സുരേന്ദ്രന്റെ മകന്റെ വിവാഹത്തിനെത്താത്ത മോദി, സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തിന് എത്തുന്നത് ‘ആ’ അജണ്ട മുൻ നിർത്തി !

ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്റെ മകന്റെ വിവാഹത്തിനു പോലും എത്താത്ത പ്രധാനമന്ത്രി നരേന്ദ്ര മോദി സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തില്‍ പങ്കെടുക്കാന്‍ കേരളത്തിലേക്ക് കുതിച്ചെത്തിയത് കേരളത്തെ കാവിയണിയിക്കുക എന്ന ആര്‍.എസ്.എസ് അജണ്ടയുടെ ഭാഗമായാണ്. രാജ്യത്ത് തന്നെ ഏറ്റവും കൂടുതല്‍ ആര്‍.എസ്.എസ് ശാഖകള്‍ ഉള്ള കേരളത്തില്‍ നിന്നും ഒരു എം.പിയെ ഇതുവരെ വിജയിപ്പിക്കാന്‍ കഴിയാതിരിക്കുന്നത് പഴയ ആര്‍.എസ്.എസ് പ്രചാരകന്‍ കൂടിയായ മോദിയെ സംബന്ധിച്ചും വലിയ നാണക്കേടാണ് ഈ നാണക്കേട് മാറ്റാനാണ് ഇത്തവണ അദ്ദേഹവും അരയും തലയും മുറുക്കി രംഗത്തിറങ്ങിയിരിക്കുന്നത്. സുരേഷ് ഗോപിയിലൂടെ തൃശൂര്‍ ലോകസഭ മണ്ഡലം പിടിച്ചെടുക്കുക എന്നതാണ് മോദിയുടെ ലക്ഷ്യം.

തൃശൂരില്‍ സുരേഷ് ഗോപിയുമൊത്ത് നടത്തിയ റോഡ് ഷോക്ക് പിന്നാലെ ഒരു ചെറിയ ഇടവേളയ്ക്ക് പോലും നില്‍ക്കാതെയാണിപ്പോള്‍ സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തില്‍ പങ്കെടുക്കാന്‍ മോദി വീണ്ടും കേരളത്തില്‍ ലാന്‍ഡ് ചെയ്തിരിക്കുന്നത്. കൊച്ചിയിലെ പ്രധാനമന്ത്രിയുടെ റോഡ് ഷോയും കേരളത്തിലെ ബി.ജെ.പിയ്ക്ക് ഉണര്‍വേകുന്നതിനായി സംഘടിപ്പിക്കപ്പെട്ടിട്ടുള്ളതാണ്. ഇത്തരത്തില്‍ തിരുവനന്തപുരത്തും അധികം താമസിയാതെ തന്നെ മോദി റോഡ് ഷോ നടത്തുമെന്നാണ് ലഭിക്കുന്ന വിവരം. ഇങ്ങനെ നിരന്തരമായി പ്രധാനമന്ത്രിയെ തന്നെ കേരളത്തില്‍ എത്തിക്കുന്നതിലൂടെ കേരളത്തിലെ നിലവിലെ രാഷ്ട്രീയ സമവാക്യങ്ങള്‍ പൊളിച്ചെഴുതാനാണ് ബി.ജെ.പി ശ്രമിക്കുന്നത്.

തൃശൂരിന് പുറമെ തിരുവനന്തപുരവും ബി.ജെ.പി ഏറെ വിജയ സാധ്യത കാണുന്ന മണ്ഡലമാണ്. ഇവിടെ അപ്രതീക്ഷിത സ്ഥാനാര്‍ത്ഥി വരുമെന്നാണ് ബി.ജെ.പി നേതൃത്വം പറയുന്നത്. കേരളത്തില്‍ അട്ടിമറി വിജയം നേടാന്‍ കഴിഞ്ഞാല്‍ ആ പിടിവള്ളി ഉപയോഗിച്ച് മറ്റു പ്രതിപക്ഷ പാര്‍ട്ടികളെ പിളര്‍ത്തി കരുത്താര്‍ജിക്കാന്‍ കഴിയുമെന്നതാണ് ബി.ജെ.പിയുടെ കണക്കു കൂട്ടല്‍.

