‘കള്ളങ്ങളുടെ ചന്തയിൽ, കൊള്ളയുടെ കടയാണ് കോൺഗ്രസ്’; നരേന്ദ്ര മോദി

ജയ്പുർ : ‘‘കള്ളങ്ങളുടെ ചന്തയിൽ, കൊള്ളയുടെ കടയാണ് കോൺഗ്രസ്’’ എന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജസ്ഥാനിലെ ബിക്കാനഗറിൽ വിവിധ പദ്ധതികളുടെ തറക്കല്ലീടൽ നിർവഹിച്ച് പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്യുമ്പോഴാണ് പ്രധാനമന്ത്രി കോൺഗ്രസിനെ കടന്നാക്രമിച്ചത്.

‘വെറുപ്പിന്റെ വിപണിയിൽ സ്നേഹത്തിന്റെ കട തുറന്നുവയ്ക്കുകയാണു നാം ചെയ്യുന്നത്’ എന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ഭാരത് ജോഡോ യാത്രയുടെ സമാപനവേളയിലും കർണാടക തിരഞ്ഞെടുപ്പ് വിജയത്തിനുശേഷവും പറഞ്ഞിരുന്നു. ഇതു സൂചിപ്പിച്ചാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രതികരണം. നിയമസഭാ തിരഞ്ഞെടുപ്പടുത്ത രാജസ്ഥാനിൽ കഴിഞ്ഞ ഒമ്പതു മാസത്തിനിടെ ഏഴാമത്തെ സന്ദർശനമായിരുന്നു പ്രധാനമന്ത്രിയുടേത്.

‘‘കോൺഗ്രസ് ഭരണത്തിൽ രാജസ്ഥാനിലെ കർഷകർ ദുരിതമനുഭവിക്കുകയാണ്. അധികാരത്തിലേറി ഇത്ര വർഷമായിട്ടും കോൺഗ്രസും സർക്കാരും കർഷകർക്ക് വേണ്ടി എന്താണ് നടപ്പാക്കിയിട്ടുള്ളത്. ഇവർക്ക് പരസ്‌പരം തമ്മിൽതല്ലാൻ മാത്രമാണ് സമയം. രാജസ്ഥാന് ദോഷം വരുത്തുന്ന സമീപനമാണ് ഇവരുടേത്. ഞങ്ങൾ രാജസ്ഥാനായി പദ്ധതികൾ അവതരിപ്പിച്ചു. എന്നാലവർ തട്ടിയെടുത്തു.

രാജസ്ഥാന്റെയും നിങ്ങളുടെയും പ്രശ്നങ്ങൾക്ക് കോൺഗ്രസിന് ചെയ്യാനൊന്നുമില്ല. ഒരോ വീടുകളിലേക്കും ആനുകൂല്യങ്ങൾ നൽകാനുള്ള ബിജെപി സർക്കാർ നീക്കംമൂലം കോൺഗ്രസ് പ്രതിസന്ധിയിലാണ്. കോൺഗ്രസ് സർക്കാരിനെതിരെ ജനങ്ങളുടെ രോഷം വർധിക്കുകയാണ്. ഇത് അധികാരമാറ്റത്തിന് വഴിയൊരുക്കും.’’– പ്രധാനമന്ത്രി പറഞ്ഞു. രാജസ്ഥാനിൽ 24,000 കോടി രൂപയുടെ പദ്ധതികളാണ് കേന്ദ്രസർക്കാർ നടപ്പാക്കുന്നത്.

Top