ന്യൂഡല്‍ഹി: ജനങ്ങളുടെ പ്രാദേശിക അഭിലാഷങ്ങള്‍ പരിഹരിക്കുന്നതിന് ഡല്‍ഹിയില്‍ സംഘടന പുനര്‍നിര്‍മിക്കുകയല്ലാതെ മറ്റൊരു മാര്‍ഗവുമില്ലെന്ന് ആര്‍എസ്എസ്. 2015ന് ശേഷം സംഘടനയെ അടിത്തട്ടില്‍ പുനരുജ്ജീവിപ്പിക്കുന്നതില്‍ ബിജെപി പരാജയപ്പെട്ടിരുന്നു. തെരഞ്ഞെടുപ്പിന്റെ അവസാന ഘട്ടത്തില്‍ പ്രചരണത്തിലെ പോരായ്മകളാണ് തോല്‍വിക്ക് കാരണമെന്നും ആര്‍എസ്എസ് മുഖപത്രമായ ഓര്‍ഗനൈസറില്‍ പറയുന്നു.
നിയമസഭാ തെരഞ്ഞെടുപ്പില്‍ നരേന്ദ്ര മോദിക്കും അമിത് ഷായ്ക്കും എല്ലായ്‌പ്പോഴും സഹായിക്കാനാവില്ല. 40 ലക്ഷം പേര്‍ക്ക് പ്രയോജനം ലഭിക്കുന്ന 1700 അനധികൃത കോളനികള്‍ നിയമവിധേയമാക്കാമെന്ന വാഗ്ദാനം ജനങ്ങളിലേക്കെത്തിക്കാനായില്ലെന്നും ഓര്‍ഗനൈസറില്‍ പറയുന്നു. സമീപകാലത്തെ ഏറ്റവും വലിയ പ്രചാരണമാണ് ഡല്‍ഹിയില്‍ ബിജെപി നടത്തിയിരുന്നത്. അമിത് ഷാ നേരിട്ട് നേതൃത്വം നല്‍കിയ പ്രചാരണത്തില്‍ 260 ഓം എംപിമാരും മറ്റു സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുടക്കം ക്യാമ്പ് ചെയ്ത് പങ്കാളികളായിരുന്നു.