ആദ്യ മന്ത്രിസഭാ യോഗം അഞ്ചു മണിക്ക്; വകുപ്പുകളില്‍ തീരുമാനം ഇന്ന് ഉണ്ടായേക്കും. . .

ന്യൂഡല്‍ഹി: നരേന്ദ്രമോദി മന്ത്രിസഭയില്‍ അധികാരമേറ്റ പുതിയ മന്ത്രിമാരുടെ വകുപ്പുകള്‍ സംബന്ധിച്ച് ഇന്ന് തീരുമാനം ഉണ്ടായേക്കും. അമിത് ഷായ്ക്ക് പ്രധാനപ്പെട്ട വകുപ്പ് തന്നെയായിരിക്കും ലഭിക്കുക.

രാജ്നാഥ് സിങ്, നിര്‍മ്മല സീതാരാമന്‍, പിയൂഷ് ഗോയല്‍, സ്മൃതി ഇറാനി തുടങ്ങിയവര്‍ക്കും പുതിയ മന്ത്രിസഭയില്‍ സുപ്രധാന വകുപ്പുകള്‍ തന്നെയാവും വഹിക്കുക. ധനവകുപ്പ് അമിത് ഷായ്ക്ക് നല്‍കുമെന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തേതു പോലെ രാജ്നാഥ് സിങ് ആഭ്യന്തരവകുപ്പും നിര്‍മലാ സീതാരാമന്‍ പ്രതിരോധവകുപ്പും കൈകാര്യം ചെയ്യുമെന്നാണ് കരുതുന്നത്.

പുതിയതായി മന്ത്രിസഭയിലെത്തിയ മുന്‍ വിദേശകാര്യ സെക്രട്ടറി എസ്. ജയ്ശങ്കര്‍ക്ക് വിദേശകാര്യ വകുപ്പ് ലഭിക്കാനും സാധ്യതയുണ്ട്. വാണിജ്യ മന്ത്രാലത്തിന്റെ ചുമതലയും രവിശങ്കര്‍ പ്രസാദിന് ലഭിച്ചേക്കും.

കഴിഞ്ഞ മന്ത്രിസഭയില്‍ ഉണ്ടായിരുന്ന 10 മന്ത്രിമാര്‍ പുതിയ മന്ത്രിസഭയില്‍ ഇല്ല. ധനമന്ത്രിയായിരുന്ന അരുണ്‍ ജയ്റ്റ്ലി, വിദേശ കാര്യമന്ത്രിയായിരുന്ന സുഷമാ സ്വരാജ് എന്നിവരും പുതിയ മന്ത്രിസഭയില്‍ ഇല്ല. ഇന്ന് ഉച്ചയോടെ മന്ത്രിമാരുടെ വകുപ്പുകള്‍ സംബന്ധിച്ച പട്ടിക പുറത്തു വിടുമെന്നാണ് സൂചന. വൈകുന്നേരം അഞ്ചു മണിക്ക് പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ആദ്യ മന്ത്രിസഭാ യോഗവും ചേരും.

Top