നിലവില്‍ തിരുവനന്തപുരം ലോകസഭ മണ്ഡലത്തില്‍ രണ്ടാം സ്ഥാനത്താണ് ബി.ജെ.പിയുള്ളത്. തൃശൂരില്‍ അവര്‍ക്കുള്ളത് മൂന്നാം സ്ഥാനമാണ്. ‘എ’ ക്ലാസ് മണ്ഡലമായി ബി.ജെ.പി ദേശീയ നേതൃത്വം കാണുന്ന ഈ രണ്ടു മണ്ഡലങ്ങളിലും ദേശീയ നേതാക്കളും കേന്ദ്ര മന്ത്രിമാരുമാണ് തമ്പടിക്കാന്‍ പോകുന്നത്. സംഘപരിവാര്‍ സംഘടനകള്‍ ഇതിനകം തന്നെ ഈ മണ്ഡലങ്ങളില്‍ സജീവമാണ്. കേരളത്തിലെ വിജയം പ്രധാനമന്ത്രിയുടെ അഭിമാന പ്രശ്‌നമായി മാറിയതിനാല്‍ രാജ്യം തന്നെ ഉറ്റുനോക്കുന്ന കടുത്ത മത്സരമായി തൃശൂരും തിരുവനന്തപുരവും ഇത്തവണ മാറും.

നിലവില്‍ തൃശൂരും തിരുവനന്തപുരവും കോണ്‍ഗ്രസ്സിന്റെ കൈവശമാണുള്ളതെങ്കിലും നിയമസഭയിലെ ബി.ജെ.പി അക്കൗണ്ട് പൂട്ടിച്ച ഇടതുപക്ഷത്തിന്റെ നീക്കങ്ങളെയാണ് ബി.ജെ.പി ദേശീയ നേതൃത്വം ഗൗരവത്തോടെ ഉറ്റു നോക്കുന്നത്. തൃശൂരില്‍ വി.എസ് സുനില്‍കുമാര്‍ ഇടതുപക്ഷ സ്ഥാനാര്‍ത്ഥിയായാല്‍ ബി.ജെ.പിയും ഇടതുപക്ഷവും തമ്മില്‍ നേരിട്ടുള്ള മത്സരമാണ് നടക്കുക എന്നാണ് ബി.ജെ.പി വിലയിരുത്തുന്നത്. തിരുവനന്തപുരത്ത് സി.പി.ഐയില്‍ നിന്നും സി.പി.എം സീറ്റ് ഏറ്റെടുക്കുന്ന സാഹചര്യമുണ്ടായാല്‍ അവിടെയും മത്സരത്തിന്റെ സ്വഭാവം തന്നെ മാറുമെന്നാണ് കാവിപ്പട കരുതുന്നത്. നിയമസഭ തിരഞ്ഞെടുപ്പിലെ കണക്കുകള്‍ വച്ചു നോക്കിയാല്‍ തൃശൂരിലും തിരുവനന്തപുരത്തും വ്യക്തമായ മേധാവിത്വം ഇടതുപക്ഷത്തിനുണ്ട്.

2019 – ലെ ലോകസഭ തിരഞ്ഞെടുപ്പില്‍ വയനാട്ടില്‍ മത്സരിച്ച രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിയാകുമെന്ന് കണ്ട് നല്‍കിയ വോട്ടുകളുടെ ബലത്തിലാണ് 20-ല്‍ 19 സീറ്റുകളും തൂത്തുവാരാന്‍ യു.ഡി.എഫിന് കഴിഞ്ഞിരുന്നത്. എന്നാല്‍ ഇപ്പോഴത്തെ സ്ഥിതി അതല്ല. രാഹുല്‍ പ്രധാനമന്ത്രിയാകുമെന്ന പ്രതീക്ഷ കോണ്‍ഗ്രസ്സ് നേതാക്കള്‍ക്ക് തന്നെ നഷ്ടപ്പെട്ടിരിക്കുകയാണ്. അഥവാ ഇന്ത്യാ മുന്നണിക്ക് ഭൂരിപക്ഷം ലഭിച്ചാല്‍ പോലും കോണ്‍ഗ്രസ്സിനെ പരിഗണിക്കില്ലന്നതാണ് ആ മുന്നണിയിലെ അവസ്ഥ. ഈ യാഥാര്‍ത്ഥ്യം തിരിച്ചറിയുന്ന കേരളത്തിലെ മതന്യൂനപക്ഷങ്ങള്‍ മാറി ചിന്തിച്ചാല്‍ അത് ഇടതുപക്ഷത്തിനാണ് ഗുണം ചെയ്യുക.

