മോദിയും അമിത് ഷായും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നു;സോണിയ ഗാന്ധി

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ സോണിയ ഗാന്ധി. സാമ്പത്തിക തകര്‍ച്ചയടക്കം രാജ്യം നേരിടുന്ന പ്രതിസന്ധികള്‍ മറച്ചുവയ്ക്കാന്‍ മോദിയും അമിത് ഷായും വിഭജന രാഷ്ട്രീയം കളിക്കുകയാണെന്ന് സോണിയ കുറ്റപ്പെടുത്തി. പ്രതിപക്ഷ നേതൃയോഗത്തിലായിരുന്നു സോണിയയുടെ പരാമര്‍ശം.

അടിച്ചമര്‍ത്തലിന്റെ ഭരണമാണ് മോദിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ നടത്തുന്നത്. പാരത്വ ഭേദഗതി, എന്‍ആര്‍സി വിഷയങ്ങളില്‍ പ്രതിഷേധങ്ങള്‍ ശക്തമായിട്ടും ഇത് പരിഹരിക്കുന്നതിന് വേണ്ട ഒരു നടപടിയും സ്വീകരിക്കുന്നില്ല. ഉത്തര്‍പ്രദേശിലേയും ഡല്‍ഹിയിലേയും പോലീസിന്റെ നടപടികള്‍ നടുക്കുന്നതും വിഭാഗീയവുമാണെന്നും സോണിയ പറഞ്ഞു.

പൗരത്വ നിയമത്തിനെതിരായ പ്രക്ഷോഭങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ കോണ്‍ഗ്രസ് വിളിച്ച യോഗത്തില്‍ 20 പാര്‍ട്ടികളുടെ നേതാക്കള്‍ പങ്കെടുത്തു. എന്നാല്‍ ഡിഎംകെയും ആംആദ്മി പാര്‍ട്ടിയും ബിഎസ്പിയും ശിവസേനയും തൃണമൂല്‍ കോണ്‍ഗ്രസും വിട്ടുനിന്നു. ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സാഹചര്യത്തില്‍ കോണ്‍ഗ്രസുമായി സഹകരിക്കുന്നത് ദോഷം ചെയ്യുമെന്ന വിലയിരുത്തലാണ് ആംആദ്മി പാര്‍ട്ടിക്കുള്ളത്.

Top