ആദ്യ വാര്‍ത്താ സമ്മേളനത്തില്‍ മൗനിയായി മോദി. . .ട്രോളുമായി ‘ദ ടെലഗ്രാഫ്’ പത്രം

modi

ന്യൂഡല്‍ഹി: പ്രധാനമന്ത്രിയായ ശേഷം നരേന്ദ്രമോദി നടത്തിയ ആദ്യത്തെ വാര്‍ത്താ സമ്മേളനത്തെ ട്രോളി ‘ദ ടെലഗ്രാഫ്’ പത്രം.

ആദ്യമായി മാധ്യമങ്ങള്‍ക്ക് മുന്നില്‍ എത്തിയ മോദി മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയാതിരുന്നതും പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷായെ കൊണ്ട് സംസാരിപ്പിച്ചതും മുന്‍നിര്‍ത്തി കൊണ്ടാണ് ‘ദ ടെലഗ്രാഫി’ന്റെ ട്രോള്‍.

പ്രധാനമന്ത്രിയായി 1,817 ദിവസങ്ങള്‍ക്ക് ശേഷം നടന്ന മോദിയുടെ ആദ്യ പത്ര സമ്മേളനത്തിലെ പ്രസക്തമായ ഭാഗങ്ങള്‍ എന്ന പേരില്‍ മോദിയുടെ വിവിധ ഭാവങ്ങളും കൂടെ ചേര്‍ത്തു കൊണ്ടാണ് പത്രം ട്രോളിയിരിക്കുന്നത്. 52ാം മിനിറ്റില്‍ എല്ലാവര്‍ക്കും വളരെ നന്ദി എന്ന് പറഞ്ഞ് കൊണ്ട് മോദിയും അമിത് ഷായും വാര്‍ത്താ സമ്മേളനം അവസാനിപ്പിച്ചു എന്നും പത്രം ഒടുവില്‍ കുറിച്ചിട്ടുണ്ട്.

ഭാവിയില്‍ പ്രധാനമന്ത്രി ഏതെങ്കിലും പത്ര സമ്മേളനത്തില്‍ പങ്കെടുത്തു കൊണ്ട് ചോദ്യങ്ങള്‍ക്ക് മറുപടി പറഞ്ഞാല്‍ അത് രേഖപ്പെടുത്തുവാന്‍ സ്ഥലം ഒഴിച്ചിടുന്നു എന്ന പേരില്‍ താഴെയായി ഒഴിച്ചിട്ട കോളവും പത്രത്തില്‍ ഉള്‍പ്പെടുത്തിയിരുന്നു.

ഇതിനെല്ലാം പുറമേ, ഈ വാര്‍ത്തയുടെ താഴെയായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ വാര്‍ത്താ സമ്മേളനം സംബന്ധിച്ചും കൊടുത്തിട്ടുണ്ട്. എന്നാല്‍ അതിന് നല്‍കിയിരിക്കുന്ന തലക്കെട്ടും രസകരം തന്നെയാണ്. ‘രാഹുല്‍ ചോദ്യങ്ങള്‍ക്ക് ഉത്തരങ്ങള്‍ പറഞ്ഞു’ ( ‘രാഹുല്‍ ആന്‍സേഴ്‌സ് ക്വസ്റ്റ്യന്‍സ്’ ) എന്നാണ് ആ തലക്കെട്ട് നല്‍കിയിരിക്കുന്നത്. അവിടെയും മോദിയെ പരോക്ഷമായി തന്നെ പത്രം വിമര്‍ശിച്ചിരിക്കുകയാണ്.

Top