മോദി 2.0; മന്ത്രിസഭയിലെ വകുപ്പുകളില്‍ തീരുമാനമായി, ആഭ്യന്തരം അമിത്ഷായ്ക്ക്

ന്യൂഡല്‍ഹി: നരേന്ദ്രമോദി മന്ത്രിസഭയില്‍ അധികാരമേറ്റ പുതിയ മന്ത്രിമാരുടെ വകുപ്പുകള്‍ സംബന്ധിച്ച് തീരുമാനമായി. അമിത് ഷായ്ക്ക് ആഭ്യന്തരവകുപ്പിന്റെ ചുമതല നല്‍കി. രാജ്‌നാഥ് സിങ്ങിനാണ് പ്രതിരോധ വകുപ്പിന്റെ ചുമതല. നിര്‍മ്മല സീതാരാമന്‍ ധനമന്ത്രിയാകും.

ജയശങ്കറിന് വിദേശകാര്യവും പീയുഷ് ഗോയലിന് റെയില്‍വേ വാണിജ്യം തുടങ്ങിയ വകുപ്പുകളുമാണ് നല്‍കിയിരിക്കുന്നത്. സമൃതി ഇറാനിയ്ക്ക് വനിതാ, ശിശുക്ഷേമം, ടെക്‌സ്റ്റൈല്‍സ് തുടങ്ങിയവയുടെ ചുമതല നല്‍കി.

നിധിന്‍ ഗഡ്കരിക്കാണ് ഗതാഗതവകുപ്പിന്റെ ചുമതല, സദാനന്ദഗൗഡയ്ക്ക് രാസവളവകുപ്പാണ് നല്‍കിയിരിക്കുന്നത്. രാം വിലാസ് പസ്വാന്‍ ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രിയാകും. പ്രകാശ് ജാവദേക്കറിന് പരിസ്ഥിതി, വനം, വാര്‍ത്താവിനിമയ വകുപ്പുകളാണ് നല്‍കിയിരിക്കുന്നത്. രമേഷ് പൊക്രിയാല്‍ മാനവവിഭവശേഷി മന്ത്രിയാകും.

തവര്‍ ചന്ദ് ഗഹ്‌ലോട്ട് സാമൂഹ്യനീതിയും ക്ഷേമവും കൈകാര്യം ചെയ്യും. ധര്‍മ്മേന്ദ്ര പ്രധാനാണ് പെട്രോളിയം വകുപ്പിന്റെ ചുമതല. രവി ശങ്കര്‍ പ്രസാദ് നിയമം, ഐടി എന്നിവ കൈകാര്യം ചെയ്യും.

നരേന്ദ്ര സിംഗ് തോമറിന് കൃഷി , ഗ്രാമവികസന വകുപ്പുകള്‍ എന്നിവ നല്‍കി. കിരണ്‍ റിജിജു കായികമന്ത്രിയാകും. ന്യൂനപക്ഷക്ഷേമവകുപ്പും കിരണ്‍ റിജിജുവിനാണ്. പ്രഹ്ലാദ് ജോഷി പാര്‍ലമെന്ററികാര്യമന്ത്രിയാകും. ഹര്‍ഷവര്‍ധനാണ് ആരോഗ്യമന്ത്രി. ഹര്‍ദീപ് സിംഗ് പുരി വ്യോമയാന സഹമന്ത്രിയാകും. അനുരാഗ് താക്കൂര്‍ ധനവകുപ്പില്‍ സഹമന്ത്രിയാകും.

ഗിരിരാജ് സിംഗിനാണ് മൃഗസംരക്ഷണത്തിന്റെ ചുമതല. മത്സ്യബന്ധന വകുപ്പും ഗിരിരാജ് സിംഗിന് നല്‍കിയിട്ടുണ്ട്. റാവു ഇന്ദര്‍ജിത്ത് സിംഗിന് ഭരണനിര്‍വഹണം, ആസൂത്രണം എന്നിവ നല്‍കി. ശ്രീപദ് നായിക്കിന് ആയുര്‍വേദം, യോഗ, യുനാനി, ഹോമിയോ വകുപ്പുകള്‍ നല്‍കി.

കേരളത്തില്‍ നിന്ന് മന്ത്രിസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട വി മുരളീധരന് വിദേശകാര്യ, പാര്‍ലമെന്ററി വകുപ്പുകളില്‍ സഹമന്ത്രിസ്ഥാനമാണ് ലഭിച്ചിരിക്കുന്നത്. 25 മന്ത്രിമാര്‍ക്കാണ് 58 അംഗമന്ത്രിസഭയില്‍ ക്യാബിനറ്റ് റാങ്ക് നല്‍കിയിരിക്കുന്നത്. 24 സഹമന്ത്രിമാരും, സ്വതന്ത്രചുമതലയുള്ള 9 പേരും കേന്ദ്രമന്ത്രിസഭയിലുണ്ട്.

ഇന്ന് വൈകുന്നേരം അഞ്ചു മണിക്ക് പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ആദ്യ മന്ത്രിസഭാ യോഗം ചേരാനും തീരുമാനമായിട്ടുണ്ട്.

വ്യാഴാഴ്ച സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റതിന് ശേഷം സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കാനെത്തിയ കിര്‍ഗിസ്ഥാന്‍ പ്രസിഡന്റ് സൂരോണ്‍ബെ ജീന്‍ബെകോവുമായി കൂടിക്കാഴ്ച നടത്തി കൊണ്ട് തന്റെ ഔദ്യോഗിക ഉത്തരവാദിത്വങ്ങളിലേക്ക് മോദി വീണ്ടും പ്രവേശിച്ചിരിക്കുകയാണ്.

പ്രധാനമന്ത്രി വെള്ളിയാഴ്ച ബംഗ്ലാദേശ് പ്രസിഡന്റ് മുഹമ്മദ് അബ്ദുള്‍ ഹമീദ്, ശ്രീലങ്കന്‍ പ്രസിഡന്റ് മൈത്രിപാല സിരിസേന, മൗറിഷ്യസ് പ്രധാനമന്ത്രി പ്രവിന്ദ് കുമാര്‍ ജഗ്നൗത്, നേപ്പാള്‍ പ്രധാനമന്ത്രി കെ പി ശര്‍മ ഒലി, ഭൂട്ടാന്‍ പ്രധാനമന്ത്രി ലോട്ടായ് ഷെറിങ് എന്നിവരുമായി കൂടിക്കാഴ്ച നടത്തും. രാവിലെ 10.30 നും 11 50 നും ഇടയ്ക്കാണ് കൂടിക്കാഴ്ചയ്ക്കുള്ള സമയം നിശ്ചയിച്ചിരിക്കുന്നത്.

മോദി രണ്ടാമതും അധികാരമേറ്റ സത്യപ്രതിജ്ഞാച്ചടങ്ങില്‍ പങ്കെടുക്കാന്‍ വിവിധ രാഷ്ട്രത്തലവന്മാരും രാഷ്ട്രീയ രംഗത്തെ പ്രമുഖരും സാമൂഹിക-സാംസ്‌കാരിക രംഗത്തെ പ്രമുഖരും എത്തിച്ചേര്‍ന്നിരുന്നു. 58 മന്ത്രിമാരാണ് പ്രധാനമന്ത്രിക്കൊപ്പം സത്യപ്രതിജ്ഞ ചെയ്തത്.

Top