നവാസ് ഷെരീഫിന്റെ അറസ്റ്റിനെ കുറിച്ച് മോദി എന്തു പറയുന്നു; പരിഹാസവുമായി കോണ്‍ഗ്രസ്സ്

modi

ന്യൂഡല്‍ഹി: അവന്‍ഫീല്‍ഡ് അഴിമതിക്കേസില്‍ ശിക്ഷ ലഭിച്ച പ്രധാനമന്ത്രി നവാസ് ഷെരീഫുമായി സൗഹൃദമുണ്ടെന്ന പേരില്‍ നരേന്ദ്ര മോദിയ്‌ക്കെതിരെ വിമര്‍ശനവുമായി കോണ്‍ഗ്രസ്സ്.

നവാസ് ഷെരീഫിന്റെ അറസ്റ്റിനെക്കുറിച്ചും ഷെരീഫിനോടുള്ള മോദിയുടെ ബന്ധത്തെക്കുറിച്ചുമാണ് വിമര്‍ശനം ഉന്നയിച്ച് കോണ്‍ഗ്രസ്സ് രംഗത്തെത്തിയിരിക്കുന്നത്.

നവാസ് ഷെരീഫ് അഴിമതിയുടെ പേരില്‍ അറസ്റ്റിലായെന്നും അദ്ദേഹത്തിന്റെ പ്രിയ സുഹൃത്ത് മോദി ഇതിനെ കുറിച്ച് എന്തു പറയുന്നുവെന്ന് ഞങ്ങള്‍ക്ക് അറിയണമെന്നുണ്ടെന്നും കോണ്‍ഗ്രസ്സ് ട്വീറ്റ് ചെയ്തു. ഒപ്പം 2015ഡിസംബറില്‍ മോദിയും നവാസ് ഷരീഫും തമ്മിലുള്ള കൂടിക്കാഴ്ച
യിലെ ചിത്രവും പങ്കുവെച്ചിട്ടുണ്ട്.

അവന്‍ഫീല്‍ഡ് അഴിമതിക്കേസിലാണ് നവാസ് ഷെരീഫിന് പാക്കിസ്ഥാന്‍ അക്കൗണ്ടബിലിറ്റി കോടതി ശിക്ഷ വിധിച്ചത്. ഷെരീഫിനൊപ്പം തന്നെ മകള്‍ മറിയം ഷെരീഫിന് ഏഴ് വര്‍ഷവും മരുമകന്‍ റിട്ട. ലഫ്റ്റനന്റ് മുഹമ്മദ് സഫ്ദറിന് ഒരു വര്‍ഷവും തടവ് ശിക്ഷ വിധിച്ചിട്ടുണ്ട്.

തടവ് ശിക്ഷക്കൊപ്പം ഷെരീഫിന് 8 മില്യണ്‍ പൗണ്ടും മറിയത്തിന് 2 മില്യണ്‍ പൗണ്ടും പിഴ ശിക്ഷയും വിധിച്ചിട്ടുണ്ട്. ഷെരീഫിനും കുടുംബത്തിനുമെതിരെ അഴിമതി, കള്ളപ്പണം വെളുപ്പിക്കല്‍ എന്നിവയുമായി ബന്ധപ്പെട്ട് നാഷണല്‍ അക്കൗണ്ടബിലിറ്റി ബ്യൂറോ മൂന്നു കേസുകള്‍ രജിസ്റ്റര്‍ ചെയ്തിരുന്നു.

പാനമ പേപ്പേഴ്‌സ് പുറത്തുവിട്ട അഴിമതി വിവാദത്തില്‍ കുരുങ്ങിയതിനെ തുടര്‍ന്ന് ജൂലൈ 28ന് പാക്ക് സുപ്രീംകോടതി നവാസ് ഷെരീഫിനെ അയോഗ്യനായി പ്രഖ്യാപിച്ചിരുന്നു. തുടര്‍ന്ന്, പ്രധാനമന്ത്രി പദത്തില്‍ നിന്ന് അദ്ദേഹം രാജിവെയ്ക്കുകയും ചെയ്തിരുന്നു. കൂടാതെ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്നും ആജീവനാന്ത വിലക്കും ഏര്‍പ്പെടുത്തിയിട്ടുണ്ട്. എന്നാല്‍, തനിക്കെതിരായ ആരോപണങ്ങള്‍ നിഷേധിച്ച ഷെരീഫ് അതെല്ലാം രാഷ്ട്രീയ ലക്ഷ്യം വെച്ചുള്ളതാണെന്നാണ് വാദിച്ചത്

Top