പൊതുജീവിതം നയിക്കാന്‍ മായാവതി അയോഗ്യ; മോദിയ്‌ക്കെതിരെയുള്ള പരാമര്‍ശത്തില്‍ ജയ്റ്റ്‌ലി

ന്യൂഡല്‍ഹി: രാഷ്ട്രീയത്തില്‍ നേട്ടം കൊയ്യാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഭാര്യയെ ഉപേക്ഷിച്ചുവെന്ന ബിഎസ്പി അധ്യക്ഷ മായാവതിയുടെ പ്രസ്താവനയ്ക്കു മറുപടിയുമായി കേന്ദ്രമന്ത്രി അരുണ്‍ ജയ്റ്റ്‌ലി രംഗത്ത്. പ്രധാനമന്ത്രിക്കെതിരെ മായാവതി പറഞ്ഞ വാക്കുകള്‍ തരംതാണതെന്നാണ് അരുണ്‍ ജയ്റ്റ്‌ലി തിരിച്ചടിച്ചത്.

മായാവതിയുടെ വാക്കുകളില്‍ നിന്ന് പൊതുജീവിതം നയിക്കാന്‍ അവര്‍ അയോഗ്യയാണെന്ന് തെളിഞ്ഞെന്നും അദ്ദേഹം വ്യക്തമാക്കി. പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയെയും അദ്ദേഹം വിമര്‍ശിച്ചു. ബംഗാളില്‍ ജനാധിപത്യം അപകടത്തിലാണെന്നും പ്രതിപക്ഷ സ്ഥാനാര്‍ഥികളും പ്രവര്‍ത്തകരും അവിടെ ആക്രമിക്കപ്പെടുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

മോദി വൃത്തികെട്ട രാഷ്ട്രീയം കളിക്കുന്നുവെന്നും മഹാസഖ്യം തകര്‍ക്കുവാനുള്ള എല്ലാ ശ്രമങ്ങളും മോദിയുടെ ഭാഗത്തു നിന്നുണ്ടായെന്നും ഇപ്പോള്‍ ദളിതരുടെ പേര് പറഞ്ഞു കൊണ്ട് മോദി മുതലക്കണ്ണീര്‍ ഒഴുക്കുകയാണെന്നും മോദിയുടെ അടുത്ത് ഭര്‍ത്താക്കന്‍മാര്‍ പോകുന്നതിനെ ബിജെപിയുടെ വനിതാ നേതാക്കള്‍ പോലും ഭയക്കുന്നുവെന്നും മോദിയുടെ വഴിയേ തങ്ങളെയും ഭര്‍ത്താക്കന്‍മാര്‍ ഉപേക്ഷിക്കുമോ എന്നാണ് അവരുടെ ഭയമെന്നുമായിരുന്നു മായാവതി ആരോപണം ഉന്നയിച്ചത്.

അതേസമയം, ആല്‍വാര്‍ ബലാത്സംഗക്കേസില്‍ മായാവതിക്കെതിരെ നരേന്ദ്ര മോദി കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. കോണ്‍ഗ്രസ് സര്‍ക്കാരിനെ അനുകൂലിക്കുന്ന മായാവതി മുതലക്കണ്ണീരൊഴുക്കുകയാണെന്നായിരുന്നു മോദി ആഞ്ഞടിച്ചത്. സംഭവത്തെ ഗൗരവമായി കാണുന്നുണ്ടെങ്കില്‍ രാജസ്ഥാനിലെ കോണ്‍ഗ്രസ് സര്‍ക്കാരിനുള്ള പിന്തുണ മായാവതി പിന്‍വലിക്കണമെന്നും മോദി പറഞ്ഞിരുന്നു.

Top