ജോ ബൈഡനും ഭാര്യ ജിൽ ബൈഡനും ഒരുക്കിയ അത്താഴവിരുന്നിൽ പങ്കെടുത്ത് നരേന്ദ്ര മോദി

വാഷിങ്ടൻ : യുഎസ് പ്രസിഡന്റ് ജോ ബൈഡനും ഭാര്യ ജിൽ ബൈഡനും ചേർന്ന് ഒരുക്കിയ സ്വകാര്യ അത്താഴവിരുന്നിൽ പങ്കെടുത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ, യുഎസ് സുരക്ഷാ ഉപദേഷ്ടാവ് ജെയ്ക് സുള്ളിവൻ എന്നിവരും ഒപ്പമുണ്ടായിരുന്നു.

അത്താഴ വിരുന്നിനിടെ ഇരുവരും സമ്മാനങ്ങളും കൈമാറി. കൊത്തുപണികൾ ചെയ്ത ചന്ദനപ്പെട്ടിയാണ് ജോ ബൈഡന് മോദി നൽകിയത്. പെട്ടിയിൽ വെള്ളിയിൽ നിർമിച്ച ഗണേശവിഗ്രഹം, ആയിരം പൂർണ ചന്ദ്രൻമാരെ ദർശിച്ചവർക്ക് നൽകുന്ന തിരിവിളക്ക് (80 വർഷവും എട്ടുമാസവും ജീവിച്ചവർക്കാണ് ആയിരം പൂർണ ചന്ദ്രമാരെ കാണാൻ സാധിക്കുക. വരുന്ന നവംബറിൽ ബൈഡന് 81 വയസ്സാകും.), ഉപനിഷത്ത് എന്നിവയാണ് നൽകിയത്. 7.5 കാരറ്റ് പരിസ്ഥിതി സൗഹൃദ വൈരക്കല്ലുമാണ് പ്രഥമ വനിത ജിൽ ബൈഡന് സമ്മാനിച്ചത്.

പുരാതന അമേരിക്കൻ ബുക് ഗാലറിയാണ് ബൈഡൻ മോദിക്ക് സമ്മാനിച്ചത്. വിന്റേജ് അമേരിക്കൻ ക്യാമറ, വന്യജീവി ചിത്രങ്ങളടങ്ങിയ പുസ്തകം, റോബർട് ഫ്രോസ്റ്റിന്റെ കവിതാ സമാഹാരത്തിന്റെ ആദ്യ എഡിഷനിലെ കോപ്പി എന്നിവയും ബൈഡൻ കൈമാറി. അത്താഴത്തിന് ജില്‍ ബൈഡന്റെ മേല്‍നോട്ടത്തില്‍ നിന കുര്‍ട്ടിസ് എന്ന പ്രത്യേക ഷെഫാണ് മോദിക്കായി വിഭവങ്ങള്‍ തയാറാക്കിയത്. മില്ലറ്റ് കേക്കുകള്‍, ഗ്രില്‍ഡ് കോണ്‍ കെര്‍ണെല്‍ സാലഷ്, ടാങ്കി അവക്കാഡോ സോസ്, കംപ്രസ്ഡ് വാട്ടര്‍മെലണ്‍ തുടങ്ങി വെജിറ്റേറിയൻ വിഭവങ്ങളാണ് ഒരുക്കിയിരുന്നത്. താമരയും മയിൽച്ചിത്രങ്ങളും കൊണ്ട് വൈറ്റ്ഹൗസ് അലങ്കരിച്ചിരുന്നു. ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള സംഗീത പരിപാടിയും അരങ്ങേറി.

3 ദിവസത്തെ സന്ദർശനത്തിനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി യുഎസിലെത്തിയത്. വാഷിങ്ടനിലെ ആൻഡ്രൂസ് എയർഫോഴ്സ് ബേസിൽ വിമാനമിറങ്ങിയ പ്രധാനമന്ത്രിക്ക് ഇന്ത്യൻ സമൂഹം വൻ സ്വീകരണം നൽകി. 24 വരെയാണു സന്ദർശനം. ഐക്യരാഷ്ട്ര സംഘടനയുടെ ന്യൂയോർക്ക് ആസ്ഥാനത്ത് രാജ്യാന്തര യോഗാദിനാചരണത്തിനു മോദി നേതൃത്വം നൽകി. ജോ ബൈഡനുമായുള്ള ഔദ്യോഗിക കൂടിക്കാഴ്ചയ്ക്കുശേഷം വിവിധ കമ്പനി മേധാവികളുമായും മോദി കൂടിക്കാഴ്ച നടത്തും. ട്വിറ്റർ ഉടമ ഇലോൺ മസ്കുമായി മോദി ഇന്നലെ കൂടിക്കാഴ്ച നടത്തിയിരുന്നു.

Top