പൗരത്വ നിയമദേദഗതി ഉള്‍പ്പെടെയുള്ള കേന്ദ്ര സര്‍ക്കാറിന്റെ നയങ്ങള്‍ക്കെതിരെ ഏറ്റവും ശക്തമായ പ്രതിഷേധം നടത്തിയത് ഇടതുപക്ഷ സംഘടനകളാണ്. രാജ്യത്ത് തന്നെ ഏറ്റവും കൂടുതല്‍ ജനങ്ങള്‍ അണിനിരന്നത് ഇടതുപക്ഷം കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെ തീര്‍ത്ത മനുഷ്യ ശ്യംഖലയിലാണ്. അതു പോലെ തന്നെ പൗരത്വ നിയമ ഭേദഗതിക്കെതിരെ രാജ്യത്ത് ആദ്യമായി ഒരു നിയമസഭ പ്രമേയം പാസാക്കിയെങ്കില്‍ അത് നടന്നതും ഇടതുപക്ഷം ഭരിക്കുന്ന കേരളത്തിലാണ്. ഇതിനു പുറമെ ന്യൂനപക്ഷ വിരുദ്ധമായ കേന്ദ്ര നയങ്ങള്‍ക്കെതിരെ നിരന്തരമായ പ്രതിഷേധമാണ് ഇടതുപക്ഷം സംഘടിപ്പിച്ചിട്ടുള്ളത്.

ഏറ്റവും ഒടുവില്‍ കേന്ദ്ര അവഗണനക്കെതിരെ ഡല്‍ഹിയില്‍ എത്തി സമരം നടത്താനാണ് ഇടതുപക്ഷ സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. മുഖ്യമന്ത്രിയും മന്ത്രിമാരും എം.എല്‍.എമാരും ഉള്‍പ്പെടെയുള്ളവരാണ് ഡല്‍ഹി സമരത്തില്‍ പങ്കെടുക്കുവാന്‍ പോകുന്നത്. മോദി സര്‍ക്കാറിനെതിരെ പ്രത്യക്ഷ സമരത്തിനിറങ്ങുന്നതോടെ മുഖ്യമന്ത്രി പിണറായി വിജയനും വീര പരിവേഷമാണ് ലഭിക്കുക. ഇതെല്ലാം തന്നെ ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ ഇടതുപക്ഷത്തിന്റെ സ്വീകാര്യതയാണ് വലിയ തോതില്‍ വര്‍ധിപ്പിക്കുക. യു.ഡി.എഫിനെ ഏറെ ആശങ്കപ്പെടുത്തുന്നതും ഈ യാഥാര്‍ത്ഥ്യം തന്നെയാണ്.

കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിന്റെ പരമ്പരാഗത വോട്ട് ബാങ്കായ ഹൈന്ദവ വോട്ട് ബാങ്കിന് ഒരു പോറല്‍ പോലും ഏല്‍ക്കാതെയാണ് ന്യൂനപക്ഷ വോട്ടുകളെയും സി.പി.എം. ഉള്‍പ്പെടെയുള്ള ഇടതുപാര്‍ട്ടികള്‍ ആകര്‍ഷിച്ചിരുന്നത്. ലീഗിന്റെ വോട്ട് ബാങ്കായ സമസ്തയുടെ ഉള്‍പ്പെടെയുള്ള വോട്ടുകളിലും വലിയ വിള്ളലാണ് വീണിരിക്കുന്നത്. ലോകസഭ തിരഞ്ഞെടുപ്പില്‍ ഇതും യു.ഡി.എഫ് നേരിടുന്ന പ്രധാന വെല്ലുവിളിയാണ്. ക്രൈസ്തവ വിഭാഗത്തിലും യു.ഡി.എഫിന്റെ സ്വാധീനം വലിയ രൂപത്തിലാണ് കുറഞ്ഞിരിക്കുന്നത്. ഈ ഒരവസ്ഥയില്‍ 15 ലോകസഭ സീറ്റുകളിലെങ്കിലും വിജയിക്കാന്‍ കഴിയുമെന്നാണ് ഇടതുപക്ഷം കരുതുന്നത്.

