അദ്ദേഹം പറഞ്ഞു. സാധാരണ ഭക്തരില്‍ നിന്ന് ഒരു എതിര്‍പ്പും ഉണ്ടായില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Top