സി.പി.എം നേതാക്കളുടെ ഈ കണക്കുകൂട്ടല്‍ ബി.ജെ.പിയുടെയും മോദിയുടെയും കേരളത്തിലെ പ്രതീക്ഷകള്‍ക്കുമേലാണ് കരിനിഴല്‍ പടര്‍ത്തുന്നത്. ഇടതുപക്ഷവും ബി.ജെ.പിയും നേരിട്ട് ഏറ്റുമുട്ടുന്ന സാഹചര്യം ഉണ്ടായാല്‍ ഏറെ പ്രതീക്ഷ പുലര്‍ത്തുന്ന തൃശൂരിലും തിരിച്ചടി ഉണ്ടാകുമെന്നാണ് പരിവാര്‍ നേതൃത്വം ഭയക്കുന്നത്. ഇടതുപക്ഷ പ്രവര്‍ത്തകരെ പ്രത്യേകിച്ച് സി.പി.എം പ്രവര്‍ത്തകരെ ആശങ്കയോടെയാണ് ബി.ജെ.പി നേതൃത്വം നോക്കി കാണുന്നത്. ബി.ജെ.പിയെ എതിര്‍ക്കുന്ന ഘട്ടങ്ങളില്‍ എല്ലാം ഒരു ദയാദാക്ഷിണ്യവും ഇല്ലാതെയാണ് സി.പി.എം പ്രവര്‍ത്തകര്‍ കടന്നാക്രമിക്കാറുള്ളത്. ബി.ജെ.പി – ആര്‍.എസ്.എസ് പ്രവര്‍ത്തകരുടെ നിലപാടും ഇതിനു സമാനമാണ്. ഇങ്ങനെ വൈര്യത്തോടെ പെരുമാറുന്ന ഇരുവിഭാഗം പ്രവര്‍ത്തകരും രംഗത്തിറങ്ങുന്നത് തൃശൂരിലെ തിരഞ്ഞെടുപ്പ് പ്രചരണത്തിന് വീറും വാശിയും നല്‍കും.

സി.പി.ഐ മത്സരിക്കുന്ന തൃശൂരില്‍ കഴിഞ്ഞ കാലങ്ങളില്‍ സജീവമാകാതിരുന്ന സി.പി.എം പ്രവര്‍ത്തകരും അനുഭാവികളും ഇത്തവണ ഏറെ വാശിയോടെയാണ് രംഗത്തിറങ്ങാന്‍ പോകുന്നത്. കോണ്‍ഗ്രസ്സ് മൂന്നാം സ്ഥാനത്തിനായാണ് ഇത്തവണ മത്സരിക്കുന്നത് എന്നാണ് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരുടെ പരിഹാസം. സുരേഷ് ഗോപിയെ വിജയിപ്പിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി തന്നെ നേരിട്ട് രംഗത്തിറങ്ങിയതാണ് സി.പി.എം – ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരെ ചൊടിപ്പിച്ചിരിക്കുന്നത്. ഇടതുപക്ഷത്തിന്റെ സ്ഥാനാര്‍ത്ഥി ആരായാലും തൃശൂരില്‍ ബി.ജെ.പിയെ തകര്‍ത്താല്‍ അതില്‍പരം മറ്റൊരു തിരിച്ചടി മോദിക്ക് നല്‍കാന്‍ വേറെ ഇല്ലന്നു വിലയിരുത്തി തന്നെയാണ് തൃശൂരില്‍ സി.പി.എം പ്രവര്‍ത്തകര്‍ പുതിയ പോര്‍മുഖം തുറന്നിരിക്കുന്നത്.

EXPRESS KERALA VIEW

Top